ഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 13 ലക്ഷം കവിഞ്ഞു; വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം.

ന്യൂ ഡൽഹി: ഇന്ത്യൻ നിരത്തുകളിൽ ഓടുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 13.34 ലക്ഷം കവിഞ്ഞുവെന്ന് ഘനവ്യവസായ സഹമന്ത്രി കൃഷൻ പാൽ ഗുർജാർ പറഞ്ഞു. ഇന്ത്യയിൽ വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി നടപടികളാണ് കേന്ദ്രം കൈക്കൊണ്ടിരിക്കുന്നതെന്ന് ലോക്‌സഭയിൽ അദ്ദേഹം വ്യക്തമാക്കി.

ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്നും 5 ശതമാനമായി കുറച്ചിട്ടുണ്ട്. വാഹനങ്ങൾക്കാവശ്യമായ ചാർജറുകൾ, ചാർജിംഗ് സ്റ്റേഷനുകൾ എന്നിവയുടെയും ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിരിക്കുകയാണ്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് ഗ്രീൻ ലൈസൻസ് പ്ലേറ്റുകൾ നൽകുമെന്നും പെർമിറ്റ് ആവശ്യകതകളിൽ നിന്ന് ഒഴിവാക്കുമെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) അറിയിച്ചിട്ടുണ്ട്.

ബാറ്ററിയുടെ വില കുറയുന്നത് വൈദ്യുത വാഹനങ്ങളുടെ വില കുറയുന്നതിന് കാരണമാകും. ബാറ്ററികളുടെ വില കുറയ്‌ക്കുന്നതിനായി രാജ്യത്ത് അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ (ACC) നിർമ്മിക്കുന്നതിനുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതിക്ക് 2021 മെയ് 12-ന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. 25,938 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ അഞ്ച് വർഷത്തേക്ക് 2021 സെപ്റ്റംബർ 15-ന് അംഗീകരിച്ച ഓട്ടോമൊബൈൽ, ഓട്ടോ ഘടകങ്ങളുടെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതിക്ക് കീഴിൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുന്നു. ഫോസിൽ ഇന്ധനങ്ങളിലുള്ള ആശ്രിതത്വം കുറയ്‌ക്കുവാനും വാഹനങ്ങൾ പുറന്തള്ളുന്ന മലിനീകരണങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് 2015 -ൽ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ (FAME India) പദ്ധതി സർക്കാർ അവതരിപ്പിച്ചിരുന്നു. നിലവിൽ, 10,000 കോടി രൂപയുടെ ബജറ്റിന്റെ പിന്തുണയോടെ 2019 ഏപ്രിൽ 1 മുതൽ 5 വർഷത്തേക്ക് ഫെയിം ഇന്ത്യ സ്കീമിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കി വരികയാണ്.

ഓസ്‌ട്രേലിയയിൽ ഇവി വിപ്ലവം ശക്തി പ്രാപിക്കുന്നു.