സംവിധായകനായി മോഹൻലാൽ; ബറോസ് മേക്കിങ് വിഡിയോ പുറത്തിറങ്ങി.

സംവിധായകനായി മോഹൻലാൽ; ബറോസ് മേക്കിങ് വിഡിയോ പുറത്തിറങ്ങി.

മോഹൻലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ആദ്യ ചിത്രമായ ബറോസിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. പോർച്ചുഗീസ് പശ്ചാത്തലത്തിലുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതമായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. 400 വർഷങ്ങളായി നിധിക്ക് കാവലിരുന്ന ബറോസ് യഥാർത്ഥ അവകാശിയെ കാത്തിരിക്കുകയാണ്. ഒരു ഇന്റർനാഷണൽ പ്ലാറ്റഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത് എന്നും അൺയൂഷ്വൽ ആയിട്ടുള്ള സിനിമയായിരിക്കും ‘ബറോസ്’ എന്നും സംവിധായകനായ മോഹൻലാൽ പറഞ്ഞു.

2019ൽ പ്രഖ്യാപിച്ച ബറോസ് മോഹൻലാലിന്റെ സ്വപ്ന പ്രൊജക്ടാണ്. രാജ്യാന്തര സിനിമകളോട് കിടപിടച്ച് നിൽക്കുന്ന മേക്കിംഗും രീതിയുമാണ് ബറോസിലേത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നെങ്കിലും കൊറോണ മൂലം മാറ്റിവെയ്‌ക്കുകയായിരുന്നു. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ ശേഷമാണ് ചിത്രീകരണം വീണ്ടും ആരംഭിച്ചത്. കൊച്ചിയും ഗോവയുമാണ് പ്രധാന ലൊക്കേഷനുകൾ. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോ പുന്നൂസാണ് ബറോസിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. വിദേശ നടി പാസ് വേഗ, ഗുരു സോമസുന്ദരം എന്നിവർ ചിത്രത്തിന്റെ ഭാഗമാണ്.