
ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ നാലാം റൗണ്ട് വോട്ടിങ്ങിലും ഇന്ത്യൻ വംശജനായ ഋഷി സുനക് മുൻപിൽ. 118 വോട്ടുകളുമായാണ് അദ്ദേഹം മുന്നിലെത്തിയത്. ബോറിസ് ജോൺസന്റെ പിൻഗാമിയായി പ്രധാനമന്ത്രി സ്ഥാനത്തെത്താൻ മുൻ ധനമന്ത്രി കൂടിയായ ഋഷി സുനകിന് ഇതോടെ സാധ്യതയേറി. മൂന്നാം റൗണ്ടിൽ 115 ആയിരുന്നു വോട്ട് വിഹിതമെങ്കിൽ നാലാം റൗണ്ടിൽ മികച്ച ലീഡോടെ അത് 118 ആയി വർദ്ധിച്ചു. വ്യാപാര മന്ത്രി പെന്നി മൊർഡോന്റിന് 92 വോട്ടും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിന് 86 വോട്ടും ലഭിച്ചു.
എംപിമാർക്കിടയിലെ അവസാന വോട്ടെടുപ്പ് ഇന്നു നടക്കും. ഏറ്റവും കുറവ് വോട്ടുനേടുന്നയാൾ പുറത്താകും. മത്സരരംഗത്ത് 2 പേർ മാത്രം ശേഷിക്കും. തുടർന്നു കൺസർവേറ്റിവ് പാർട്ടി അംഗങ്ങൾക്കിടയിൽ പോസ്റ്റൽ ബാലറ്റ് വഴി വോട്ടെടുപ്പു നടത്തി പാർട്ടി നേതാവും അങ്ങനെ പ്രധാനമന്ത്രിയുമാകുന്നയാളെ കണ്ടെത്തും.
അഴിമതിയിൽ പെട്ട് ബോറിസ് ജോൺസന്റെ മന്ത്രിസഭയിലെ മന്ത്രിമാരുടെ രാജിയാണ് അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനമൊഴിയാൻ നിർബന്ധിതനാക്കിയത്. തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം ആരംഭിച്ചു. എന്നാൽ സുനകിന് പിന്തുണ നൽകരുതെന്നാണ് ബോറിസ് ജോൺസൺ തന്റെ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടത്. ഇതിനായി വംശീയ വിദ്വേഷ പ്രചാരണവും ബോറിസ് ജോൺസൺ നടത്തിയിരുന്നു.
പഞ്ചാബിലാണ് ഋഷി സുനക്കിന്റെ കുടുംബ വേരുകൾ. പഞ്ചാബിൽ ജനിച്ച്, തുടക്കത്തില്‍ കിഴക്കൻ ആഫ്രിക്കയിലേക്കും അവിടെനിന്ന് ബ്രിട്ടനിലേക്കും കുടിയേറിയവരാണ് ഋഷിയുടെ പൂർവികർ. ഋഷിയുടെ മാതാപിതാക്കൾ ഉഷയും യശ്‌വീരും ബ്രിട്ടനിലാണു ജനിച്ചത്. ഇവരുടെ മൂത്തമകനായി 1980 മേയ് 12-നാണ് ജനന. ഋഷിയുടെ ഭാര്യ ഇന്ത്യൻ ഐടി മേഖലയിലെ തലതൊട്ടപ്പനായ, ഇൻഫോസിസ് സ്ഥാപകരിലാരാളായ എൻ.ആർ നാരായണ മൂർത്തിയുടെ മകളാണ്.