
സ്കൂട്ടർ വിപണിയിലെ ഇലക്ട്രിക് വിപ്ലവമായിരുന്നു ഓല സ്കൂട്ടർ. സ്കൂട്ടറിന് പിന്നാലെ പാസഞ്ചർ കാർ വിപണിയിലും വലിയ മാറ്റങ്ങൾ വരുത്താൻ ഇലക്ട്രിക് കാറുമായി ഓല എത്തുന്നു. കമ്പനി അവതരിപ്പിക്കാനിരിക്കുന്ന ഇലക്ട്രിക് കാറുകളുടെ ഒരു ടീസർ ഓല സിഇഒ ഭവിഷ് അഗർവാള്‍ ട്വിറ്റ് ചെയ്തുവെന്നാണ് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടിലെ കൃഷ്‍ണഗിരിയില്‍ സംഘടിപ്പിച്ച ഓല കസ്റ്റമര്‍ ഡേ പരിപാടിയിയിലാണ് കാറുകളെപ്പറ്റി ഓല പ്രഖ്യാപനം നടത്തിയതെന്നാണ് വിവരം.
ഓലയുടെ വരാനിരിക്കുന്ന സെഡാൻ മോഡൽ ഇലക്ട്രിക് കാറുകൾക്കെല്ലാം മനോഹരമായ മുൻ വശമാണ് നൽകിയിരിക്കുന്നത്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് കാറിന്. പരിപാടിയിൽ പ്രദർശിപ്പിച്ച കാറുകൾക്ക് യു ആകൃതിയിലുള്ള ഹെഡ് ലാമ്പുകൾ നൽകിയിരിക്കുന്നതോടൊപ്പം മദ്ധ്യഭാഗത്ത് വൃത്താകൃതിയിൽ എൽഇഡി ലൈറ്റും ഘടിപ്പിച്ചിരിക്കുന്നു. പിൻഭാഗം മുഴുവൻ നിറഞ്ഞു നിൽക്കുന്ന എൽഇഡി ടെയിൽ ലാംപുമുണ്ട്. പരിപാടിയിൽ പ്രദർശിപ്പിച്ച ടീസറിന്റെ വിവരങ്ങൾ അല്ലാതെ കാറുകളുടെ മറ്റ് വിശദാംശങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല. എന്നിരുന്നാലും, 2022 ഓഗസ്റ്റ് 15-ന് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് സിഇഒ ഭവിഷ് അഗർവാൾ സ്ഥിരീകരിച്ചിരിക്കുന്നത്.