ഓസ്ട്രേലിയയിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; വൈകിട്ടോടെ ഫലം അറിയാം.

ഓസ്ട്രേലിയയിൽ ഇലെക്ഷൻ പുരോഗമിക്കുന്നു; വൈകിട്ടോടെ ഫലം അറിയാം.

കാൻബെറ: ഓസ്ട്രേലിയയിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാജ്യത്തെ 151 അംഗ ജനപ്രതിനിധി സഭയിലേക്കും ഉപരിസഭയായ സെനറ്റിലെ പകുതിയിലേറെ സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ജനപ്രതിനിധി സഭയിൽ 76 സീറ്റു വിജയിക്കുന്നവരാകും മന്ത്രിസഭ രൂപീകരിക്കുക. ഓസ്‌ട്രേലിയൻ ഇലക്ടറൽ കമ്മീഷണറുടെ കണക്കനുസരിച്ച്, തിരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് പകുതിയോളം പേര് വോട്ട് ചെയ്തു. വോട്ട് അവകാശമുള്ള 17 ദശലക്ഷം വോട്ടർമാരിൽ 8 ദശലക്ഷം ആളുകൾ ഇന്ന് വോട്ട് ചെയ്യും. ബാക്കി ഉള്ളവർ വോട്ട് ചെയ്തു കഴിഞ്ഞു. ഇത് പുതിയ റെക്കോർഡ് ആണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇന്ന് ആറ് മണി വരെയാണ് വോട്ടെടുപ്പ്. ആറുമണിമുതൽ തന്നെ കൗണ്ടിംഗ് ആരംഭിക്കും.

മൂന്നു വർഷമാണ് ജനപ്രതിനിധി സഭയുടെ കാലാവധി. യാഥാസ്ഥിതികരെന്ന് വിളിക്കപ്പെടുന്ന ലിബറൽ‌–നാഷനൽ മുന്നണിയാണ് 76 സീറ്റുമായി നിലവിൽ ഭരിക്കുന്നത്. 2018 മുതൽ സ്കോട്ട് മോറിസൻ ആണ് പ്രധാനമന്ത്രി. 2018–ൽ പ്രധാനമന്ത്രിയായിരുന്ന മാൽക്കം ടേൺബുൾ സർക്കാരിനുള്ളിലെ പടലപ്പിണക്കങ്ങൾ മൂലം പടിയിറങ്ങിയപ്പോഴാണ് മോറിസൻ ഈ പദവിയിലെത്തുന്നത്. മോറിസൻ തന്നെയാണ് ഇത്തവണയും പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി. പ്രതിപക്ഷത്തുള്ള ലേബർ പാർട്ടിക്ക് 68 സീറ്റുണ്ട്. ബാക്കി ഏഴു സീറ്റുകൾ ചെറുപാർട്ടികളും സ്വതന്ത്രരും വീതംവച്ചിരുന്നു. ലേബർ പാർട്ടിയുടെ ആന്റണി അൽബനീസാണ് മോറിസന്റെ എതിരാളി. ഉപരിസഭയായ സെനറ്റിലാകട്ടെ, ഭരണമുന്നണിക്ക് 35 സീറ്റും ലേബർ പാർട്ടിക്ക് 26 സീറ്റുമുണ്ട്. ഇതിൽ 40 സീറ്റിലേക്കാണ് ഇപ്പോൾ തിരഞ്ഞെടുപ്പ്.