ശ്രീലങ്കയിൽ കലാപം; രാജിവെച്ച പ്രധാനമന്ത്രിയുടെ വീടിനു പ്രതിഷേധക്കാർ തീയിട്ടു.

ശ്രീലങ്കയിൽ കലാപം; രാജിവെച്ച പ്രധാനമന്ത്രിയുടെ വീടിനു പ്രതിഷേധക്കാർ തീയിട്ടു.

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാരിനെതിരെ ജനങ്ങൾ കലാപത്തിലേക്ക് നീങ്ങിയതോടെ ശ്രീലങ്ക അക്ഷരാർത്ഥത്തിൽ യുദ്ധക്കളമാകുകയാണ്. രാജിവെച്ച മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടേയും കെഗല്ലയിൽ എംപി മഹിപാല ഹെറാത്തിന്റേയും വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. രജപക്‌സെ അനുയായികളുമായി പോയ മൂന്ന് ബസുകൾ പ്രതിഷേധക്കാർ ആക്രമിച്ച് തകർത്തു. പ്രധാന പാതകളെല്ലാം പിടിച്ചെടുത്ത് പ്രതിഷേധക്കാർ സർക്കാർ അനുകൂലികളെ ആക്രമിക്കുകയാണെന്നാണ് കൊളംബോയിൽ നിന്നും പുറത്തുവരുന്ന വിവരം. പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മഹിന്ദ സ്വയം രാജിവെച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ആക്രമണം. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രസിഡന്റ് ഗോതബയ രാജപക്സെ മഹിന്ദയോട് രാജി ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശം അംഗീകരിക്കാൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ തയാറാവുകയായിരുന്നു. ചില മന്ത്രിമാരും പ്രസിഡന്റ് ഗോതബായയുടെ തീരുമാനത്തെ അനുകൂലിച്ചു. ഇതിന് പിന്നാലെയായിരുന്നു രാജി.

ആക്രമത്തിൽ ഒരു ഭരണക്ഷി എംപി കൊല്ലപ്പെട്ടു. വസതിയിലേക്ക് കാറിൽ മടങ്ങുകയായിരുന്ന എംപിയെ അക്രമാസക്തരായ ജനം വളഞ്ഞതോടെ അദ്ദേഹം ജനക്കൂട്ടത്തിന് നേരെ നിറയൊഴിക്കുകയും ഒരു കെട്ടിടത്തിലേക്ക് ഓടി കയറുകയുമായിരുന്നു. എന്നാൽ പിന്നാലെ ക്ഷുഭിതരായ ആയിരക്കണക്കിന് വരുന്ന ജനങ്ങൾ എത്തി കെട്ടിടം വളയുകയായിരുന്നു. തുടർന്ന് എംപി സ്വയം വെടിവെയ്‌ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ജനങ്ങൾ തോക്ക് ബലമായി പിടിച്ചുവാങ്ങി എംപിയെ കൊല്ലുകയായിരുന്നുവെന്നും ചില അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

രാജ്യമാകെ പോലീസ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. തലസ്ഥാനത്ത് കൂടുതൽ സൈന്യത്തെ ഇറക്കി. 1948-ൽ ബ്രിട്ടന്റെ അധീനതയിൽ നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണിത്. സർക്കാരിനെതിരായ പ്രതിഷേധമാണ് കലാപത്തിലേക്ക് നീങ്ങിയത്.