യുക്രെയ്ൻ – റഷ്യ സംഘർഷത്തിന് അയവില്ല; ഷെല്ലാക്രമണത്തിൽ 2 യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടു.

യുക്രെയ്ൻ – റഷ്യ സംഘർഷത്തിന് അയവില്ല; ഷെല്ലാക്രമണത്തിൽ 2 യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടു.

കീവ്: യുക്രെയ്ൻ – റഷ്യ സംഘർഷത്തിന് അയവില്ല. കിഴക്കൻ യുക്രെയ്നിൽ റഷ്യ അനുകൂല വിമതരുടെ നേതൃത്വത്തിലുള്ള ഷെല്ലാക്രമണത്തിൽ 2 സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ സേന അറിയിച്ചു. 4 സൈനികർക്കു പരുക്കേറ്റു. രണ്ടു ദിവസത്തിനിടെ രണ്ടു തവണയായി നടന്ന ഷെല്ലാക്രമണവും യുക്രെയ്ൻ വിമതരാണ് നടത്തിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സ്ഥിരീകരിച്ചു. നാറ്റോ സേനയുടേയും ലോകരാഷ്‌ട്രങ്ങളുടേയും സമ്മർദ്ദം നിലനിൽക്കേയാണ് യുക്രെയ്‌നെതിരെ റഷ്യ വിമതന്മാരെ ഉപയോഗിക്കുന്നത്.

യുക്രെയ്‌നിന്റെ ഭാഗമായിരിക്കെതന്നെ സ്വയംഭരണം പ്രഖ്യാപിച്ച ഡോൺസ്റ്റീക്,. ലുഹാൻസ്‌ക് മേഖലയിലെ വിമതന്മാരാണ് യുക്രെയ്ൻ സൈന്യത്തിന് നേരെ പോരാടുന്നത്. പൂർവ യുക്രെയ്നിൽ നിന്ന് ആറായിരത്തോളം പേരെ ഒഴിപ്പിച്ചു റഷ്യൻ പ്രദേശങ്ങളിലേക്കു മാറ്റി. ഡൊണെസ്കിലെ 7 ലക്ഷത്തോളം പൗരന്മാരോടു സ്ഥലംവിടാൻ ഒരുങ്ങിയിരിക്കാൻ വിമത ഭരണകൂടം അഭ്യർഥിച്ചു. ഡൊണെസ്ക് നഗരത്തിൽ വെള്ളിയാഴ്ച ഉണ്ടായ കാർ ബോംബ് സ്ഫോടനം ഭീതി വർധിപ്പിച്ചിട്ടുണ്ട്.

വിമത മേഖലകളിൽ 35 ലക്ഷത്തോളം ജനങ്ങളാണ് അധിവസിക്കുന്നത്. ഇതിൽ 7,20,000 പേർ റഷ്യൻ പൗരത്വം നേടിക്കഴിഞ്ഞു. 2014-ലാണ് രണ്ടു പ്രദേശങ്ങൾ റഷ്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

റഷ്യ കൂടുതൽ യുദ്ധ സാമഗ്രികൾ യുക്രെയ്ൻ അതിർത്തിയിലേക്കു നീക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. റഷ്യയുടെ ആക്രമണം ഏതു നിമിഷവും ആരംഭിച്ചേക്കാമെന്നും അതിന് അവസരമൊരുക്കാനാണു കിഴക്കൻ യുക്രെയ്നിലെ വിമതനീക്കമെന്നും ബൈഡൻ പറഞ്ഞു. ബെലാറൂസ്, ക്രൈമിയ, പടിഞ്ഞാറൻ റഷ്യ എന്നിവിടങ്ങളിൽ സൈനികനീക്കം നടക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ അമേരിക്ക പുറത്തുവിട്ടു.

യുക്രെയ്നെ ആക്രമിച്ചാൽ റഷ്യക്കെതിരെ യുഎസും സഖ്യകക്ഷികളും ഉപരോധം ഏർപ്പെടുത്തുമെന്ന് മ്യൂണിക്കിൽ സുരക്ഷാ സമ്മേളനത്തിനെത്തിയ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് മുന്നറിയിപ്പ് നൽകി. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിയർ സെലിൻസ്കിയുമായി അവർ കൂടിക്കാഴ്ച നടത്തി. റഷ്യയ്ക്ക് പിന്മാറാൻ ഇനിയും അവസരമുണ്ടെന്നു നാറ്റോ സെക്രട്ടറി ജനറൽ സ്റ്റോൾട്ടൻബർഗ് മുന്നറിയിപ്പു നൽകി. ഏതു സാഹചര്യവും നേരിടാൻ യുക്രെയ്ൻ തയാറാണെന്ന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയും അറിയിച്ചു.

ഇതിനിടെ, റഷ്യൻ ആണവസേനയുടെ അഭ്യാസം ഇന്ന് ബെലാറൂസിൽ നടക്കും. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഭൂഖണ്ഡാന്തര മിസൈലുകളുടെയും ക്രൂസ് മിസൈലുകളുടെയും പരീക്ഷണ വിക്ഷേപണം നടക്കുക. റഷ്യയുടെ സുരക്ഷാ ആവശ്യങ്ങളിൽ യുഎസ് മുൻകയ്യെടുത്തു വ്യക്തമായ ഉറപ്പ് ലഭിച്ചാലേ പിന്മാറൂ എന്ന കർശന നിലപാടിലാണ് പുടിൻ.

യുക്രെയ്ൻ: വീണ്ടും സൈനികാഭ്യാസവുമായി റഷ്യ; യുക്രെയ്നിൽ എപ്പോൾ വേണമെങ്കിലും റഷ്യ കടന്നുകയറാമെന്നു യുഎസ്.