യൂനിസ് കൊടുങ്കാറ്റ്: യു കെയിലും അയർലണ്ടിലും ദുരിതത്തിലായി ആയിരങ്ങൾ.

യൂനിസ് കൊടുങ്കാറ്റ്: യു കെയിലും അയർലണ്ടിലും ദുരിതത്തിലായി ആയിരങ്ങൾ.

ലണ്ടൻ: മണിക്കൂറിൽ നൂറുമൈലിനു മേൽ വേഗതയിൽ ആഞ്ഞടിച്ച യൂനിസ് കൊടുങ്കാറ്റ് യൂറോപ്പിൽ കനത്ത നാശ നഷ്ടങ്ങൾ ഉണ്ടാക്കി. യുകെയിൽ ഇന്നലെ രാവിലെ മുതൽ ആരംഭിച്ച കൊടുങ്കാറ്റിന് വൈകുന്നേരത്തോടെ ശക്തി കുറഞ്ഞെങ്കിലും ഇപ്പോഴും പലസ്ഥലങ്ങളിലും ആറുപതു മൈലിനു മുകളിൽ വേഗത്തിൽ കാറ്റു വീശുന്നുണ്ട്. അയർലൻഡിൽ മരംവീണ് ഒരാൾ മരിച്ചു. യു.കെ-യുടെ വിവിധ ഭാഗങ്ങളിലായി 20,000-ത്തോളം വീടുകളിൽ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടു. യൂനിസ് കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ നൂറുകണക്കിന് ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ വീശുന്ന ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റായ യൂനിസിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടണിൽ റെഡ് അലേട്ട് പ്രഖ്യാപിച്ചിരുന്നു.

റെയിൽ ഗതാഗതം പലസ്ഥലങ്ങളിലും നേരത്തെ തന്നെ നിർത്തിവച്ചിരുന്നു. ഹീത്രൂവിലും മാഞ്ചസ്റ്ററിലും വിമാനങ്ങൾ ലാൻഡ് ചെയ്യാൻ ബുദ്ധിമുട്ടി. ആഭ്യന്ത വിമാന സർവീസുകൾ പലതും നേരത്തെ റദ്ദാക്കിയിരുന്നു. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും സൗത്ത് വെയിൽസിലുമാണ് യൂനിസ് കൊടുങ്കാറ്റ് ശക്തമായി ആഞ്ഞു വീശിയത്. തീരപ്രദേശങ്ങളിലും കാറ്റ് കനത്ത നാശം വിതച്ചു. കാറ്റിനു പിന്നാലെ സ്കോട്ട്ലൻഡിലും നോർത്തേൺ അയർലൻഡിലും കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ട്.

ഈസ്റ്റ് ലണ്ടനിൻ മില്ലേനിയം 2000 സ്മാരകമായി നിർമിച്ച O2 അരീനയുടെ (മിലേനിയം ഡോം) മേൽക്കൂരയുടെ ഒരുഭാഗം കാറ്റിൽ പറന്നുപോയി. വെയിൽസിൽ നാൽപതിനായിരത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങി. നിരവധി കെട്ടിടങ്ങളുടെ മേൽക്കൂരയും ഗാൻഡൻ ഫെൻസുകളും കാറ്റിൽ നശിച്ചു. മരങ്ങളും കടപുഴകി. റെയിൽ പാളത്തിൽ മരം വീണതിനെത്തുടന്ന് ലണ്ടൻ നഗരത്തിലെ വാട്ടർലൂ സ്റ്റേഷനിലേക്കുള്ള ഏല്ലാ സർവീസുകളും ഉച്ചയ്ക്ക് നിർത്തി.

ഇന്നലെ രാത്രിയോടെ അയര്‍ലണ്ടില്‍ പ്രവേശിച്ച യൂനിസ് (Eunice) കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളം കനത്ത ജാഗ്രത തുടരുന്നു. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ വരെ എത്തിയേക്കാവുന്ന അതിശക്തമായ കാറ്റിനൊപ്പം, കനത്ത മഴയും സ്നോയും കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെങ്കിലും സ്വയം കരുതലെടുക്കാന്‍ ജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നു. യൂനിസ് കൊടുങ്കാറ്റിനെ തുടര്‍ന്ന് 55,000-ലധികം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇന്ന് രാവിലെ വൈദ്യുതി മുടങ്ങി. കെറി, കോര്‍ക്ക് എന്നിവിടങ്ങളിലെ മിക്ക സ്ഥലങ്ങളിലും പവര്‍ കട്ടുകള്‍ ഉണ്ടായി. മരങ്ങള്‍ ഒടിഞ്ഞു വീഴാനും, അപകടകരമായ ഡ്രൈവിംഗ് സാഹചര്യങ്ങളുള്ളതുമായ മേഖലകളില്‍ ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.