
മുംബൈ: ആഡംബര കപ്പലിൽ നടത്തിയ റെയ്‌ഡിൽ ബോളിവുഡ് താരത്തിന്റെ മകൻ ഉൾപ്പെടെ 10 പേർ പിടിയിൽ. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ കൂടാതെ, നടിയും മോഡലുമായ മുൻമുൻ ദാമേച്ച, അർബാസ് മെർച്ചന്റ് എന്നിവരെയും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം മൂവരെയും എൻസിബി ഓഫിസിൽ എത്തിച്ചു. നൂപുർ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്വാൾ, വിക്രാന്ത് ഛോകർ, ഗോമിത്ത് ചോപ്ര എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവർ. മുംബൈ തീരത്തെ പാർട്ടിക്കിടയിലാണ് സംഘത്തെ കസ്റ്റഡിയിൽ എടുത്തത്.
കപ്പലിൽനിന്ന് കൊക്കെയ്ൻ, ഹഷീഷ്, എംഡിഎഎ ഉൾപ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകൾ പിടിച്ചെടുത്തെന്ന് എൻസിബി അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോയ കപ്പലിൽ 100 പേരോളം ഉണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്ത കോർഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്. ഒക്ടോബർ രണ്ടു മുതൽ നാലു വരെയാണ് കപ്പലിൽ പാർട്ടി തീരുമാനിച്ചിരുന്നതെന്നാണ് വിവരം. സംഗീത പരിപാടി എന്ന എന്ന നിലയിലാണ് സംഘടിപ്പിച്ചത്.
അതിനിടെ ആര്യനെ അതിഥിയായിട്ടാണ് പാർട്ടിയിലേക്ക് ക്ഷണിച്ചതെന്ന് റിപ്പോർട്ടുകളും പുറത്തുവന്നു. പാർട്ടിയിൽ പ്രവേശിക്കാൻ ആര്യൻ പണം നൽകിയിട്ടില്ല. തന്റെ പേരുപയോഗിച്ചാണ് സംഘാടകർ മറ്റുള്ളവരെ ഇതിലേക്ക് ക്ഷണിച്ചതെന്ന് ആര്യൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്.
ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് പിടിയിലായവരെ കോടതിയിൽ ഹാജരാക്കി. പ്രതികളെ ഒരു ദിവസത്തേക്ക് കസ്റ്റഡിൽ വിട്ടു. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, നടിയും മോഡലുമായ മുൻമുൻ ദാമേച്ച എന്നിവരെയാണ് ഒക്ടോബർ 5 വരെ എൻസിബി കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. കേസിൽ തിങ്കളാഴ്ച്ച വീണ്ടും വാദം കേൾക്കും. കേസിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാനാവില്ലെന്ന് എൻസിബി സയറക്ടർ സമീർ വാങ്കഡേ പറഞ്ഞു. കേസിൽ രാഷ്‌ട്രീയക്കാരുടെ പങ്കിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള പ്രതികരണമായിട്ടാണ് ഡയറക്ടറുടെ പരാമർശം.