
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങളോട് വിട പറയാനുള്ള നീക്കത്തിലാണ് ലോകത്തിലെ ഭൂരിഭാഗം വാഹന നിര്‍മാതാക്കളും. വോള്‍വോ ഉള്‍പ്പെടെയുള്ള ആഡംബര വാഹന നിര്‍മാതാക്കള്‍ ഇത് സംബന്ധിച്ച പ്രഖ്യാപനവും നടത്തി കഴിഞ്ഞു. ഏറ്റവും ഒടുവില്‍ ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ ഫിയറ്റും ഇലക്ട്രിക്കിലേക്കുള്ള ചുവടുമാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്.
2025 മുതല്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിക്കുമെന്നാണ് ഫിയറ്റ് അറിയിച്ചിരിക്കുന്നത്. 2030-ഓടെ ഫിയറ്റില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമായിരിക്കും പുറത്തിറങ്ങുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സാധാരണ വാഹനങ്ങളുടെ വിലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നീക്കവും ഫിയറ്റ് നടത്തുമെന്നാണ് ഫിയറ്റ് സി.ഇ.ഒ. ഒലിവിയര്‍ ഫ്രാങ്കോയിസ് അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ആദ്യ ചുവടുവയ്പപ്പായി 500e എന്ന ഇലക്ട്രിക് കാര്‍ യൂറോപ്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണം കാര്യക്ഷമമാക്കുന്നതിന് മുന്നോടിയായി രണ്ട് ഇലക്ട്രിക് വാഹനങ്ങളുടെ പ്ലാറ്റ്‌ഫോം നിര്‍മിക്കാനൊരുങ്ങുകയാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് സ്വന്തമായി ഇ.വി. പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നത്. 2025-ഓടെ ഈ പ്ലാറ്റ്‌ഫോമുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് ഫോര്‍ഡ് പ്രതീക്ഷിക്കുന്നത്. പുതിയ പ്ലാറ്റ്‌ഫോമുകളുടെ നിര്‍മാണത്തിന് ശേഷം ഒമ്പത് ഇലക്ട്രിക് കാറുകള്‍ വിപണിയില്‍ എത്തിക്കാനാണ് ഫോര്‍ഡ് പദ്ധതി ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, വൈദ്യുത വാഹന പദ്ധതിയെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഫോര്‍ഡ് പുറത്തുവിട്ടിട്ടില്ല. ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഏറെ വൈകാതെ ഉണ്ടാകുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്ത വർഷത്തോടെ വൈദ്യുത വാഹന വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം). കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച വൈദ്യുത വാഹനങ്ങളായ ‘ഇ എക്സ് യു വി 300’, ‘ഇ കെ യു വി 100’ എന്നിവ അടുത്ത വർഷം വിൽപ്പനയ്ക്കെത്തിക്കാനാണു മഹീന്ദ്ര തയാറെടുക്കുന്നതെന്നു കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജുരികർ വെളിപ്പെടുത്തിയിരുന്നു. 2025-വരെ വൈദ്യുത വാഹന വ്യവസായത്തിൽ 3,000 കോടി രൂപയുടെ നിക്ഷേപത്തിനും കമ്പനി തയാറെടുക്കുന്നുണ്ട്. ഇതിൽ 1,700 കോടി രൂപയുടെ നിക്ഷേപം പൂർത്തിയാക്കിയ മഹീന്ദ്ര, 500 കോടി രൂപ ചെലവിൽ പുതിയ ഗവേഷണ, വികസന കേന്ദ്രം സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച, വൈദ്യുത നാലു ചക്ര യാത്രാവാഹനമായ ‘ആറ്റം’ ഇക്കൊല്ലം തന്നെ വിൽപനയ്ക്കെത്തിക്കാനും മഹീന്ദ്രയ്ക്കു പദ്ധതിയുണ്ട്.
വോള്‍വോ, ലാന്‍ഡ് റോവര്‍, ഹോണ്ട തുടങ്ങിയ നിരവധി കമ്പനികള്‍ അടുത്ത 15 വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുമെന്നാണ് റിപ്പോര്‍ട്ട്.