പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ്; ഉടമകള്‍ പിടിയില്‍; നടന്നത് 2000 കോടിയുടെ ഇടപാടുകൾ

പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ്; ഉടമകള്‍ പിടിയില്‍; നടന്നത് 2000 കോടിയുടെ ഇടപാടുകൾ

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് കേസിൽ സ്ഥാപന ഉടമകളായ റോയ് ഡാനിയലും ഭാര്യ പ്രഭ തോമസും ഇന്നലെ വൈകിട്ട് അഞ്ചരയോടെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ കീഴടങ്ങി. രണ്ടാഴ്ചയായി ഇവർ തിരുവല്ല ഇടിഞ്ഞില്ലത്തെ ലോഡ്ജിൽ ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ വെള്ളിയാഴ്ച ഡൽഹി വിമാനത്താവളത്തിൽ പിടിയിലായ മക്കൾ റിനു മറിയം തോമസ് (ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ), റിയ ആൻ തോമസ് (ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം) എന്നിവരെയും പത്തനംതിട്ട എസ്പി ഓഫിസിൽ എത്തിച്ചു. ചോദ്യം ചെയ്യൽ തുടരുകയാണ്. വിമാനമാർഗം ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് റിനുവിനെയും റിയയെയും ഡൽഹിയിൽനിന്നു കൊച്ചി വിമാനത്താവളത്തിലെത്തിച്ചത്. തുടർന്നു പത്തനംതിട്ടയ്ക്കു കൊണ്ടുവരികയായിരുന്നു. ഡൽഹിയിൽ നിന്നുള്ള വിമാനത്തിൽ ദുബായിലേക്കും അവിടെനിന്ന് ഓസ്ട്രേലിയയിലേക്കും കടക്കാനായിരുന്നു പദ്ധതി. പൊലീസ് പുറത്തിറക്കിയ തിരച്ചിൽ നോട്ടിസിന്റെ അടിസ്ഥാനത്തിൽ റിനുവിനെയും റിയയെയും വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞ ശേഷം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണെ വിവരം അറിയിച്ചു. തുടർന്ന് അദ്ദേഹം ഇരുവരെയും തടഞ്ഞു വയ്ക്കാൻ നിർദേശിക്കുകയായിരുന്നു.

പരാതി ഉയർന്നതോടെ ഒരു മാസം മുൻപാണ് റോയ് ഡാനിയൽ വീടുപൂട്ടി കുടുംബത്തോടൊപ്പം കടന്നത്. സംസ്ഥാനത്തെ വിവിധ ശാഖകളിലായി ആയിരക്കണക്കിന് ആളുകള്‍ കോടിക്കണക്കിന് പണമാണ് ഫിനാന്‍സില്‍ നിക്ഷേപിച്ചിട്ടുള്ളത്. 274 ശാഖകളിലായി ഏകദേശം 2000 കോടി രൂപയുടെ നിക്ഷേപമുള്ളതായാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുള്ളത്. അടുത്തകാലം വരെ പോപ്പുലർ ഫിനാൻസ് എന്ന പേരിലാണ് ഇടപാടുകാർക്ക് രേഖകളും രസീതുകളും നൽകിയിരുന്നത്. എന്നാൽ കുറെ മാസങ്ങളായി വിവിധ പേരിലാണ് രേഖകൾ നൽകുന്നത്. പോപ്പുലർ പ്രിന്റേഴ്സ്, പോപ്പുലർ ട്രേഡേഴ്സ്, പോപ്പുലർ എക്സ്പോർട്ടേഴ്സ്, മൈ പോപ്പുലർ മറൈൻ എന്നീ സ്ഥാപനങ്ങളുടെ പേരിലുള്ള രേഖകളാണ് നിക്ഷേപകർക്കു നൽകിയത്. പോപ്പുലർ ഫിനാൻസിന്റെ വിവിധ ശാഖകളിൽ പണം നിക്ഷേപിച്ചവർക്കും പുതുക്കി നൽകിയവർക്കുമാണ് വിവിധ സ്ഥാപനങ്ങളുടെ പേരിലുള്ള രേഖകൾ നൽകിയത്. ഒരു സ്ഥാപനത്തിലേക്കു വന്ന നിക്ഷേപം മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയിടുകയായിരുന്നുവെന്നും കരുതുന്നു. റോയിയുടെ മക്കളുടെ ഭർത്താക്കന്മാരുടെ പേരിലുള്ള വ്യവസായ സംരംഭങ്ങളിലേക്കും നിക്ഷേപം വകമാറ്റിയിരുന്നു. നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ നികുതി വകുപ്പും പരിശോധിക്കും.

അതിനിടെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു പ്രവർത്തനം സ്തംഭിച്ച പോപ്പുലർ ഫിനാൻസ്, സബ് കോടതിയിൽ പാപ്പർ ഹർജി ഫയൽ ചെയ്തു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി അടുത്ത മാസം ഏഴിനു കേസ് വീണ്ടും പരിഗണിക്കും. പോപ്പുലർ ഫിനാൻസ്, പോപ്പുലർ എക്സ്പോർട്സ്, പോപ്പുലർ ഡീലേഴ്സ്, മാനേജിങ് പാർട്നർ തോമസ് ഡാനിയേൽ, പോപ്പുലർ മിനി ഫിനാൻസ്, പോപ്പുലർ പ്രിന്റേഴ്സ് എന്നീ പേരിലാണ് പാപ്പർ ഹർജി നൽകിയത്. ഹർജി കോടതി അംഗീകരിച്ചാൽ രാജ്യത്തെ നിയമ നടപടികളിൽ നിന്ന് സ്ഥാപന ഉടമകൾക്ക് സംരക്ഷണം ലഭിക്കും. സ്ഥാപനത്തിന്റെ സ്വത്തുവകകൾ ജപ്തി ചെയ്തു നിക്ഷേപകർക്ക് കോടതി വഴി തുക വിതരണം ചെയ്യും.

പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാന്‍ പത്തനംതിട്ട എസ്പി കെ ജി സൈമണിന്റെ നേതൃത്വത്തില്‍ 25 പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഭക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. വിദേശരാജ്യങ്ങളിലടക്കം സാമ്പത്തിക തട്ടിപ്പില്‍ ഇടപാടുകള്‍ നടന്നിട്ടുളളതിനാല്‍ ഇന്റര്‍പോളിന്റെ സഹായവും പോലീസ് തേടുന്നുണ്ട്.