കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഈ വര്‍ഷത്തെ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണാധികാരികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഈ വര്‍ഷത്തെ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം. പൂക്കളമൊരുക്കാൻ അതത് പ്രദേശത്തെ പൂക്കൾ ഉപയോഗിക്കുന്ന നിലയുണ്ടാകണം. പുറത്ത് നിന്നും കൊണ്ടു വരുന്ന പൂക്കള്‍ രോഗ സാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍ ആണ് ഇങ്ങനെയൊരു നിർദ്ദേശം. സംസ്ഥാന അതിര്‍ത്തിയില്‍ അവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കി ജാഗ്രത പാലിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണാഘോഷത്തിനോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള തിരക്കിലും കടകളില്‍ വരുന്നവരും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. പൊതുസ്ഥലങ്ങളില്‍ ആഘോഷം അനുവദിക്കരുത്. കടകളുടെ പ്രവര്‍ത്തി സമയം രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണിവരെയായിരിക്കും. രോഗ വ്യാപന സാധ്യത കൂടുന്ന ഒരു കാര്യവും അനുവദിക്കരുതെന്നും ഇക്കാര്യം പൊലീസ് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. നല്ല നിലയിലുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. ഇപ്പോള്‍ മരണ നിരക്ക് പിടിച്ചു നിര്‍ത്താന്‍ കഴിയുന്നുണ്ട്. എന്നാല്‍ രോഗ വ്യാപനം വലിയ തോതില്‍ വര്‍ധിക്കുകയാണെങ്കില്‍ മരണ നിരക്ക് കൂടും. ഇത് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. വാര്‍ഡുതല സമിതികള്‍ ഫലപ്രമായി പ്രവര്‍ത്തിപ്പിക്കണം.

കലക്ടര്‍മാര്‍, പൊലീസ് മേധാവികള്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍ എന്നിവരുമായാണു മുഖ്യമന്ത്രി സംസാരിച്ചത്. മന്ത്രിമാരായ കെ.കെ.ശൈലജ, ഇ.ചന്ദ്രശേഖരന്‍, എ.സി.മൊയ്തീന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.