മെല്‍ബണ്‍ :മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിനു കീഴിലുള്ള ഓസ്ട്രേലിയ, ന്യൂസിലണ്ട്, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ സഭാ വിശ്വാസികളുടെ സംഗമം മെല്‍ബണില്‍ (Lady Northcote Recreation Camp, Glenmore, Rowsley, Melbourne) നടത്തപ്പെട്ടു. ജനുവരി 17 വ്യാഴാഴ്ച സന്ധ്യാനമസ്കാരത്തോടെ ആരംഭിച്ച സംഗമം കുട്ടികളുടെ കലാവൈഭവത്താല്‍ ധന്യമായി. ജനുവരി 18 വെള്ളിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനക്കു ശേഷം ആഘോഷമായ റാലിയില്‍ എല്ലാവരും അണിനിരന്ന് കോണ്‍ഫറന്‍സിന്‍റെ ചിന്താവിഷയമായ നാം എല്ലാവരും ക്രിസ്തുവില്‍ ഒന്ന് എന്ന സന്ദേശം ഉദ്ഘോഷിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം ബിഷപ്പ് ജെയിംസ് ഫിലിപ് ഹഗിന്‍സ് (President, NCC, Australia) ഉദ്ഘാടനം ചെയ്തു. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് തിരുമേനിയുടെ അനുഗ്രഹസന്ദേശം സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. സമ്മേളനത്തില്‍ സുവനീര്‍ പ്രകാശനം ചെയ്തു.
വിവിധ ദിവസങ്ങളിലായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകമായി നടന്ന ക്ലാസുകള്‍ക്ക് ഫാ.ഫിലിപ് കുരുവിള, റവ.ഫാ.അത്തനേഷ്യസ് അട്യയ (കോപ്റ്റിക് ഓര്‍ത്തഡോക്സ്, മെല്‍ബണ്‍), റവ.വിനോദ് വിക്ടര്‍ (സി.എസ്.ഐ, മെല്‍ബണ്‍), ഫാ.അനൂപ് ജോസഫ് ഈപ്പന്‍ (ന്യൂസിലന്‍റ്), ഫാ.ജിതിന്‍ ജോയ് മാത്യു (സിഡ്നി), ഡോ.അബി പിട്ടാപിള്ളില്‍, ശ്രീ.ഡോണി പീറ്റര്‍, ശ്രീമതി ബിബി കുരുവിള എന്നിവര്‍ നേതൃത്വം നല്‍കി. ആരാധന, യാമപ്രാര്‍ത്ഥനകള്‍, വേദപഠനം, ഗ്രിഗോറിയന്‍ ആരാധന എന്നിവ കോണ്‍ഫറന്‍സിന് ആത്മീയ അന്തരീക്ഷം നല്‍കി. കലാപരിപാടികളും, വിനോദപരിപാടികളും, രുചികരമായ ഭക്ഷണവും കോണ്‍ഫറന്‍സിന് മാറ്റു കൂട്ടി. ജനറല്‍ കണ്‍വീനര്‍ ഫാ.സജു ഉണ്ണൂണ്ണി (മെല്‍ബണ്‍), ഫാ.തോമസ് വര്‍ഗീസ് (സിഡ്നി), ഫാ.ജെയിംസ് ഫിലിപ് (വാഗാ വാഗാ), ഫാ.ഐവാന്‍ മാത്യൂസ് (പെര്‍ത്ത്), ഫാ.പ്രദീപ് പൊന്നച്ചന്‍ (മെല്‍ബണ്‍), ഫാ.അനിഷ് കെ.സാം (അഡലൈഡ്), ഫാ.അജിഷ് വി.അലക്സ് (ബ്രിസ്ബെയ്ന്‍), വിവിധ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ കോണ്‍ഫറന്‍സിന്‍റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കി.