
ദില്ലി: പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു. ടാറ്റ സൺസ് മുൻ ചെയർമാനായ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നേമുക്കാലിനാണ് മരണം സംബന്ധിച്ച് ടാറ്റ സൺസിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. രക്തസമ്മർദം കുറഞ്ഞ് അവശനായ രത്തൻ ടാറ്റയെ തിങ്കളാഴ്ച പുലർച്ചെയാണ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റ.
നവൽ എച്ച്.ടാറ്റയുടെയും സൂനുവിന്റെയും മകനായി 1937 ഡിസംബർ 28-നു ജനിച്ച രത്തൻ ടാറ്റ അവിവാഹിതനാണ്. യുഎസിൽ ആർക്കിടെക്ടായിരുന്ന അദ്ദേഹം വീട്ടുകാരുടെ നിർബന്ധത്തെത്തുടർന്ന് ഇന്ത്യയിലേക്കു മടങ്ങുകയായിരുന്നു. 1962-ൽ ടാറ്റ സ്റ്റീലിൽ ട്രെയ്നിയായി ജോലിയിൽ പ്രവേശിച്ചു. 1981-ൽ ടാറ്റ ഇൻഡസ്ട്രീസ് ചെയർമാനായി. ജെ.ആർ.ഡി. ടാറ്റയുടെ പിൻഗാമിയായി 1991-ൽ ടാറ്റയുടെ തലപ്പത്തെത്തി. അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ ടാറ്റ ഗ്രൂപ്പ് ടെറ്റ്‌ലി, ജാഗ്വാർ ലാൻഡ് റോവർ, കോറസ് എന്നിവ ഏറ്റെടുത്തു. 75 വയസ്സ് തികഞ്ഞപ്പോൾ, 2012 ഡിസംബർ 28-ന് ടാറ്റ ഗ്രൂപ്പിലെ തൻ്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ രത്തൻ ടാറ്റ രാജിവച്ചു. സാധാരണക്കാര്‍ക്കായി ടാറ്റ നാനോ കാര്‍ യാഥാര്‍ത്ഥ്യമാക്കിയത് അദ്ദേഹമായിരുന്നു.
അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന് നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന് വിട നൽകുക. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് ഇക്കാര്യം അറിയിച്ചത്. രത്തൻ ടാറ്റയുടെ ഭൗതികദേഹം ദക്ഷിണ മുംബൈയിലെ നരിമാൻ പോയിൻ്റിലുള്ള നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പൊതുദർശനത്തിന് വെയ്ക്കും. ഉച്ചതിരിഞ്ഞ് 3.30-ന് മൃതദേഹം സംസ്‌കാരത്തിനായി വോർളി ശ്മശാനത്തിലേക്ക് കൊണ്ടുപോകും.