പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇസ്രായേൽ ആക്രമണം തുടരുന്നു.

ടെൽ അവീവ്: ഹിസ്ബുള്ള ഇസ്രയേലിനു നേരെ റോക്കറ്റ് ആക്രമണം നടത്തി. വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള നിരവധി റോക്കറ്റുകൾ ഇന്ന് (ഞായറാഴ്ച) പുലർച്ചെ അയച്ചതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഹിസ്ബുള്ള വിക്ഷേപിച്ച മിക്ക റോക്കറ്റുകളും തങ്ങളുടെ അയോൺ ഡോം സിസ്റ്റം തടഞ്ഞതായി ഇസ്രായേൽ പറഞ്ഞു. ബെയ്റ്റ് ഹില്ലലിന് സമീപം നിരവധി ആഘാതങ്ങൾ ഉണ്ടായതായി ഇസ്രായേൽ അധികൃതർ പറഞ്ഞു. പ്രദേശത്ത് തീപിടിത്തമുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധമാണ് ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലെത്തി നിൽക്കുന്നത്. ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുള്ളയുടെ മുതിർന്ന നേതാവിനെയും ഹമാസ് നേതാവ് ഇസ്മയിൽ ഹനിയേയും ഇസ്രായേൽ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സംഘർ‌ഷം വർദ്ധിച്ചത്.

അതിനിടെ ഗാസയിൽ സ്കൂളിനു നേരെ ഇസ്രയേൽ നടത്തിയ 3 ബോംബ് ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. പലസ്തീനികൾ അഭയം തേടിയ സ്കൂളിനു നേരെയായിരുന്നു ആക്രമണം. റഫയിലെ ഒരു വീടിനു നേരെ നടന്ന ആക്രമണത്തിൽ അവിടെയുണ്ടായിരുന്ന 6 പേരും കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ നടന്ന 2 ആക്രമണങ്ങളിലായി ഹമാസിന്റെ ഒരു കമാൻഡർ ഉൾപ്പെടെ 9 പേരും കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേൽ തുടർച്ചയായി ആക്രമണം നടത്തുന്നുണ്ട്. ഇപ്പോഴത്തെ സംഘർഷം ആരംഭിച്ചശേഷം വെസ്റ്റ് ബാങ്കിൽ മാത്രം മരണം 590 കടന്നു.

ഇറാന്റെ ഭീഷണി നിലനില്‍ക്കെ ഇസ്രയേലിന്റെ പ്രതിരോധം ശക്തമാക്കാന്‍ സഹായവുമായി അമേരിക്ക രംഗത്തെത്തി. ഇറാന്റെയും അവര്‍ പിന്തുണയ്ക്കുന്ന സായുധ സംഘങ്ങളുടെയും ആക്രമണങ്ങളില്‍നിന്ന് ഇസ്രയേലിനെ സംരക്ഷിച്ച് നിര്‍ത്താന്‍ പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിക്കാനാണ് അമേരിക്കയുടെ പദ്ധതി. ഹമാസ്, ഹിസ്ബുള്ള, ഹൂതികൾ തുടങ്ങിയ സഖ്യകക്ഷികൾ ഉൾപ്പെടെ ഇറാനിൽ നിന്നുള്ള എല്ലാ ഭീഷണികൾക്കെതിരെയും ഇസ്രയേലിന്റെ സുരക്ഷയെ പിന്തുണയ്ക്കുമെന്ന് ബൈഡൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലെബനനിൽ നിന്ന് എത്രയും തിരിച്ചുവരാൻ പൗരന്മാരോട് അമേരിക്കയും യുകെയും നിർദേശിച്ചു. എയർലൈനുകൾ പലതും ലെബനനിൽ സർവീസ് നിർത്തിവക്കുകയും സേവനങ്ങൾ റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിൽ കിട്ടുന്ന ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് എത്രയും വേ​ഗം ലെബനൻ വിടണമെന്നാണ് നിർദ്ദേശം. യുഎസും യുകെയും കൂടാതെ നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് നിർദേശം നൽകിയിരുന്നു. ജോർദ്ദാനും കാനഡയും ലെബനൻ, ഇസ്രയേൽ സന്ദർശനം ഒഴിവാക്കണമെന്ന നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. കഴിയുന്നത്ര വേ​ഗം ലെബനൻ വിടണമെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

10 മാസം മുമ്പ് ഹമാസ് അതിർത്തി കടന്ന് മാരകമായ ആക്രമണം നടത്തിയ ഗാസ യുദ്ധത്തിന്, ശേഷം സമീപകാല സംഭവങ്ങൾ ഈ മേഖലയെ വലിയ സംഘർഷത്തിലേക്ക് നയിച്ചിരിക്കുകയാണ്. ഗാസയിലെ ഹമാസും ലെബനനിലെ ഹിസ്ബുള്ളയും യെമനിലെ ഹൂതികളും ഇറാഖിലെയും സിറിയയിലെയും മിലിഷ്യകളും ഇറാനിൽ നിന്ന് ആയുധ പരിശീലനം നേടുന്നുണ്ട്. ഇസ്രയേലിനും യുഎസിനുമെതിരായ വലിയ ശൃംഖലയുടെ ഭാഗമായാണ് ഇറാൻ വർഷങ്ങളായി ഈ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നത്.

അതേസമയം, ഹനിയെ താമസിക്കുന്ന ടെഹ്‌റാനിലെ വീട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കാന്‍ ഇസ്രയേല്‍ ചാരസംഘടനായ മൊസാദ് ഇറാന്‍ സൈന്യത്തിലെ ചില ഏജന്റുമാരെ നിയോഗിച്ചതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥരെ അടക്കം ഇറാന്‍ ഹനിയെയുടെ മരണത്തിന് പിന്നാലെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ; ലെബനനിലേക്ക് യാത്ര വേണ്ടെന്നു ഇന്ത്യ.