മുണ്ടക്കൈ ഉരുൾപൊട്ടൽ; കാണാമറയത്ത് ഇനിയും ഇരുനൂറിലേറെ പേർ.

മുണ്ടക്കൈ ഉരുൾപൊട്ടൽ; കാണാമറയത്ത് ഇനിയും ഇരുനൂറിലേറെ പേർ.

വയനാട്: കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. ദുരന്തത്തിൽ ഇതുവരെ 365 പേര് മരിച്ചു എന്നാണ് കണക്കുകൾ. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം കണ്ടെടുത്തു. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു ബന്ധുക്കൾക്ക് കൈമാറി. ഇനി 206 പേരെയാണു കണ്ടെത്താനുള്ളത്. ഉരുൾപൊട്ടലിൽപ്പെട്ടവരുടെ മൂന്നിലൊന്ന് മൃതദേഹങ്ങളും 90 ശതമാനത്തിലേറെ ശരീരഭാഗങ്ങളും ലഭിച്ചത് ചാലിയാർ തീരത്തുനിന്നാണ്. ഇന്നലെ നാവികസേനയുടെയും ഹെലികോപ്റ്ററിന്റെയും പൊലീസ് നായയുടെയും അടക്കം സഹായത്തോടെ ചാലിയാർ തീരം പൂർണമായി അരിച്ചുപെറുക്കി. ഇന്നലെ മാത്രം 5 മൃതദേഹങ്ങളും 10 ശരീരഭാഗങ്ങളുമാണു ലഭിച്ചത്. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. ഇന്നലെ നാലു മൃതദേഹങ്ങളാണു ദുരന്തഭൂമിയിൽനിന്നും കണ്ടെടുത്തത്. ചാലിയാറിൽനിന്ന് ഇന്നലെ കണ്ടെത്തിയതു 12 മൃതദേഹങ്ങളാണ്. ഇതോടെ ചാലിയാറിൽ വിപുലമായ തിരച്ചിൽ നടത്താനാണു തീരുമാനം. പുഴ ഗതിമാറിയൊഴുകിയ സ്ഥലങ്ങളിലടക്കം പരിശോധനയുണ്ടാകും. 93 ദുരിതാശ്വാസ ക്യാംപുകളിലായി 10,042 പേരാണ് കഴിയുന്നത്.

മലകളിടിഞ്ഞെത്തിയ മഹാദുരന്തത്തിൽ പൊലിഞ്ഞത് ഒട്ടേറെ കുരുന്നുജീവനുകൾ. ചൂരൽമലയിലെ വെള്ളാർമല ജിവിഎച്ച്എസ്എസിലെ 32 കുട്ടികളാണു മരിച്ചത്. 12 കുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്. മുണ്ടക്കൈ എൽപി സ്കൂളിൽ നാലാം ക്ലാസിലെ 7 കുട്ടികളും മൂന്നാം ക്ലാസിലെ ഒരു കുട്ടിയും കിന്റർഗാർട്ടനിലെ ഒരു കുട്ടിയും അടക്കം 9 കുട്ടികൾ മരിച്ചു. മറ്റു സ്കൂളുകളിൽ മേപ്പാടി സെന്റ് ജോസഫ്സ് (1), മേപ്പാടി മൗണ്ട് താബോർ (2), മേപ്പാടി ജിഎച്ച്എസ്എസ് (2), കൽപറ്റ എസ്കെഎംജെ (1), ലക്കിടി നവോദയ (1) എന്നിങ്ങനെയാണു മരിച്ച വിദ്യാർഥികളുടെ എണ്ണം. സ്കൂളിൽ ചേർക്കാൻ പ്രായമായിട്ടില്ലാത്ത എത്ര കുട്ടികൾ ദുരന്തത്തിനിരയായെന്ന് ഇപ്പോഴും വ്യക്തമല്ല. കൊച്ചുകുട്ടികളുടെ കൃത്യമായ കണക്കു സൂക്ഷിച്ചിട്ടുള്ള അങ്കണവാടികൾ തന്നെ ഉരുളെടുത്തുപോയി. ഒട്ടേറെ കുടുംബങ്ങൾ ഒന്നിച്ചാണു കൊച്ചുകുഞ്ഞുങ്ങൾക്കൊപ്പം ഭൂമിയിൽനിന്ന് ഒറ്റ രാത്രിയിൽ അപ്രത്യക്ഷമായത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ മുണ്ടക്കൈ, ചൂരൽമല, അട്ടമല വാർഡുകളിലായി 307 വീടുകൾ പൂർണമായി തകർന്നെന്ന് കെഎസ്ഇബിയുടെ കണക്ക്. 76 വീടുകൾ ഭാഗികമായി തകർന്നു.

അതേസമയം, സംസ്ഥാനത്ത് മഴ ജാഗ്രത തുടരുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം. കേരളാ തീരം മുതൽ തെക്കൻ ഗുജറാത്ത് തീരംവരെ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വയനാട് ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് വൻ നാശം, മരണം 297 ആയി.