ബ്രിസ്ബൺ സെൻറ് അൽഫോൻസാ ദേവാലയത്തിൽ തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ബ്രിസ്ബൺ സെൻറ് അൽഫോൻസാ ദേവാലയത്തിൽ തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ബ്രിസ്ബൺ സെൻറ് അൽഫോൻസാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 19-ന് ഇടവക വികാരിയായ ഫാ. വർഗീസ് വിതയത്തിൽ MST കൊടിയേറ്റ് നിർവഹിച്ചുകൊണ്ട് തിരുനാൾ ആഘോഷങ്ങൾ ആരംഭിക്കുന്നു. തുടർന്ന്, 9 ദിവസത്തെ വി. കുർബ്ബാനയും വി. അൽഫോൻസാമ്മയുടെ നൊവേനയും ഉണ്ടായിരിക്കുന്നതാണ്.

ജൂലൈ 20-ന് വൈകിട്ട് 4 മണിമുതൽ ‘ദർശനം 2024’ എന്ന പേരിൽ ഇടവക ജനങ്ങളുടെ കലാപരിപാടികൾ, കൺവീനർ രാജു പനന്താനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. അന്നേദിവസം, ഫാ. വർഗീസ് രചന നിർവഹിച്ച്, സോളമൻ മാത്യു സംവിധാനം ചെയ്ത ‘തോമാശ്ലീഹാ’ എന്ന സാമൂഹിക സംഗീത നാടകം പരിപാടികൾക്ക് മാറ്റുകൂട്ടും.

ജൂലൈ 27-ന് വൈകിട്ട് 4 മണിക്ക് ആഘോഷമായ റാസ കുർബാനയും തുടർന്ന് വെടിക്കെട്ടും, നാടൻ വിഭവങ്ങൾ വിളമ്പുന്ന തട്ടുകടകളും ഉണ്ടായിരിക്കും. പ്രധാന തിരുനാൾ ദിനമായ ജൂലൈ 28 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന അഡലെയിഢ് നോർത്ത് ഇടവക വികാരി ഫാദർ അജിത് ചെറിയാക്കര നേതൃത്വം നൽകും. തുടർന്ന്, ചെണ്ടമേളം, ബാൻഡ് മേളം തുടങ്ങിയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ഭക്തിനിർഭരമായ പ്രതിക്ഷണവും നടത്തപ്പെടുന്നു.

ജൂലൈ 19-ന് ആരംഭിച്ച് പത്ത് ദിവസം നീണ്ടുനിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾ പരമ്പരാഗത കേരളത്തനിമയിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ഇടവക വികാരി ഫാ. വർഗീസ് വിതയത്തിൽ, കൈകാരന്മാരായ അനൂപ് ആനപ്പാറ, ബിജു മഞ്ജപ്പള്ളി, രാരിച്ചാൻ മാത്യു, തിരുനാൾ കൺവീനറായ അജോ ജോസിനോടൊപ്പം വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

വിശുദ്ധ അൽഫോൻസാമ്മയുടെ ഈ തിരുന്നാൾ ഏവർക്കും അനുസ്മരണീയമാക്കുന്നതിനും തിരുന്നാൾ ആഘോഷങ്ങളിൽ പങ്കുചേർന്ന് വിശുദ്ധയുടെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും തുടർന്ന് നടക്കുന്ന സ്നേഹവിരുന്നിൽ പങ്കെടുക്കുവാനും ഓസ്ട്രേലിയയിലെ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു എന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.