
ന്യൂ ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ശേഷം മൂന്നാം വട്ടവും പ്രധാനമന്ത്രി പദത്തിലേറുന്ന നേതാവാണ് നരേന്ദ്ര മോദി. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വിവിധ രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഇതിന് പുറമേ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് എന്നിവരെയും ഉടനെ ക്ഷണിക്കുമെന്നാണ് വിവരം.
മൂന്നാം തവണയും അധികാരത്തിൽ കയറുന്ന നരേന്ദ്ര മോദിയെ അഭിനന്ദിച്ചു ലോക നേതാക്കൾ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമടക്കം അമ്പതോളം ലോകനേതാക്കൾ നരേന്ദ്രമോദിയെ പ്രശംസിച്ച് കുറിപ്പുകൾ പങ്കുവച്ചു.
നരേന്ദ്രമോദിക്കും ദേശീയ ജനാധിപത്യ സഖ്യത്തിനും അഭിനന്ദനങ്ങളെന്ന് അമേരിക്കൻ പ്രസിഡന്റ് ബൈഡൻ എക്സിൽ കുറിച്ചു. ചരിത്രപരമായ ഈ തെരഞ്ഞെടുപ്പിൽ പങ്കാളികളായ 650 ദശലക്ഷത്തോളം വോട്ടർമാർക്കും ആശംസകളെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഇനിയും വളരുമെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. കൂടാതെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും എൻഡിഎയുടെ വിജയത്തിൽ അഭിനന്ദനങ്ങളറിയിച്ച് രംഗത്തെത്തി.
മോദിയുടെ രാഷ്‌ട്രീയ ആധിപത്യം വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണിതെന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ പ്രസ്താവനയിലൂടെ അറിയിച്ചു. ഈ തെരഞ്ഞെടുപ്പോടെ രാഷ്‌ട്രീയത്തിൽ മോദിക്കുള്ള വ്യക്തിപ്രഭാവം ഒരിക്കൽ കൂടി ഊട്ടിയുറപ്പിച്ചിരിക്കുന്നു. ന്യൂഡൽഹിയുമായി റഷ്യയ്‌ക്കുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഇനിയും വർദ്ധിക്കുന്നതാണ്. അന്താരാഷ്‌ട്ര അജണ്ടകളിലും ഉഭയകക്ഷി ബന്ധങ്ങളിലും നിലവിലുള്ള പ്രതിസന്ധികളെ നേരിടാൻ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാൻ ഇരുരാജ്യങ്ങൾക്കും ഇനിയും കഴിയുമെന്ന് പുടിൻ ആശംസ സന്ദേശത്തിൽ പറഞ്ഞു.
ഇന്ത്യ- ഇസ്രായേൽ നയതന്ത്രബന്ധം പുതിയമാനങ്ങളിലേക്ക് ഉയർത്താൻ ഇരു രാജ്യങ്ങൾക്കും സാധിക്കട്ടെയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എക്‌സിൽ കുറിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും മോദിയെ അഭിനന്ദിച്ചു. ഇന്ത്യയും യുകെയും വളരെ അടുത്ത സൗഹൃദം പങ്കിടുന്നവരാണെന്നും ഇനിയും അത് തുടരുമെന്നും ഇന്ത്യൻ വംശജൻ കൂടിയായ ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രതികരിച്ചു.
ഇന്ത്യ-ഇറ്റലി ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇനിയും ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രിയുടെ ഊഷ്മളമായ പ്രവർത്തനങ്ങൾക്ക് ആശംസകർ നേരുന്നുവെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആശംസകൾ അറിയിച്ചുകൊണ്ട് എക്‌സിൽ കുറിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നരേന്ദ്ര മോദിയുമായി സംസാരിച്ച് യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൻ ടെർ ലെയെൻ. സംഭാഷണത്തിൽ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ചും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയും അവർ ഊന്നിപ്പറഞ്ഞു. ആഗോള പ്രശ്‌നങ്ങളിൽ ഒരുമിച്ചുളള പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ജി 7 ഉച്ചകോടിയെക്കുറിച്ചും ചർച്ച ചെയ്തതായി അവർ വ്യക്തമാക്കി. ജൂൺ 13 – 15 വരെ ഇറ്റലിയിൽ വച്ചാണ് ജി 7 ഉച്ചകോടി.
ഇന്ത്യയെ കൂടുതൽ വളർച്ചയിലേക്കും പുരോഗതിയിലേക്കും മോദിക്ക് നയിക്കാനാകട്ടെ എന്ന് യുഎഇ നേതാക്കൾ ആശംസകൾ നേർന്ന്കൊണ്ട് പറഞ്ഞു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ആണ് പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നത്.
ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ മുതൽ ഇറ്റലി, സ്പെയിൻ, ദക്ഷിണ കൊറിയ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, മൗറീഷ്യസ്, മാലദ്വീപ്, ഇറാൻ, സീഷെൽസ് എന്നീ രാജ്യങ്ങളിലെ നേതാക്കളും മോദിക്ക് ആശംസകൾ അറിയിച്ചു. നൈജീരിയ, കെനിയ, കോമൊറോസ് എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലെ നേതാക്കളും മോദിയുടെ ഹാട്രിക് നേട്ടത്തെ അഭിനന്ദിച്ചു. ജമൈക്ക, ബാർബദോസ്, ഗുയാന എന്നീ കരീബിയൻ മേഖലകളിൽ നിന്നും നരേന്ദ്രമോദിയെ തേടി അഭിനന്ദനങ്ങളെത്തി.
292 സീറ്റുകളെന്ന ചെറിയ ഭൂരിപക്ഷത്തിൽ ആണ് എൻഡിഎ ഇത്തവണ ഭരണത്തിൽ വരുന്നത്. പ്രതിപക്ഷ മുന്നണികളുടെ സഖ്യമായ ഇൻഡി മുന്നണിക്ക് 233 സീറ്റുകളും ലഭിച്ചു. ഇതോടെയാണ് തുടർച്ചയായ മൂന്നാം വട്ടവും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി അധികാരം ഉറപ്പിച്ചത്. ബുധനാഴ്ച ഡൽഹിയിൽ നടന്ന യോഗത്തിൽ എൻഡിഎ കക്ഷികൾ എല്ലാവരും പങ്കെടുക്കുകയും നരേന്ദ്രമോദിയെ നേതാവായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സ്വതന്ത്രർ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ എൻഡിഎയുടെ സീറ്റുകളുടെ എണ്ണം 300 കടന്നുവെന്നാണ് റിപ്പോർട്ട്.
‘സുരേഷ് ഗോപി ഒറ്റയ്ക്കല്ല’, ഇത്തവണ പാർലമെന്റിലെ ‘താരങ്ങൾ’ ഇവരൊക്കെ.