
(കാരൂർ സോമന്റെ ‘കാവൽക്കാരുടെ സങ്കീർത്തനങ്ങൾ’ എന്ന നോവലിനെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പ്)
ശരീരത്തിൽ ആത്മാവുള്ളതു പോലെ കാവ്യരചനയിലും ആത്മാവുണ്ട്. ആ കാവ്യത്തിന്റെ ആത്മാവാണ് അല്ലെങ്കിൽ സൗന്ദര്യമാണ് ആസ്വാദകഹൃദയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുന്നത്. സാഹിത്യലോകത്തെ ബഹുമുഖ പ്രതിഭ കാരൂർ സോമൻ ‘കാവൽക്കാരുടെ സങ്കീർത്തനങ്ങൾ’ എന്ന നോവലിൽ ആത്മാവിൽ ഉറച്ച ഒരു ക്രിസ്തീയ പുരോഹിതന്റെ സത്യാന്വേഷണ യാത്രയാണ് വായനക്കാർക്ക് മുന്നിൽ തുറന്നിടുന്നത്. നോവൽ ആദ്യതവണ വായിച്ചപ്പോൾ അനുഭവപ്പെട്ടത് ഇത്തരമൊരു വികാരമായിരുന്നുവെങ്കിൽ ദാർശനിക പരിവേഷത്തോടെ, വായനയെ ഉത്കൃഷ്ടമാക്കുന്ന സൂചനകളാണ് രണ്ടാം വായനയിൽ മുന്നിലെത്തിയത്. വായന ജ്ഞാനോദയം ഉണർത്തുന്ന ഉത്കൃഷ്ടവും പരമപ്രധാനവുമായ പ്രവർത്തിയാണ്. ഇത് സാംസ്‌ക്കാരികമായ മുന്നേറ്റത്തിന് യുക്തിഭദ്രമായ ആവശ്യകത കൂടിയാണ്. അതു പോലെ തന്നെയാണ് ഭക്തിയും. രണ്ടും വിശ്വാസത്തിന്റെ വ്യത്യസ്ത ധ്രുവങ്ങളാണ്. രണ്ടും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മനുഷ്യ മനസ്സിന് ആത്മവിവേകത്തോടെയുള്ള ആശ്വാസം പകരും. അത് ഉത്തേജനത്തിന്റെ പരിപ്രേക്ഷ്യങ്ങളാണ്. സാഹിത്യത്തിൽ സാന്ത്വനമല്ല, ആശ്വാസമാണ് ലഭിക്കുന്നതെന്നു മാത്രം. ഇവിടെ ഭക്തിക്കും വിശ്വാസത്തിനും മധ്യേ മനുഷ്യന്റെ ആശ്വാസ ലബ്ധിയെയാണ് കാരൂർ ഈ നോവലിൽ ചിത്രീകരിക്കുന്നത്.
ലോകമെമ്പാടും ആത്മീയതയുടെ അടിത്തറയ്ക്ക് ഇളക്കമുണ്ടാക്കി ഭൗതികമായ അസ്വസ്ഥകൾ സൃഷ്ടിച്ച് തമ്മിൽ തമ്മിലുള്ള ഏറ്റുമുട്ടൽ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഒരു കാലത്ത് ഈശ്വരന്റെ മുന്നിൽ പ്രണമിച്ചു നിന്നവർ ഇന്ന് ഭൗതികതയുടെ പ്രതീകങ്ങളായി മാറിയിരിക്കുന്നു. ഇതിന്റെയാരു പ്രധാനപ്പെട്ട സ്വാധീനമായി കാണേണ്ടത് സ്വന്തം താത്പര്യങ്ങളോടുള്ള അമിതമായ അഭിനിവേശമാണ്. അത് അഹം എന്ന ഭാവത്തെ സ്വയം സ്വീകരിക്കാനുള്ള വ്യഗ്രതയാണ്. ഇത് സാധാരണക്കാരിൽ നിന്നും പൗരോഹിത്യ സംന്യാസ സമൂഹത്തിലേക്ക് വ്യാപൃതമായിരിക്കുന്നു.
ആത്മാവിൽ ആത്മനിയന്ത്രണത്തോടെ തപസ്സു ചെയ്യുന്നവരാണ് സന്യാസ സമൂഹം. അവരിൽ ആ പ്രത്യാശയുടെ ദീപക്കാഴ്ചകൾ പ്രകടമായി അനുഭവിക്കാനാവും. എന്നാൽ ഈ കാലത്ത്, ജ്വലിക്കുന്ന സമൂഹത്തിൽ- പ്രത്യേകിച്ച് ന്യൂ ജനറേഷൻ സങ്കൽപ്പങ്ങളെ ഇറുകെ പിടിക്കുന്ന സാംസ്‌ക്കാരിക അധിനിവേശ ലോകത്ത് അതിന്ന് ലഭ്യമാണോ എന്ന ചോദ്യം പ്രസക്തമായിരിക്കുന്നു. നമ്മുടെ കപട ജനാധിപത്യം പോലെ കപട ആത്മീയ കേന്ദ്രങ്ങളും ലോകസുഖങ്ങളുടെ മദാലസമന്മദ മേഖലയിലാണ്. അവയൊക്കെയും ഭൗതികമായ ആശയസമൃദ്ധികളെ ലക്ഷ്യമിടുന്നുണ്ടെങ്കിലും അതൊക്കെയും എത്രയോ ദൂരത്താണെന്നു തിരിച്ചറിഞ്ഞ് നെടുവീർപ്പിടുന്നു. ചിന്തകൾ, ഏകാഗ്രതകൾ, ധ്യാനാവസ്ഥകൾ, ഈശ്വരനുമായുള്ള അടുപ്പം എന്നിവയൊക്കെയും ഭൗതികമായ സുഖലോലുപമായ ഓളങ്ങളിൽ പെട്ട് ആടിയുലയുകയാണ്. അതിന്റെ പ്രധാന കാരണമായി നമുക്ക് മാറ്റി നിർത്താവുന്ന രണ്ടു ഘടകങ്ങൾ മതവും രാഷ്ട്രീയവുമാണ്. അതിൽ തന്നെ മതം പല മേഖലയിലും പ്രതിനായക സ്ഥാനത്ത് നിൽക്കുന്നു. അവർ രാഷ്ട്രീയത്തെ കൂടെക്കൂട്ടാൻ ശ്രമിക്കുന്നു. അതിലൂടെ വ്യക്തിയെ അധീനതയിലാക്കാൻ ജാഗ്രത പുലർത്തുന്നു. വ്യക്തിയെ വലയിലാക്കി അവന്റെ സ്വത്വത്തെയും ആത്മാവിനെയും പിടിച്ചുകെട്ടി കൂടെ നടത്താൻ അവർ ശ്രമിക്കുന്നു. ഇതാണ് ആദ്ധ്യാത്മിക ജീവിതത്തിലെ ഇന്നത്തെ ദുരവസ്ഥ. ആത്മാവിന്റെ ആഴവും വ്യാപ്തിയും ഇവർ മനസ്സിലാക്കുന്നില്ല. ഈശ്വര സാന്നിധ്യത്തെ അവർ തിരിച്ചറിയുന്നില്ല, ആ മഹത് സങ്കൽപ്പത്തെ അവർ സ്വാധീനിച്ചിട്ടില്ല. അവരെ സ്വാധീനിക്കുന്നതും കാലുറപ്പിച്ചിരിക്കുന്നതും ഈ ലോകസുഖത്തിന്റെ സമ്പാദ്യത്തിന്റെ കോട്ടയ്ക്കുള്ളിലാണ്. ആ കോട്ടയവാട്ടെ സുഖസൗകര്യങ്ങളുടെ പഞ്ചനക്ഷത്ര വിഹായസ്സാണ്, മറ്റൊരു അർത്ഥത്തിൽ അധികാരത്തിന്റെ ദുഷ്പ്രഭുത്വം നിറഞ്ഞ ബോൺസായ് തണലാണ്. ആ തണലിൽ അവർ സുരക്ഷിതരുമാണ്. ഭൗതികതയെ വാനോളം പുകഴ്ത്തുന്ന പൊതുജനത്തിന്റെ പ്രതിനിധി മാത്രമല്ല, മതങ്ങളുടെ എക്കാലത്തെയും ഇളക്കമില്ലാത്ത പ്രതിനിധി കൂടിയാണ് ഇവർ. ഇവരുടെ മധ്യത്തിൽ നിന്നു കൊണ്ടാണ് മലയാള ഭാഷയിൽ ഇതുവരെ ദർശിച്ചിട്ടില്ലാത്ത ശക്തമായ വെല്ലുവിളികൾ ഉയർത്തിക്കൊണ്ട് നോവലിസ്റ്റ് നിശബ്ദതയ്ക്ക് നേരെ തൂലിക എന്ന പടവാൾ ചലിപ്പിക്കുന്നത്. അതിനു വേണ്ടി ശുഭ്രവസ്ത്രധാരിയായ ലാസർ മത്തായി എന്ന ക്രിസ്തീയ പുരോഹിതനെ അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നു. അദ്ദേഹത്തെ നാട്ടുകാർ വിളിക്കുന്നത് കത്തനാർ എന്നാണ്. പ്രമുഖമായ ഒരു സഭയുടെ കീഴിലുള്ള അനാഥരായ അഗതികൾ നിറഞ്ഞ അംഗവൈകല്യ സ്ഥാപനങ്ങളുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹം പൗരോഹിത്യത്തിന്റെ വാക് രൂപമാണ്. സ്വത്വനിർമ്മിതമായ ഒരു നായകനിർമ്മിതിയുടെ സമർത്ഥമായ പരിവേഷം ഇവിടെ ദർശിക്കാം. ഉദാത്ത നായകനും അതിപ്രഭാവനമായു പുരുഷസങ്കൽപ്പത്തെ നോക്കികാളിദാസൻ പറഞ്ഞതു പോലെ തന്നെ അംഗപുംഗവനാണ് ഇവിടെയും നായകൻ. എന്നാൽ അത് നഷ്ടമായ ധാർമ്മികമൂല്യങ്ങളെ തിരിച്ചു കൊണ്ടു വരാൻ ളോഹ അണിഞ്ഞെത്തിയ പുരോഹിതനാണെന്നു മാത്രം.
കത്തനാർ വേറിട്ട ഒരു രൂപമാണ്. ഈ രൂപം ഒരേസമയം ദ്വന്ദ്വവ്യക്തിത്വങ്ങളായി പരിണമിക്കുന്നത് നോവലിൽ ഉടനീളം അനുഭവിക്കാൻ കഴിയും. ധ്യാനവും ഉപവാസവും പ്രാർത്ഥനയും വാക്കുകളും മനുഷ്യനെ മനുഷ്യനായി രൂപാന്തരപ്പെടുത്തുന്നത് എങ്ങനെയെന്ന് നാം വിശ്വസാഹിത്യത്തിൽ വായിച്ചിട്ടുണ്ട്. ഇവിടെ, ആ തട്ടകത്തിലേക്കാണ് നോവലിസ്റ്റ് വായനക്കാരെ നയിക്കുന്നത്. അവിടേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോൾ സമരസപ്പെട്ടു നിൽക്കുന്ന പല മേഖലകളെയും അനാദൃശ്യപ്പെടുത്താൻ എഴുത്തുകാരൻ മറന്നിട്ടില്ല.
സാഹിത്യസൃഷ്ടികൾ ആസ്വാദകഹൃദയങ്ങളിൽ അനിർവചനീയമായ ആനന്ദാനുഭൂതി പ്രദാനം ചെയ്യുന്നതു പോലെ കത്തനാരുടെ പ്രാർത്ഥനാ കൂട്ടങ്ങളിൽ ആത്മീയാനന്ദം അനുഭവിക്കുന്നവർ ധാരാളമാണ്. ഇത് സാർവത്രികമായ ബ്രഹ്‌മമാണെന്ന് അദ്ദേഹം തന്റെ ഭക്തരെ അറിയിക്കുന്നു. ഈ ഭക്തസാന്നിധ്യത്തിലൂടെ ദുഷിച്ച സമൂഹത്തിനു നേരെ ഒരേസമയം ചാട്ടവാർ എറിയുകയും അവരെ ബ്രഹ്‌മപദത്തിലെത്തിക്കാൻ ജാഗ്രതയോടെ വർത്തിക്കുകയും ചെയ്യുന്നത് നമുക്ക് പ്രകടമാകുന്നു. കത്തനാർ പുറത്തെടുക്കാൻ ശ്രമിക്കുന്ന ഈശ്വരസാന്നിധ്യം നിറഞ്ഞ ബ്രഹ്‌മം തന്നെയാണ് പരിശുദ്ധവും പാവനവുമായ ലോകത്തെ ആത്മാവ്. ആദ്ധ്യാത്മിക രംഗത്തു നിന്നും ഇങ്ങനെ ബ്രഹ്‌മപദത്തിലെത്തുന്നവർ ചുരുക്കമാണ്. ഇവിടെ വേറിട്ട പാത്രസൃഷ്ടിയായി കത്തനാർ മാറിയിരിക്കുന്നു.
നോവലിലെ പ്ലോട്ടിലേക്ക് കടക്കുമ്പോൾ, അതൊരു സാധാരണപ്പെട്ട നിലയിലേക്ക് മാറി നിൽക്കുന്നതും സമൂഹത്തിൽ നമുക്ക് ഏറെ പരിചിതമായതുമാണെന്ന തോന്നൽ അല്ലെങ്കിൽ ഇഫക്ട് സൃഷ്ടിക്കാൻ കാരൂർ സോമന് കഴിയുന്നുണ്ട്. അതാണ് ഒരു നോവലിസ്റ്റിന്റെ ഏറ്റവും വലിയ വിജയം. സാധാരണക്കാർ നിറഞ്ഞ സ്ഥലം. അതിലെ സാധാരണപ്പെട്ടതും പ്രാദേശിക വാദങ്ങൾ നിറഞ്ഞതുമായ സാമൂഹിക അന്തരീക്ഷം. അവിടെ ജാതിയും മതവും, രാഷ്ട്രവും രാഷ്ട്രീയവും തമ്മിലുള്ള ദ്വന്ദയുദ്ധത്തിന്റെ ശീതരസങ്ങൾ തുളുമ്പി നിൽക്കുന്നു. ഇതിൽ നിന്ന് നമ്മുടെ നായകപ്രതിരൂപമായ കത്തനാർക്ക് രക്ഷപ്പെടാൻ കഴിയുന്നില്ല. കത്തനാരോടു അസൂയയുള്ള പുരോഹിതരുടെ ഇടപെടലുകൾ കാണുമ്പോൾ അറിയാതെ സുഭാഷിതങ്ങളിലേക്കും സങ്കീർത്തനങ്ങളിലേക്ക് കടന്നു പോകാൻ വായനക്കാർ നിർബന്ധിതരാവുന്നു. എതിരാളികൾ പൂർണ്ണമായും ഭൗതികലോക സന്തതികളാണ്. അവർ ഈ ലോകത്തെ തൃപ്തിപ്പെടുത്താൻ വന്നവരാണ്. അങ്ങനെയൊരു സാഹചര്യത്തെ സാക്ഷിനിർത്തിയാണ് കത്തനാർക്കെതിരേ ഒളിയമ്പുമായി അവർ രംഗപ്രവേശം ചെയ്യുന്നത്. അദ്ദേഹം ചെയ്ത കുറ്റം പ്രതിക്കൂട്ടിലേക്ക് നിർത്താൻ തക്കവിധമാണെന്ന് അവർ ജാതിയുടെയും മതത്തിന്റെയും പൂർണ്ണകായ അധികാരവർഗ്ഗത്തെ ബോധ്യപ്പെടുത്തുന്നു. അനുവാദം കൂടാതെ ശബരിമല ശാസ്താവിനെ തൊഴുതു വണങ്ങാൻ പോയി. അതും തലയിൽ വെള്ള തോർത്തും ചൂടി. സഭയുടെ ചട്ടക്കൂട്ടിൽ നിന്നു കൊണ്ട് ഇതു സാധ്യമാണോ എന്നതാണ് സഭാ നേതൃത്വത്തെ അലോസരപ്പെടുത്തിയത്.
കത്തനാരുടെ സ്വഭാവ രീതികൾ സഭാ നേതൃത്വത്തിന് അറിയാം. അദ്ദേഹം വ്യത്യസ്തനാണ്. അദ്ദേഹത്തെക്കുറിച്ച് ഇടവകാംഗങ്ങൾക്കിടയിൽ രൂപപ്പെട്ടിരിക്കുന്നത് യഥാർത്ഥ്യ സന്യാസസമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിലാണ്. അങ്ങനെയുള്ള ഒരാൾക്കെതിരേ ധൃതിപ്പെട്ട് നിലപാട് സ്വീകരിക്കുന്നതിലും നടപടിയെടുക്കുന്നതിലുമൊക്കെ പ്രശ്‌നങ്ങൾ ഉയർത്തും. നേതൃത്വത്തിന് കയ്ച്ചിട്ട് തുപ്പാനോ, മധുരിച്ചിട്ട് ഇറക്കാനോ വയ്യാത്ത അവസ്ഥയായി. കത്തനാർ അനീതി കണ്ടാൽ ചോദ്യം ചെയ്യും. ഒട്ടും വഴങ്ങുന്ന പ്രാകൃതമല്ല. സഭയ്ക്ക് തലവേദനയുണ്ടാക്കുന്ന പല ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഭാ നേതൃത്വം കുറെയൊക്കെ കണ്ണടയ്ക്കുന്നതും സഭയ്ക്കുള്ളിൽ ഇതു പോലെ ദൈവീക ദർശനമുള്ള മറ്റൊരാളില്ലാത്തതിനാലാണ്. അതിലൂടെ രോഗികൾ സൗഖ്യം നേടിയിട്ടുണ്ട്. ആത്മീയ ദർശനം പോലെതന്നെ പ്രകൃതിയേയും അദ്ദേഹം പ്രണമിക്കുന്നുണ്ട്. അതു കൊണ്ടാണ് ഒരു കൃഷിക്കാരന്റെ വേഷത്തിലും അദ്ദേഹത്തെ കാണാൻ കഴിയുന്നത്. കത്തനാരുടെ പ്രസംഗങ്ങളിൽ പോലും സഭ ഒരു വിവേചനം കാണുന്നുണ്ട്. ആ വാക്കുകൾ ഇങ്ങനെയാണ്. നോവലിസ്റ്റ് പറയാൻ ഒരുക്കിനിർത്തിയ പൗരോഹിത്യത്തിന്റെ പ്രതിരൂപത്തിന്റെ വാക്കുകൾ നോക്കൂ- ”ക്രിസ്തുവിനെ അറിയാൻ ക്രിസ്ത്യാനിയാകണമെന്നില്ല. ചെകുത്താനെതിരേ പടപൊരുതാൻ പ്രാർത്ഥനയെന്ന മഹായുധം ധരിക്കുക. പ്രാർത്ഥന പടക്കളത്തിലെ തേരാളിയാണ്.” മറ്റൊരിടത്ത് പറയുന്നു- ”നാം ഇന്ത്യക്കാരാണ്. യേശുക്രിസ്തുവിന് മുൻപുള്ള ഇന്ത്യക്കാർ ആരാണ്? എന്നാണ് ഇന്ത്യയിൽ ക്രിസ്ത്യാനിയും മുസ്ലീമും ഉണ്ടായത്? നമ്മുടെ രക്തത്തിലൊഴുകുന്നത് ഹിന്ദുവിന്റെ രക്തമാണ്.” ഇങ്ങനെയുള്ള പ്രസംഗങ്ങളുടെ സാംഗത്യം സഭയ്ക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടെങ്കിലും അവരതിനെ നോക്കിക്കാണുന്നത് തികഞ്ഞ പരിഭ്രാന്തിയോടെയാണ്. ശബരിമലയിൽ പോയതിനെക്കുറിച്ച് സഭാ നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു. ”പിതാക്കന്മാരോട് എനിക്കുള്ള അപേക്ഷ അരമനകളിലെ സുഖലോലുപതയിൽ നിന്നിറങ്ങി, അറിയാത്ത ദേശങ്ങളിലൂടെ ദേവന്മാരിലൂടെ ചരിത്രത്തിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുകയെന്നതാണ്. അത് ദേശത്തിനും ജനത്തിനും ഗുണം ചെയ്യും.” ഇത്തരം വാദങ്ങൾ തുടരെ മുഴക്കിയതിനാണ് കത്തനാരെ ലണ്ടനിലേക്ക് സ്ഥലം മാറ്റിയതെന്ന് എല്ലാവർക്കുമറിയാം. അതിൽ വേദനിച്ച, അംഗവൈകല്യത്തിൽ കഴിഞ്ഞവരോട് അദ്ദേഹം കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു- ”എല്ലാത്തിനും ഒരു കാലമുണ്ട്. ജനിക്കാൻ ഒരു കാലം, മരിക്കാൻ ഒരു കാലം. സമ്പാദിക്കാൻ ഒരു കാലം. നഷ്ടപ്പെടാൻ ഒരു കാലം. എന്റെ യാത്ര ദൈവനിശ്ചയമാണ്. നിങ്ങൾ പ്രാർത്ഥനയിൽ ജീവിക്കുക. ഈശ്വരത്വത്തിന്റെ കൊടുമുടി കയറുന്നവർ ഇതെല്ലാം സഹനത്തോടെ സഹിക്കാൻ ബാദ്ധ്യസ്ഥരാണ്.”
കത്തനാർ എന്ന പൗരോഹിത്യപ്രതിരൂപത്തിന്റെ പാത്രസൃഷ്ടി എത്ര ഗംഭീരമായാണ് നോവലിസ്റ്റ് നടത്തിയിരിക്കുന്നതെന്നു നോക്കുക. ഇവിടെ ചരിത്രത്തെയും പൗരാണികതയെയും സംസ്‌ക്കാരത്തെയുമൊക്കെ തന്റെ വാദത്തെ നിലനിർത്താൻ കാരൂർ സോമൻ ഉയർത്തിക്കാണിക്കുന്നു. വൈജ്ഞാനികത നിറഞ്ഞ ആർഷഭാരത സംസ്‌ക്കാരത്തിന്റെ സംന്യാസ (എല്ലാം ഉപേക്ഷിക്കുക) ഭാവത്തെയാണ് ഇവിടെ നോവലിസ്റ്റ് ഉദ്ദീപിപ്പിക്കുന്നത്. അതാവട്ടെ, വേറിട്ട മലയാള നോവൽ സാഹിത്യത്തിന് തികച്ചും വ്യത്യസ്തമായ ഒരു അനുഭവസാക്ഷ്യത്തിന് നിദാനമാകുന്നു.
ആത്മീയ അരാജകത്വം അനുഭവിക്കുന്ന സൂര്യൻ അസ്തമിക്കാത്ത രാജ്യത്ത് ഒരു ഇടവക വികാരിയായി കത്തനാരെ അവതരിപ്പിക്കുന്നതിൽ കാരൂരിന്റെ പ്രവാസി സാന്നിധ്യം വഹിക്കുന്ന പങ്ക് ചെറുതല്ല. പുതിയ മണ്ണ്, പുതിയ ആകാശം എന്ന സ്വത്വബോധം നഷ്‌പ്പെട്ട പ്രവാസിയെ പോലെയാണ് പിന്നീട് നാം കത്തനാരെ കണ്ടു തുടങ്ങുന്നത്. എന്നാൽ അതൊക്കെയും നൈമിഷികമായിരുന്നു. അദ്ദേഹം വളരെ പെട്ടെന്നു തന്നെ ഉയിർത്തെഴുന്നേറ്റു. അതിനു കാരണമുണ്ടായിരുന്നു. കത്തനാർ കണ്ട കാഴ്ചകൾ സാമൂഹികമായ ദുർമേദസ്സുകളേതായിരുന്നു. ആത്മീയ ബോധമില്ലാത്ത, ആത്മീയതയെ ചവുട്ടി മെതിക്കുന്ന, ആത്മീയതയുടെ ആഴം എത്രയെന്ന് അറിയാൻപോലും മനസ്സില്ലാത്ത ഇടവക ചുമതലക്കാരെയാണ് കത്തനാർ പുതിയ ലോകത്ത് കണ്ടത്. ഇന്ത്യക്കാരുടെ ഭരണത്തിൽ നീണാൾ വാഴുന്നതു പോലെ ഇടവകക്കാരുടെ ഭാരവാഹിത്വങ്ങൾ ഒരു പറ്റമാളുകളുടെ കൈകളിലാണെന്നും അവരത് ചൂഷണവിധേയമാക്കുന്നുവെന്നും കത്തനാർ തിരിച്ചറിയുന്നു. പൗരോഹിത്യത്തിന്റെ ത്യാഗസങ്കീർത്തനങ്ങളെ ആവേശമായി കാണേണ്ടവർ, ചൂഷണമേധാവിത്വത്തിന്റെ പൊൻതൂവലുകൾ സ്വയം അണിഞ്ഞിരിക്കുന്നത് കത്തനാർ കണ്ടു. അതവർ ഒരു അംഗീകാരമായി കാണുകയാണ്. അവർക്കൊപ്പം കേരളത്തിലെ സഭാ നേതൃത്വവുമുണ്ടെന്നത് ഞെട്ടിക്കുന്ന തിരിച്ചറിവ് കത്തനാരിൽ ഉണ്ടാക്കുന്നു. കേരളത്തിൽ സഭാ നേതൃത്വമായിരുന്നുവെങ്കിൽ, ഇവിടെ ഒരു കൂട്ടർ യേശുക്രിസ്തുവിനെ തടവറയിൽ തളച്ചിട്ടിരിക്കുകയാണെന്നു കത്തനാർ കണ്ടെത്തുന്നതിൽ നിന്നാണ് നോവൽ പ്രമേയപരമായ വ്യതിയാനം കൈവരിക്കുന്നത്.
ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ ഇടവകയുടെ ഭാരവാഹി ബർണാഡ് കസ്തൂരിമഠം ബംഗ്ലാവിന്റെ അടിത്തട്ടിലുള്ള ആഡംബരമുറിയിലെത്തിച്ച് കത്തനാർക്ക് റെഡ് വൈൻ നൽകുകയാണ്. വീര്യമേറിയ വീഞ്ഞിന്റെ ലഹരി നുണഞ്ഞിരുന്നുവെങ്കിൽ കത്തനാർക്ക് ആധുനികോത്തര ഭൗതികലോകത്തിന്റെ എല്ലാ സൗന്ദര്യവും ഊറ്റിയെടുക്കാമായിരുന്നു. കേരളത്തിൽ നിന്ന് വന്നിട്ടുള്ള മന്ത്രിമാരടക്കമുള്ള പ്രമുഖർ തന്റെ സൽക്കാരത്തിൽ സംതൃപ്തിയടഞ്ഞാണ് പോയിട്ടുള്ളതെന്നും ഏത് പ്രമുഖ വ്യക്തിയായാലും അവരുടെ ലക്ഷ്യം തന്റെ സമ്പത്തിലാണെന്നും കസ്തൂരിമഠം കത്തനാരെ അറിയിക്കുന്നു. എന്നാൽ ഇതൊക്കെയും കത്ത നാർ നിഷേധിക്കുകയാണ്. പക്ഷേ, അതു മുഖവിലയ്‌ക്കെടുക്കാൻ ബർണാഡ് കസ്തൂരിമഠം തയ്യാറാവുന്നില്ല. പാരമ്പര്യമതവിശ്വാസിയായ ബർണാഡ് യേശുക്രിസ്തുവിന്റെ അപ്പോസ്തലനായി എത്തിയിട്ടുള്ള ആത്മാവിൽ പരിജ്ഞാനിയായ കത്തനാരുടെ മുന്നിൽ കീഴടങ്ങാൻ തയ്യാറല്ലായിരുന്നു.
പിന്നീട്, രോഗികളും കുട്ടികളുണ്ടാകാത്ത സ്ത്രീകളും മാനസികവ്യഥകൾ അനുഭവിക്കുന്ന വരും ഈ ദിവ്യന്റെ മുന്നിൽ മുട്ടുമടക്കുന്നത് വിദ്വേഷത്തോടെയാണ് ബർണാഡ് കണ്ടത്. ഒരു ശുശ്രൂഷയിൽ കത്തനാർ പറഞ്ഞു ‘‘പ്രാർത്ഥന ഈ ലോകത്തിന്റെ സൗന്ദര്യസിന്ദൂരമാണ്. ആ സിന്ദൂരം ചാർത്തുന്നവരൊക്കെ രക്ഷപ്രാപിക്കും”. മറ്റൊരിക്കൽ ആത്മീയതയുടെ നിറസാന്നിധ്യം കത്തനാർ അറിയിച്ചതിങ്ങനെ- ”വിശുദ്ധ ബലിയെന്ന കുർബാനയിൽ പങ്കെടുക്കുന്നവർ പാപം ചെയ്യാത്തവർ ആയിരിക്കണം. അത് ദൈവകല്പനയാണ്”. ഈ വിളംബരത്തോടെ ബർണാഡിനും കൂട്ടർക്കും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ നിർവാഹമില്ലാതെയായി. ഇതോടെ രോഗികളെ സൗഖ്യമാക്കാനും ആത്മാവിനെ ഖനനം ചെയ്യാനുമെത്തിയ കത്തനാരെ നാടു കടത്താനായി കേരളത്തിലെ സഭാപിതാവിനെ വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചു. വന്ദ്യപിതാവ് തന്റെ നീണ്ടു വളർന്ന വെളുത്ത താടിയിൽ തടവി കൊണ്ടെടുത്ത നിലപാടാണ് നോവലിന്റെ ക്ലൈമാക്‌സ്.
‘‘കാലാകാലങ്ങളായി സഭയ്ക്ക് സാമ്പത്തികവിഹിതം നൽകി പരിപാലിക്കുന്നവരെ എന്തിനാണ് കത്തനാർ വെറുപ്പിക്കുന്നത്. ദേവാലയത്തെ ഇടിച്ചു കളയാനല്ലാതെ പണിതുയർത്താനാണ് കത്തനാരേ അങ്ങോട്ടയച്ചത്.” അങ്ങനെ, കത്തനാരെ കേരളത്തിലേക്ക് മടക്കിക്കൊണ്ടുവരുവാൻ സഭാനേതൃത്വം തീരുമാനിച്ചു. ലണ്ടനിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നതിനിടയിൽ ഒരു വൃക്ക ദാനമായി ഒരു ഹൈന്ദവന് നല്കാനും അദ്ദേഹം മറന്നില്ല. അതാവട്ടെ, അടുത്തിടെ ഒരു ഹൈന്ദവൻ ക്രൈസ്തവ നായ ഒരാൾക്ക് സ്വന്തം ഹൃദയം ദാനം ചെയ്ത മഹത്തായ അവയവ ദാനമെന്ന പത്ര വാർത്തയെ ഉദ്‌ഘോഷിക്കുന്ന തരത്തിലാണ് വായനക്കാരുടെ സ്മരണീയപഥത്തിലെത്തുന്നത്. യഥാർത്ഥ സംഭവം നടക്കുന്നതിനും എത്രയോ മുൻപ് കാരൂർ സോമൻ ഈ സംഭവം തന്റെ മനോരഥത്തിൽ കാണുകയും അക്ഷരങ്ങളായി എഴുതിത്തീർക്കുകയും ചെയ്തിരിക്കുന്നു. കത്തനാർ കേരളത്തിൽ തിരിച്ചെത്തിയിരിക്കുന്നു. അദ്ദേഹം വിദേശത്തേക്ക് പോകും മുൻപ് ഹൃദയം നൊന്ത് പ്രാർത്ഥിച്ച കാൻസർ രോഗികളും സംസാരിക്കാൻ കഴിവില്ലാത്തവരും രോഗസൗഖ്യം പ്രാപിച്ചിരിക്കുന്നു. അങ്ങനെ ശിഷ്ടകാലം അംഗവൈകല്യം ബാധിച്ചവരുടെ അധിപനായും കൃഷിക്കാരനായും അതിലുമുപരി വെറുമൊരു സാധാരണക്കാരനുമായി ജീവിതം തള്ളിനീക്കാൻ തയ്യാറെടുക്കുമ്പോഴാണ്, ബിഷപ്പാക്കാൻ സഭാനേതൃത്വം തീരുമാനിച്ച വാർത്ത എത്തുന്നത്. ആ തീരുമാനം കത്തനാർ സ്‌നേഹത്തോടെ നിരസിച്ചു. അതറിഞ്ഞ് മാധ്യമപട അദ്ദേഹത്തെ കാണാനെത്തുന്നു. അവരോട് കത്തനാർ പറഞ്ഞ മറുപടി ശരിക്കും സമൂഹത്തോടുള്ളതായിരുന്നു- ”ഈ അംഗവൈകല്യമുള്ളവരെ, ഈ പ്രകൃതിയെ സേവിക്കാനാണ് എന്റെ നിയോഗം. ഒരു ജനസേവകന് എം.എൽ.എ. ആകണമെന്നില്ല. ഒരു പദവിയുമില്ലാത്ത ജനസേവനം യേശുവിനെപോലെ ചെയ്യാനാണ് എന്റെ ആഗ്രഹം.”
എല്ലാവിധ സാമൂഹിക സങ്കൽപ്പങ്ങളെയും തകിടം മറിച്ചു കൊണ്ട്, ഈ നോവൽ ശരിക്കും ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തുന്നത് ഇവിടെയാണ്. യാഥാസ്ഥിതികരായ സമുദായ ങ്ങൾക്കും ഈശ്വരനെ അറിയാനാഗ്രിക്കുന്നവർക്കും ജ്ഞാനാന്ധകാരമെന്ന സമകാലികപ്രതി സന്ധിയുടെ മുന്നിൽ നിന്ന് അഹംബോധമില്ലാത്ത, നിസ്വാർത്ഥമായ പ്രകാശത്തിന്റെ മെഴുകു തിരി വെട്ടം സമ്മാനിക്കുമെന്ന കാര്യത്തിൽ സംശയമേതുമില്ല. (ഈ കൃതി പ്രസിദ്ധികരിച്ചത് മീഡിയ ഹൗസ് കോഴിക്കോട്.)
മിനി സുരേഷ്
‘കാവൽക്കാരുടെ സങ്കീർത്തനങ്ങൾ’ ഇന്ന് മുതൽ മലയാളീപത്രം പ്രസിദ്ധീകരിച്ചു തുടങ്ങുന്നു
ഒന്നാം അദ്ധ്യായം വായിക്കാം >>