ചരക്കുകപ്പലിടിച്ചു, അമേരിക്കയിലെ കൂറ്റൻ പാലം നദിയിൽ തക‍‍ർന്നു വീണു.

ചരക്കുകപ്പലിടിച്ചു, അമേരിക്കയിലെ കൂറ്റൻ പാലം നദിയിൽ തക‍‍ർന്നു വീണു.

അപകടം നടന്നത് വാഹനങ്ങൾ പാലത്തിലുള്ളപ്പോൾ

ബാൾട്ടിമോർ: ചരക്കുകപ്പൽ ഇടിച്ചതിന് പിന്നാലെ അമേരിക്കയിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നു. ചൊവ്വാഴ്ചയാണ് സംഭവം. നിരവധി കാറുകളും യാത്രക്കാരും പാലത്തിലുണ്ടായ സമയത്താണ് അപകടമുണ്ടായത്. പ്രാദേശിക സമയം രാത്രി 1.30-ഓടെയാണ് സംഭവമുണ്ടായത്. നിരവധി പേർ അപകടത്തിൽപ്പെട്ടതായാണ് വിവരം. ബാൾട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്നാണ് തകർന്നത്. 3 കിലോമീറ്റം നീളമാണ് ഈ പാലത്തിനുള്ളത്. അപകടത്തിൽ എത്ര പേർ ഉൾപ്പെട്ടതായി ഇനിയും വ്യക്തതയില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. കൊളംബോയിലേക്ക് പുറപ്പെട്ട ദാലി എന്ന കണ്ടെയ്നർ കപ്പലിടിച്ചാണ് പാലം തകർന്നത്. നിരവധി ബോട്ടുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. 1977-ൽ നിർമ്മിതമായ പാലമാണ് തകർന്നത്.

മേരിലാൻഡ് സംസ്ഥാനത്തെ ബാൾട്ടിമോർ നഗരത്തിൽ പറ്റാപ്‌സ്‌കോ നദിക്കു മുകളില്‍ 1.6 മൈല്‍ (2.57 കിലോമീറ്റർ) ദൂരത്തില്‍ നാലുവരിയാണ് ഫ്രാൻസിസ് സ്കോട്ട് കീ പാലം. ഇടിയുടെ ആഘാതത്തിൽ പാലം പൂർണമായും തകർന്നു നദിയിലേക്കു വീഴുകയായിരുന്നു. ദാലി കപ്പലിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്. അതേസമയം, കപ്പലിലുള്ളവർക്ക് പരിക്കേറ്റതായി വിവരമില്ല. പാലത്തിന്റെ പ്രധാന തൂണിലായിരുന്നു കപ്പല്‍ ഇടിച്ചത്. ഇടിയുടെ ഭാഗമായി കപ്പലിന് തീപിടിച്ചതായും, ഡീസൽ നദിയിൽ കലർന്നതായും റിപ്പോർട്ടുകളുണ്ട്.

അതിദാരുണമായ അപകടമെന്നാണ് പ്രസിഡന്‍റ് ജോ ബൈഡൻ പ്രതികരിച്ചത്. പാലം എത്രയും വേഗം കേന്ദ്ര ഗവൺമെന്‍റ് പുനർ നിർമ്മിക്കും. രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ മുൻഗണനയെന്നും ബൈഡൻ പറഞ്ഞു.