
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടികയായി. സംസ്ഥാന കമ്മിറ്റിയാണ് പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഒരു മന്ത്രിയടക്കം നാല് എംഎൽഎമാർ, മൂന്ന് സിപിഎം ജില്ലാ സെക്രട്ടറിമാർ എന്നിങ്ങനെ കരുത്തരായ നേതാക്കളെയാണ് ഇത്തവണ സിപിഎം ലോക്സഭ തെരഞ്ഞെടുപ്പിന് രംഗത്തിറക്കിയിരിക്കുന്നത്.
ആലത്തൂരിൽ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ. രാധാകൃഷ്ണൻ ആയിരിക്കും മത്സരിക്കുക. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ എംഎല്‍എ വടകരയിലും, ടി എം തോമസ് ഐസക് പത്തനംതിട്ടയിലും, എളമരം കരീം കോഴിക്കോടും മത്സരിക്കും. പൊന്നാനിയിൽ മുന്‍ മുസ്ലീം ലീഗ് നേതാവ് കെഎസ് ഹംസ സിപിഎം സ്ഥാനാര്‍ത്ഥിയാകും. മലപ്പുറത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വസീഫ് സ്ഥാനാര്‍ത്ഥിയാകും. ചാലക്കുടിയിൽ മുന്‍ മന്ത്രി സി രവീന്ദ്രനാഥ് മത്സരിക്കും. എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ ജെ ഷൈൻ ആയിരിക്കും മത്സരിക്കുക. പാലക്കാട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവനും കണ്ണൂരില്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനും കാസര്‍കോട് സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്മണനും തിരുവനന്തപുരത്ത് ജില്ലാ സെക്രട്ടറി വി ജോയി എംഎല്‍എയും മത്സരിക്കും. കൊല്ലത്ത് എം മുകേഷ് എംഎല്‍എയുമായിരിക്കും മത്സരിക്കുക.
സിപിഐ സ്ഥാനാർഥികളെ സംബന്ധിച്ച് നേതൃതലത്തിൽ ഏകദേശ ധാരണയായി. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ മത്സരിക്കാനാണ് ധാരണയെന്ന് സിപിഐ നേതാക്കൾ പറയുന്നു. മാവേലിക്കരയിൽ യുവനേതാവ് സി.എ. അരുൺകുമാറിനും തൃശൂരിൽ മുൻ മന്ത്രി വി.എസ്. സുനിൽകുമാറിനുമാണ് ജില്ലയിൽനിന്നുള്ള പിന്തുണ. സംസ്ഥാന സമിതിയിൽ മറിച്ചൊരു തീരുമാനത്തിനു സാധ്യതയില്ല. വയനാട്ടിൽ മാത്രമാണ് ചർച്ചകൾ തുടരുന്നത്. ആനി രാജയുടെ പേരിനാണ് ചർച്ചകളിൽ മുൻതൂക്കം.