നോവ കഖോവ്ക ഡാം തകർച്ച: അവസാന ആണവനിലയവും അടച്ച് യുക്രൈൻ.

നോവ കഖോവ്ക ഡാം തകർച്ച: അവസാന ആണവനിലയവും അടച്ച് യുക്രൈൻ.

കീവ്: നോവ കഖോവ്ക അണക്കെട്ട് തകർന്നുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് പ്രവർത്തനത്തിലിരുന്ന അവസാന ആണവനിലയവും യുക്രൈൻ അടച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സാഫോറീസിയയാണ് സുരക്ഷാ ആശങ്കയെത്തുടർന്ന് അടച്ചത്. തെക്കൻ യുക്രൈനിലെ റഷ്യൻ നിയന്ത്രിത മേഖലയിലുള്ള നോവ കഖോവ്ക അണക്കെട്ട് ചൊവ്വാഴ്ചയാണ് സ്ഫോടനത്തിൽ തകർന്നത്. ഇതിനുപിന്നാലെ നിപ്രോ നദിയുടെ ഇരുകരകളിലും ഹെർസോണിലും വെള്ളപ്പൊക്കമുണ്ടായി. നദീതീരത്തുനിന്ന് പതിനായിരങ്ങളെയാണ് ഒഴിപ്പിച്ചത്. വെള്ളപ്പൊക്കമുയർത്തിയ ഭീഷണിയെക്കൂടാതെ സമീപപ്രദേശങ്ങളിൽ ഷെല്ലാക്രമണം രൂക്ഷമായതും നിലയമടയ്ക്കാൻ നിർബന്ധിതമാക്കിയെന്നാണ് യുക്രൈൻ പറയുന്നത്. ആക്രമണം ഊർജവിതരണലൈനുകളെ തകരാറിലാക്കിയതാണ് നിലയമടയ്ക്കാൻ കാരണമെന്ന് യുക്രൈന്റെ ആണവ ഏജൻസിയായ എനർഗോടൊം അറിയിച്ചു. അണക്കെട്ട് തകർത്തതിൽ ഇരുരാജ്യങ്ങളും പരസ്പരം പഴിചാരുകയാണ്. അണക്കെട്ട് തകർത്തതിൽ ഉത്തരവാദി യുക്രൈൻ ആണെന്ന് റഷ്യ കുറ്റപ്പെടുത്തി. ഹീനമായ കൃത്യം എന്നാണ് പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ കൃത്യത്തെ വിശേഷിപ്പിച്ചത്. ഡാം തകർത്തതിൽ അന്വേഷണം വേണമെന്ന് തുർക്കി പ്രസിഡന്റ് രജപ് തയിപ് എർദോഗൻ ആവശ്യപ്പെട്ടു. സംഭവത്തെ ബ്രിട്ടൻ പ്രധാനമന്ത്രി റിഷി സുനക് അപലപിച്ചു.

റഷ്യ യുക്രൈൻ യുദ്ധം ആരംഭിച്ചിട്ട് 472 ദിവസം പിന്നിടുമ്പോഴും ഇരു രാജ്യങ്ങളും പരസ്പരം ആക്രമണം തുടരുകയാണ്. വെള്ളിയാഴ്ച രാത്രി മുഴുവൻ യുക്രൈന്റെ പലമേഖലകളിലും റഷ്യ കനത്ത വ്യോമാക്രമണം നടത്തി. നാല് യുക്രൈൻ സൈനികർ കൊല്ലപ്പെട്ടു. ഇറാൻ നിർമിത ഷഹേദ് ഡ്രോണുകളുപയോഗിച്ചായിരുന്നു റഷ്യയുടെ ആക്രമണം. 20 ഡ്രോണുകളും രണ്ട് മിസൈലുകളും വ്യോമപ്രതിരോധസംവിധാനം വെടിവെച്ചിട്ടതായി യുക്രൈൻ അറിയിച്ചു. വ്യാവസായിക നഗരങ്ങളായ ഹെർസോണിലും സാഫോറീസിയയിലും വെള്ളിയാഴ്ച ഇരുസൈന്യങ്ങളും തമ്മിൽ 34 തവണ ഏറ്റുമുട്ടലുണ്ടായതായി യുക്രൈന്റെ സൈനികമേധാവി അറിയിച്ചു. ഒഡേസ തുറമുഖത്തിനുനേരെയുണ്ടായ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടുവെന്നും 20-ലധികം പേർക്ക് പരിക്കേറ്റുവെന്നും യുക്രൈൻ ദുരന്തനിവാരണസേന അറിയിച്ചു.