ഇന്നസെന്റ് ഓർമ്മയായി.

ഇന്നസെന്റ് ഓർമ്മയായി.

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരവും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റ് (75) അന്തരിച്ചു. ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്റെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. അർബുദത്തെ തുടർന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാൻസറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്. ചലച്ചിത്ര നിർ‌മാതാവ്, വ്യവസായി, ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ആലീസാണ് ഭാര്യ. മകൻ: സോണറ്റ്. മരുമകൾ രശ്മി. പേരക്കുട്ടികൾ: ഇന്നസന്റ് ജൂനിയർ, അന്ന.

രാവിലെ എട്ടുമുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചയ്ക്ക് ഒരു മണി മുതൽ 3.30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിക്കും. വൈകുന്നേരം സ്വവസതിയായ ഇരിങ്ങാലക്കുട ‘പാർപ്പിട’ത്തിൽ എത്തിക്കും. സംസ്കാരം ചൊവ്വാ രാവിലെ 10-ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ.

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ തെക്കേത്തല വറീത് – മാർഗലീത്ത ദമ്പതികളുടെ എട്ടു മക്കളിൽ അഞ്ചാമനായി 1948 ഫെബ്രുവരി 28 നാണ് ഇന്നസന്റിന്റെ ജനനം. ലിറ്റിൽഫ്ലവർ കോണ്‍വെന്റ് ഹൈസ്കൂൾ, നാഷനൽ ഹൈസ്കൂൾ, ഡോണ്‍ ബോസ്കോ എസ്എൻഎച്ച് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ച ശേഷം കുറച്ചുകാലം കച്ചവടക്കാരനായി. പിന്നീട് തീപ്പെട്ടിക്കമ്പനി ഉടമ, തുകൽക്കച്ചവടക്കാരൻ, വോളിബോൾ കോച്ച്, സൈക്കിളിൽ സഞ്ചരിച്ചു ചീപ്പും സോപ്പും കണ്ണാടിയും വിൽക്കുന്ന കച്ചവടക്കാരൻ എന്നിങ്ങനെ പല ജോലികളിൽ ഏർപ്പെട്ടു. അതിനിടെ നാടകങ്ങളിലും അഭിനയിച്ചു.

തൃശൂർ ശൈലിയിലുള്ള സംസാരവും അനായാസ അഭിനയ മികവും ശരീരഭാഷയിലെ സവിശേഷതകളുമാണ് ഇന്നസന്റിനു പ്രേക്ഷക മനസ്സുകളിൽ ഇടംനേടിക്കൊടുത്തത്. ‘റാംജിറാവു സ്പീക്കിങ്ങി’ലെ മാന്നാർ മത്തായി, ‘കാബൂളിവാല’യിലെ കന്നാസ്, ‘കിലുക്ക’ത്തിലെ കിട്ടുണ്ണി, ‘ദേവാസുര’ത്തിലെ വാര്യർ, ‘ഗോഡ്ഫാദറി’ലെ സ്വാമിനാഥൻ തുടങ്ങി നിരവധി കഥാപാത്രങ്ങൾ ഇന്നസന്റിലൂടെ അവിസ്മരണീയരായി. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി 18 വർഷം പ്രവർത്തിച്ചു. ഹാസ്യനടനും സ്വഭാവ നടനുമായി ഒരേപോലെ തിളങ്ങിയ ഇന്നസന്റ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായി എഴുനൂറ്റൻ‌പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1989-ൽ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും (‘മഴവിൽക്കാവടി’) നിർമാതാവെന്ന നിലയിൽ 1981-ലും (‘വിട പറയും മുൻപേ’), 1982-ലും (‘ഓർമയ്ക്കായ്’) മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി. 2009-ൽ ‘പത്താം നിലയിലെ തീവണ്ടി’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സ്റ്റേറ്റ് ഫിലിം ക്രിറ്റിക്സ് പുരസ്കാരത്തിന് അർഹനായി.