ഭാര്യയുടെ പിണക്കം മാറ്റാൻ രണ്ട് ലോട്ടറി എടുത്തു; 2 മില്യൺ സമ്മാനം.

ഭാര്യയുടെ പിണക്കം മാറ്റാൻ രണ്ട് ലോട്ടറി എടുത്തു; 2 മില്യൺ സമ്മാനം.

വോളോങ്കോങ്: ഭാര്യയുടെ പിണക്കം മാറ്റാന്‍ ലോട്ടറി എടുത്ത് കൊടുക്കുകയും അതിന് സമ്മാനം ലഭിക്കുകയും വേണമെങ്കില്‍ ചില്ലറ ഭാഗ്യമൊന്നും പോര. അത്തരത്തില്‍ വളരെയേറെ കൗതുകമുള്ള കാര്യമാണ് കഴിഞ്ഞ ദിവസം വോളോങ്കോങ്ങിൽ സംഭവിച്ചിരിക്കുന്നത്. ന്യൂസൗത്ത് വെയ്ല്‍സിലെ വോളോങ്കോങ്ങിലുള്ള ദമ്പതിമാര്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി എല്ലാ ആഴ്ചയിലും ടിക്കറ്റ് വാങ്ങാറും ബെറ്റ് വെക്കാറും ഉണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഭര്‍ത്താവ് ഇത് ചെയ്യാന്‍ മറന്ന് പോയി. ഇതില്‍ കലിപൂണ്ട ഭാര്യ ഭര്‍ത്താവിനോട് ദിവസങ്ങളോളം മിണ്ടാതിരിക്കുകയും ചെയ്തു. ഭാര്യയുടെ പിണക്കം മാറ്റാന്‍ കഴിഞ്ഞ ആഴ്ചയിലെ തന്റെ മറവിക്ക് പ്രായ്ശ്ചിത്തമായി ഭര്‍ത്താവ് ഈ ആഴ്ച രണ്ട് ലോട്ടറി ടിക്കറ്റ് വാങ്ങി. എന്നാല്‍ ഭാര്യയുടെ പിണക്കം മാറിയതിനോടൊപ്പം ഒറ്റ രാത്രി കൊണ്ട് കോടീശ്വരനാകാനും ഇവർക്ക് സാധിച്ചു.

ഭാര്യയുടെ പിണക്കം മാറ്റാനായി എടുത്ത രണ്ട് ടിക്കറ്റിലും ഇദ്ദേഹത്തിന് സമ്മാനമടിക്കുകയായിരുന്നു. ആദ്യ ടിക്കറ്റിലെ അക്കങ്ങള്‍ ഭാര്യ തന്നെയാണ് ഒത്തുനോക്കിയത്. ആദ്യ ടിക്കറ്റില്‍ ഒരു മില്യൺ സമ്മാനമുണ്ട് എന്ന് ഭാര്യ ഭര്‍ത്താവിനോട് പറഞ്ഞു. അപ്പോഴാണ് അതേ കോമ്പിനേഷനില്‍ മറ്റൊരു ടിക്കറ്റും താന്‍ എടുത്തിട്ടുണ്ട് എന്ന് ഭര്‍ത്താവ് പറഞ്ഞത്. ഇതോടെ രണ്ടാമത്തെ ടിക്കറ്റും എടുത്ത് ഒത്ത് നോക്കി. ഇതിലും ഒരു മില്യൺ സമ്മാനമായി ലഭിക്കുകയായിരുന്നു. രണ്ട് ടിക്കറ്റിലും കൂടി രണ്ട്‌ മില്യൺ ആണ് ദമ്പതികളെ തേടിയെത്തിയത്. തിങ്കളാഴ്ച്ചയും ബുധനാഴ്ച്ചയും നറുക്കെടുക്കുന്ന ലോട്ടോയാണ് ഇവർക്ക് സമ്മാനം നേടി കൊടുത്തത്.