വേനൽ ചിന്തകൾ

വേനൽ ചിന്തകൾ

ഓരോ വേനലും നിശബ്‍ദമായി,
വഴിക്കോണിലൂടെ ഒളിഞ്ഞു കയറി,
പുൽനാമ്പുകളിലെ ഹരിതജീവൻ
മൊത്തിക്കുടിച്ചു, ഊത വർണ്ണം
തുപ്പുന്നോരു നിലതെറ്റിയ,
പ്രണയം പോലെ…

രാവുകളിൽ, ഇടവിട്ട്
മിന്നൽ ചാട്ട ചുഴറ്റി;
സ്വേദകണങ്ങൾ വിതച്ചു,
പിന്നെ, ഏതോ യാമങ്ങളിൽ-
മഴത്തൂവലുകൾ കുടഞ്ഞെറിഞ്ഞു,
മുറുകെ പുണർന്നു ചുംബിക്കുന്നൊരു ;

കൗമാരപ്രണയി…

പകലുകളിൽ,
ഉഷ്ണം ഉരുക്കിയൊഴുക്കി;
ഉടയാടകളിൽ ഈറൻ വാർന്നു,
നടവഴികളിലെ മൃത ദലകമ്പളങ്ങളെ
കാറ്റൂതി ഉയിരേകി,
ഒടുവിലായ്;
തിമർത്തു വീഴുന്നൊരു മഴയാൽ
നനച്ചു കുതിർത്തു,
എപ്പോഴും പിണങ്ങി പിരിഞ്ഞു
പോകുന്നൊരെന്റെ,
പ്രണയം….

ബിജു കൃഷ്ണപിള്ള – മെൽബൺ