കോടിയേരി ബാലകൃഷ്‍ണന്‍ അന്തരിച്ചു.

കോടിയേരി ബാലകൃഷ്‍ണന്‍ അന്തരിച്ചു.

ചെന്നൈ: കേരള സംസ്ഥാന രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാക്കളിലൊരാളും സിപിഎം പിബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ (68) അന്തരിച്ചു. അർബുദ ബാധിതനായി ഏറെ നാളായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് തലശ്ശേരിയില്‍ എത്തിക്കും. മൂന്ന് മണിമുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. സംസ്ക്കാരം തിങ്കളാഴ്ച്ച മൂന്ന് മണിക്ക്.

മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ അമരക്കാരനായിരുന്നു കോടിയേരി. മൂന്ന് തവണയാണ് സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ കോടിയേരി നയിച്ചത്. അഞ്ചുതവണ തലശ്ശേരിയില്‍ നിന്ന് എംഎല്‍എയായി. 2006–11 കാലയളവിൽ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2001 ലും 2011 ലും നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായും പ്രവർത്തിച്ചു.

കണ്ണൂർ കല്ലറ തലായി എൽപി സ്കൂൾ അധ്യാപകനായിരുന്ന കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകനായി 1953 നവംബർ 16 നാണ് ജനനം. കോടിയേരിയിലെ ജൂനിയർ ബേസിക് സ്കൂൾ, കോടിയേരി ഓണിയൻ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. മാഹി മഹാത്മാഗാന്ധി കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽനിന്ന് പ്രീഡിഗ്രിയും ബിരുദപഠനവും പൂർത്തിയാക്കി. സിപിഎം നേതാവും തലശേരി മുൻ എംഎൽഎയുമായ എം.വി. രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക്‌ സെന്റർ ജീവനക്കാരിയും ആയ എസ്.ആർ. വിനോദിനിയാണ് ഭാര്യ. ബിനോയ്, ബിനീഷ് എന്നിവരാണ് മക്കൾ. മരുമക്കൾ: ഡോ. അഖില, റിനീറ്റ.