കേരളത്തിൽ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഇന്ന് ഐ എൻ എസ് വിക്രാന്ത് സേനയ്ക്ക് കൈമാറും.

കേരളത്തിൽ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഇന്ന് ഐ എൻ എസ് വിക്രാന്ത് സേനയ്ക്ക് കൈമാറും.

കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മലയാളത്തനിമയുള്ള വേഷത്തിലും ഭാവത്തിലുമാണ് പ്രത്യക്ഷപ്പെട്ടത്. കസവ് മുണ്ടും നേര്യതും അതിനൊത്ത ഷർട്ടുമായിരുന്നു മോദിയുടെ വേഷം. വൈകിട്ട് അഞ്ച് മണിയോടെ കൊച്ചിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറുമടക്കമുള്ളവർ ചേർന്നാണ് സ്വീകരിച്ചത്.

നെടുമ്പാശ്ശേരിയില്‍ ബിജെപി പൊതുയോഗത്തില്‍ പങ്കെടുത്ത അദ്ദേഹം മലയാളികൾക്ക് ഓണാശംസകൾ നേര്‍ന്നു. കേരളത്തിൽ വികസന മുരടിപ്പുണ്ടെന്ന് വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി സർക്കാരുകൾ ഉള്ള സംസ്ഥാനങ്ങൾ ഇരട്ടക്കുതിപ്പിലാണെന്നു അഭിപ്രായപ്പെട്ടു. കേന്ദ്രത്തിൽ ഉള്ളത് ഇരട്ട എഞ്ചിൻ സർക്കാറാണ്, രാജ്യത്ത് ബിജെപി സർക്കാർ ഉള്ള സ്ഥലത്ത് വികസനം നടക്കുന്നു.കേരളത്തിലും ഇത് വരേണ്ടതാണ് നരേന്ദ്രമോദി പറഞ്ഞു. പ്രധാനന്ത്രി ആവാസ് യോജന പ്രകാരം കേരളത്തിൽ രണ്ട് ലക്ഷം വീട് നൽകിയെന്ന് മോദി പറഞ്ഞു. ഒരു ലക്ഷം വീടുകൾ ഇതിനകം പൂർത്തിയാക്കി. കിസാൻ ക്രെഡിറ്റ് കാർഡ് പോലെ പദ്ധതി മത്സ്യത്തൊഴിലാളി മേഖലയിലും നടപ്പാക്കുകയാണ്. മഹാമാരി കാലത്ത് കേരളത്തിൽ ഒന്നര കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ കൊടുത്തു. ഇതിനു 6000 കോടി ചെലവഴിച്ചു. 36 ലക്ഷം രോഗികൾക്ക് ആയുഷ്മാൻ പദ്ധതിയിലൂടെ സൗജന്യ ചികിത്സ നൽകി. 3000 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. നമസ്‌കാരം പറഞ്ഞ് മലയാളത്തിൽ എല്ലാവർക്കും ഓണാശംസകൾ നേർന്നായിരുന്നു അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

സിയാൽ കൺവെൻഷൻ സെന്‍ററിൽ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. കൊച്ചി മെട്രോ വികസനം നാടിന് സമർപ്പിച്ച പ്രധാനമന്ത്രി കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് ഒരു ലക്ഷം കോടിയുടെ പദ്ധതി നൽകുമെന്ന് പ്രഖ്യാപിച്ചു. കാലം മാറുന്നതിനനുസരിച്ചുള്ള വികസനം എല്ലാ രംഗത്തും ഉണ്ടാകണം. അതിന് വേണ്ടിയുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് കേന്ദ്രം സഹായം നൽകും. ഗവർണർ ആരിഫ് ഖാനടക്കമുള്ളവർ വേദിയിൽ സന്നിഹിതരായിരുന്നു. മെട്രോ പുതിയപാത എസ് എൻ ജംഗ്ഷൻ മുതൽ വടക്കേക്കോട്ടവരെയാണ്. മെട്രോ പുതിയപാത കൊച്ചിയുടെ വികസനത്തിന് പുതിയമുഖം നൽകുമെന്ന് ഉദ്ഘാടനം നടത്തിയ പ്രധാനമന്ത്രി പറഞ്ഞു. ഗതാഗതക്കുരുക്കും മലീനീകരണവും കുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എറണാകുളം ജംഗ്ഷൻ, എറണാകുളം, ടൗൺ സ്റ്റേഷൻ, കൊല്ലം സ്റ്റേഷൻ എന്നീ റെയിൽവേ വികസന പദ്ധതികളുടെ പുനർനവീകരണത്തിനും അദ്ദേഹം തുടക്കം കുറിച്ചു. കൊല്ലം-പുനലൂർ പാതയുടെ വൈദ്യുതീകരണം രാജ്യത്തിന് സമർപ്പിച്ചു. കേരളത്തിന് ഓണസമ്മാനമായി 4600 കോടിയുടെ പദ്ധതി സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 25 വർഷക്കാലം മഹത്തായ വികസന ലക്ഷ്യമാണ് മുന്നോട്ട് വെയ്‌ക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. കുറുപ്പന്തറ – കോട്ടയം -ചിങ്ങവനം സെക്ഷന്റെ വികസനത്തിനും അദ്ദേഹം തുടക്കമിട്ടു. കോട്ടയം – എറണാകുളം സ്‌പെഷ്യൽ ട്രെയിനും കൊല്ലം- പുനലൂർ സ്‌പെഷ്യൽ ട്രെയ്‌നും അദ്ദേഹം ഫ്‌ലാഗ്ഓഫ് ചെയ്തു. കോട്ടയം ഇരട്ടപ്പാത വികസനത്തെക്കുറിച്ചും പ്രധാനമന്ത്രി വിവരിച്ചു. കേരളത്തിന്റെ റെയിൽവേ വികസനത്തിലെ നാഴികകല്ലാകും പദ്ധതി. ശബരിമല തീർത്ഥാടകർക്കും സാധാരണക്കാർക്കും ഏറ്റവും ഗുണം ചെയ്യുന്നതാണ് പദ്ധതിയെന്ന് മോദി ചൂണ്ടികാട്ടി. രാജ്യത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള വികസനം നടക്കുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ന് (വെള്ളിയാഴ്ച) പ്രധാനമന്ത്രിയുടെ പ്രധാന പരിപാടി കൊച്ചി ഷിപ്പയാർഡിൽ ഐ എൻ എസ് വിക്രാന്ത് ഒദ്യോഗികമായി സേനയ്ക്ക് കൈമാറുക എന്നതാണ്. 20,000 കോടിരൂപ ചെലവഴിച്ച് രാജ്യത്ത് നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലിന്‍റെ കമ്മീഷനിംഗ് ആഘോഷമാക്കാൻ ഒരുക്കം പുരോഗമിക്കുകയാണ്. രാവിലെ 9.30 മുതൽ കൊച്ചി കപ്പൽശാലയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാകയും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. 76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ട് കപ്പൽ നിർമ്മാണ് പൂർത്തിയാക്കിയത്. ചടങ്ങിന് ശേഷം കൊച്ചി നാവിക ആസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് ബംഗലുരുവിലേക്ക് തിരിക്കും.