
ന്യൂയോർക്ക്∙ ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെയെത്തിക്കുന്ന ദൗത്യമായ ആർട്ടിമിസിന് ഇന്നു തുടക്കം. പരമ്പരയിലെ ആദ്യ ദൗത്യമായ ആർട്ടിമിസ് 1 ഇന്ന് 10.30 pm (AEST) ഫ്ലോറിഡയിലെ കേപ് കാനവറലിൽ നിന്ന് കുതിച്ചുയരും. നാല് പേർക്ക് സഞ്ചരിക്കാവുന്ന പേടകത്തിൽ ഇത്തവണ മൂന്ന് ഡമ്മികൾ മാത്രം. കാംപോസും ഹെൽഗയും സോഹാറും. ഈ ഡമ്മികളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ മനുഷ്യ യാത്രയ്ക്ക് പേടകം സജ്ജമാണോയെന്ന് ഉറപ്പിക്കും. ചന്ദ്രനെ ചുറ്റി തിരിച്ചു വരുന്ന പേടകം തിരികെ ഭൂമിയിൽ പ്രവേശിക്കുന്നത് ഒക്ടോബർ പത്താം തീയതിയാണ് . എല്ലാം കൃത്യമായി നടന്നാൽ അടുത്ത വർഷം മനുഷ്യരുമായുള്ള ആദ്യ യാത്ര ഉണ്ടാകുമെന്നു നാസ അറിയിച്ചു. 2024-ൽ ചന്ദ്രനു ചുറ്റും യാത്രികർ ഭ്രമണം ചെയ്യാനും 2025-ൽ ആദ്യ സ്ത്രീയുൾപ്പെടെ യാത്രികരെ ചന്ദ്രോപരിതലത്തിലെത്തിക്കാനും ആണ് നാസ പദ്ധതിയിടുന്നത്.
ലോകത്തിലെ ഏറ്റവും കരുത്തുറ്റതും 322 അടി ഉയരമുള്ള റോക്കറ്റുമായ സ്‌പേസ് ലോഞ്ച് സിസ്റ്റമാണ് (എസ്എൽഎസ്) യാത്രികരുടെ പേടകമായ ഓറിയോൺ വഹിക്കുന്നത്. 50 വർഷങ്ങൾക്ക് മുൻപ് അപ്പോളോ ദൗത്യങ്ങളിൽ ഉപയോഗിച്ച സാറ്റേൺ ഫൈവ് റോക്കറ്റുകളെക്കാൾ ഉയരം കുറഞ്ഞതാണ് എസ്എൽഎസ് എങ്കിലും കരുത്ത് കൂടുതലാണ്. 11 അടി പൊക്കമുള്ളതാണ് ഒറിയോൺ പേടകം. 4 യാത്രികരെ വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. 9300 കോടിയിലധികം യുഎസ് ഡോളർ ചെലവു വരുന്നതാണ് ആർട്ടിമിസ് പദ്ധതി. ആദ്യദൗത്യത്തിന് 400 കോടി യുഎസ് ഡോളർ ചെലവുണ്ട്.