
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇന്നലെ രണ്ടു മണിക്കൂർ ഇ ഡി ചോദ്യം ചെയ്തു. ഉച്ചയ്ക്ക് 12 മണിയോടെയാണ് ചോദ്യം ചെയ്യലിന് സോണിയ ഗാന്ധി ഇ.ഡി. ആസ്ഥാനത്ത് എത്തിയത്. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും. സോണിയ ഗാന്ധിയുടെ അനാരോഗ്യം പരിഗണിച്ചാണ് ദീര്‍ഘനേരത്തെ ചോദ്യംചെയ്യല്‍ ഒഴിവാക്കിയതെന്നാണ് വിവരം. നേരത്തെ നോട്ടീസ് നല്‍കിയതിന് പിന്നാലെ കോവിഡ് ബാധിച്ച സോണിയ തുടര്‍ചികിത്സയുടെ ഭാഗമായി ചോദ്യംചെയ്യല്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സോണിയയെ ചോദ്യം ചെയ്തതില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുണ്ട്. ഡല്‍ഹിയില്‍ പ്രതിഷേധിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളേയും എം.പി.മാരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടയല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ അരങ്ങേറി. രാഷ്ട്രീയപ്രേരിതമാണ് സോണിയക്കും രാഹുലിനും നേരെയുള്ള നടപടിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുൽ ഗാന്ധിയെ കഴിഞ്ഞ മാസം വിശദമായി ഇഡി ചോദ്യം ചെയ്തിരുന്നു. ഈ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയേയും കോൺഗ്രസ് ട്രഷറർ പവൻ ബൻസാലിനെയും ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു. നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ്, ഉടമസ്ഥരായ യംഗ് ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ ഓഹരി ഇടപാടുകളും സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിച്ച് വരികയാണ്.