
ലണ്ടൻ: ബ്രിട്ടനിലെ പ്രധാനമന്ത്രിക്കസേരയ്ക്കായി കൺസർവേറ്റിവ് പാർട്ടിയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക് അഞ്ചാം റൗണ്ട് വോട്ടെടുപ്പിൽ 137 വോട്ടുമായി മുന്നിലെത്തി. രണ്ടാം സ്ഥാനത്തുള്ള ലിസ് ട്രസിന് 113 വോട്ടാണ് ലഭിച്ചത്. മത്സരരംഗത്ത് ഇനി ഋഷി സുനകും ലിസ് ട്രസും മാത്രമാണുള്ളത്. ഇനി കൺസർവേറ്റിവ് പാർട്ടി അംഗങ്ങൾക്കിടയിൽ പോസ്റ്റൽ ബാലറ്റ് വഴി വോട്ടെടുപ്പു നടത്തിയാണ് ബോറിസ് ജോൺസന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുക. ജയിച്ചാൽ വെള്ളക്കാരനല്ലാത്ത ആദ്യ ബ്രീട്ടീഷ് പ്രധാനമന്ത്രിയാകും ഋഷി സുനക്. ആകെയുള്ള 357 എംപിമാരിൽ മൂന്നിലൊന്നു പിന്തുണയ്ക്ക് 120 വോട്ടാണ് ആവശ്യം. അതിൽ കൂടുതൽ നേടിയാണ് അഞ്ചാം റൗണ്ടിൽ ഋഷിയുടെ ഉജ്വല മുന്നേറ്റം.
ബോറിസ് ജോൺസന്റെ ഏറ്റവും അടുത്ത അനുയായി കൂടിയായ ഋഷി സുനകിന്റെ രാജിയാണ് ബോറിസിന്റെ പ്രധാനമന്ത്രി പദം തെറിപ്പിച്ചത്. തന്നെ കൈപിടിച്ചുയർത്തിയ നേതാവിനെ പിന്നിൽ നിന്ന് കുത്തിയ രാഷ്‌ട്രീയക്കാരൻ എന്ന അപവാദമാണ് ടോറി അംഗങ്ങളുടെ ഇടയിൽ ഋഷി സുനക് നേരിടുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിലെ നികുതി വർദ്ധനവും, വിലക്കയറ്റവും ധനമന്ത്രിയായിരുന്ന ഋഷി സുനക് നേരിടേണ്ട മറ്റൊരു പ്രധാന വെല്ലുവിളിയാണ്. എന്നാൽ നേരിട്ട് ജനങ്ങളെ ബാധിക്കാത്ത വിദേശകാര്യ വകുപ്പാണ് എതിരാളിയായ ലിസ് ട്രസ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് പാർട്ടി അംഗങ്ങളുടെ ഇടയിലും ജനങ്ങളുടെ ഇടയിലും ട്രസിന് അവമതിപ്പില്ല. ഇത് അന്തിമഘട്ടത്തിൽ നിർണ്ണായകമായേക്കാം.
ഋഷി സുനക് ജയിച്ചാൽ ആദ്യത്തെ ബ്രിട്ടിഷ്–ഏഷ്യൻ പ്രധാനമന്ത്രിയാകും അദ്ദേഹം. ലിസ് ട്രസ് ആണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കിൽ ബ്രിട്ടന്റെ മൂന്നാമത്തെ മാത്രം വനിതാ പ്രധാനമന്ത്രിയാകും. സെപ്റ്റംബർ അഞ്ചിനാണ് അവസാന ഫലം പുറത്തു വരുന്നത്. പഞ്ചാബിലാണ് ഋഷി സുനക്കിന്റെ കുടുംബ വേരുകൾ. പഞ്ചാബിൽ ജനിച്ച്, തുടക്കത്തില്‍ കിഴക്കൻ ആഫ്രിക്കയിലേക്കും അവിടെനിന്ന് ബ്രിട്ടനിലേക്കും കുടിയേറിയവരാണ് ഋഷിയുടെ പൂർവികർ. ഋഷിയുടെ മാതാപിതാക്കൾ ഉഷയും യശ്‌വീരും ബ്രിട്ടനിലാണു ജനിച്ചത്. ഇവരുടെ മൂത്തമകനായി 1980 മേയ് 12-നാണ് ജനന. ഋഷിയുടെ ഭാര്യ ഇന്ത്യൻ ഐടി മേഖലയിലെ തലതൊട്ടപ്പനായ, ഇൻഫോസിസ് സ്ഥാപകരിലാരാളായ എൻ.ആർ നാരായണ മൂർത്തിയുടെ മകളാണ്.