കേരളത്തിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ചു; രോഗം വിദേശത്തുനിന്നെത്തിയ കൊല്ലം സ്വദേശിക്ക്.

കേരളത്തിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ചു; രോഗം വിദേശത്തുനിന്നെത്തിയ കൊല്ലം സ്വദേശിക്ക്.

കൊല്ലം: കേരളത്തിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ചു. കൊല്ലം സ്വദേശിക്കാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജ്ജാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരാൾക്ക് മങ്കി പോക്സ് സ്ഥിരീകരിക്കുന്നത്. മുൻപ് കോവിഡ് രോഗവും ഇന്ത്യയിൽ ആദ്യം കേരളത്തിലായിരുന്നു റിപ്പോർട്ട് ചെയ്തത്.

രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. യുഎഇയിൽ നിന്നെത്തിയതായിരുന്നു ഇയാൾ. രോഗിക്ക് മൂന്ന് പേരുമായി സമ്പർക്കമുണ്ടെന്നാണ് കണ്ടെത്തല്. വിമാനത്തിൽ അടുത്ത് യാത്ര ചെയ്ത 11 പേരെ വിവരം അറിയിച്ചിട്ടുണ്ട്. ഇവർ നിരീക്ഷണത്തിലാണ്. ലക്ഷണങ്ങൾ ആർക്കെങ്കിലും ഉണ്ടെങ്കിൽ ആശുപത്രി അധികൃതരെ അറിയിക്കണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശിച്ചു. എല്ലാ ജില്ലകൾകും ജാഗ്രതാ നിർദേശം നൽകി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽനിന്നാണു മെഡിക്കൽ കോളജിലേക്കു രോഗിയെ കൊണ്ടുവന്നത്. മെഡിക്കൽ കോളജിൽനിന്നാണു സാംപിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. അടുത്ത സമ്പർക്കം ഉണ്ടെങ്കിൽ മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു രോഗം പടരും.

ലോകത്ത് 50-ലധികം രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുള്ള പകർച്ചവ്യാധിയാണ് മങ്കിപോക്‌സ് അല്ലെങ്കിൽ വാനരവസൂരി. ചിക്കൻപോക്സിനും വസൂരിക്കും സമാനമായ രോഗലക്ഷണങ്ങളാണ് പൊതുവെ മങ്കിപോക്സ് ബാധിതരും പ്രകടിപ്പിക്കുക. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഈ രോഗത്തിന് പ്രത്യേക ചികിത്സ ലഭ്യമല്ലെന്നതാണ് വസ്തുത. നിലവിൽ വസൂരിയെ നേരിടാൻ ഉപയോഗിക്കുന്ന വാക്സിനാണ് മങ്കിപോക്സ് ബാധിതർക്കും നൽകുന്നത്. ഇത് 85 ശതമാനം ഫലപ്രദമാണ്. അടിയന്തിര സാഹചര്യങ്ങളിൽ മാത്രമാണ് വാക്സിൻ നൽകുക.

ലോകത്ത് നിരവധിയാളുകൾക്ക് വാനരവസൂരി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും രോഗം ഗുരുതരമായത് വിരളമാളുകൾക്ക് മാത്രമാണ്. വസൂരി പടർത്തുന്ന വൈറസുകളുടെ കുടുംബത്തിൽ ഉൾപ്പെടുന്ന ഈ പകർച്ചവ്യാധി അപൂർവ്വവും ഗുരുതരവുമായ വൈറൽ രോഗമാണെന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടാഴ്‌ച്ചക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. രോഗം സ്ഥിരീകരിച്ചാൽ ചിക്കൻപോക്സിന് സമാനമായി രോഗിയിൽ നിന്ന് അകലം പാലിക്കണം.

കുരങ്ങിൽ നിന്ന് പടരുന്ന വൈറൽ രോഗമാണിതെന്ന് പറയപ്പെടുന്നു. ഇവ എലികളിലും അണ്ണാനിലും നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരുമെങ്കിലും വ്യാപകമായി പടരാനുള്ള സാധ്യത കുറവാണ്. എങ്കിലും രോഗിയുമായി വളരെ അടുത്ത് ഇടപഴകുന്നതിലൂടെ വൈറസ് പടരാം.