ഒറ്റ റീച്ചാര്‍ജില്‍ 1,000 കിലോമീറ്റര്‍ യാത്രചെയ്യാവുന്ന ബാറ്ററി വികസിപ്പിച്ചതായി ചൈനീസ് കമ്പനി.

ഒറ്റ റീച്ചാര്‍ജില്‍ 1,000 കിലോമീറ്റര്‍ യാത്രചെയ്യാവുന്ന ബാറ്ററി വികസിപ്പിച്ചതായി ചൈനീസ് കമ്പനി.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 1000 കിലോമീറ്റര്‍ യാത്രചെയ്യാവുന്ന ബാറ്ററി വികസിപ്പിച്ചതായി ചൈനീസ് വാഹന ബാറ്ററിനിര്‍മാണ കമ്പനിയായ കണ്ടെംപററി അംപെരെക്‌സ് ടെക്‌നോളജി ലിമിറ്റഡ് (CATL). 255 വാട്ട് അവര്‍ പെര്‍ കിലോഗ്രാം ഊര്‍ജസാന്ദ്രതയുള്ള ബാറ്ററിയില്‍ മൂന്നാംതലമുറ സെല്‍ ടു പാക്ക് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങുമെന്നും കമ്പനി പറയുന്നു. ആയുസ്സ്, സുരക്ഷ, ചാര്‍ജ് ചെയ്യാനെടുക്കുന്ന വേഗം, താഴ്ന്ന ഊഷ്മാവിലുള്ള പ്രവര്‍ത്തനക്ഷമത എന്നിവയിലും ബാറ്ററി മികച്ചതാണെന്നും കമ്പനി അവകാശപ്പെടുന്നു.

ചൈനീസ് പുരാണകഥകളിലെ കഥാപാത്രമായ ക്വിലിന്റെ പേരാണ് ഈ ബാറ്ററിക്കു നല്‍കിയിരിക്കുന്നത്. ചൈനീസ് വിശ്വാസ പ്രകാരം രാജാക്കന്മാരുടെ ജനനസമയത്തും മരണ സമയത്തുമാണ് ക്വിലിന്‍ പ്രത്യക്ഷപ്പെടാറ്. ലോകത്തിലെ ഏറ്റവും വലിയ വൈദ്യുതി വാഹന നിർമാണ കമ്പനിയായ ടെസ്‌ല ലക്ഷ്യമിടുന്ന ബാറ്ററിയേക്കാള്‍ 13 ശതമാനം കൂടുതല്‍ ശേഷിയുണ്ട് തങ്ങളുടെ ബാറ്ററിക്കെന്നാണ് സിഎടിഎൽ അവകാശവാദം. നിലവില്‍ ടെസ്‌ലയ്ക്കു വേണ്ടി ബാറ്ററി നിർമിച്ചു നല്‍കുന്നുണ്ട് സിഎടിഎൽ. ടെസ്‌ലയ്ക്കു പുറമേ ഫോക്‌സ്‌വാഗണ്‍, ബിഎംഡബ്ല്യു പോലുള്ള മുന്‍ നിര കമ്പനികള്‍ക്ക് വേണ്ടിയും സിഎടിഎൽ ബാറ്ററി വിതരണം ചെയ്യുന്നുണ്ട്.