
വാഷിങ്ടൻ: ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികളുടെ വിലത്തകർച്ച തുടരുന്നു. ബിറ്റ്കോയിന്റെ പുതിയ വില 18,993 ഡോളറാണ്. ഒരാഴ്ചയ്ക്കിടെ മാത്രം മൂന്നിലൊന്ന് ഇടിവാണ് നേരിട്ടത്. കഴിഞ്ഞ നവംബറിൽ 69,000 ഡോളറായിരുന്ന ബിറ്റ്കോയിന്റെ വില. 2020 ഡിസംബറിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോഴുള്ളത്. രണ്ടാമത് ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറൻസിയായ എഥെറിയവും തകർച്ചയിലാണ്.
കഴിഞ്ഞ വർഷം നവംബറിൽ ക്രിപ്‌റ്റോ കറൻസിയുടെ മൂല്യം 2.9 ട്രില്യൺ ഡോളറിലെത്തിയിരുന്നു. എന്നാൽ 2022 ആരംഭിച്ചതോടെ മൂല്യത്തകർച്ചയാണ് നേരിടുന്നത്. കഴിഞ്ഞ രണ്ട് മാസം കൊണ്ട് ഒരു ട്രില്യൺ ഡോളറിലധികം മൂല്യം നഷ്ടപ്പെട്ടു. പണപ്പെരുപ്പം മുന്നിൽ കണ്ടും സെൻട്രൽ ബാങ്കുകളുടെ പലിശനിരക്ക് ഉയരുന്നതിന്റെ പശ്ചാത്തലത്തിലും നിക്ഷേപകർ ആസ്തികൾ ഉപേക്ഷിക്കുകയും തന്മൂലം മൂല്യത്തകർച്ച സംഭവിച്ചുവെന്നുമാണ് വിലയിരുത്തൽ.