ഇന്ത്യ, ഇസ്രായേല്‍, യു എ ഇ, യു എസ് പുതിയ കൂട്ടായ്മ; ‘ഐ2യു2’.

ഇന്ത്യ, ഇസ്രായേല്‍,യു എ ഇ, യു എസ് പുതിയ കൂട്ടായ്മ ഐ2യു2

വാഷിങ്ട‌ൻ: രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്കു സുപ്രധാന പദവിയുള്ള പുതിയൊരു കൂട്ടായ്മ കൂടി രൂപം കൊള്ളുന്നു. ഇന്ത്യ, ഇസ്രയേൽ, യുഎഇ, യുഎസ് രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് ‘ഐ2യു2’ എന്നാണു പേര്. പുതിയ സഖ്യത്തിന്റെ ആദ്യ യോഗം അടുത്ത മാസം നടക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ലോകരാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും പുനരുജ്ജീവിപ്പിക്കുന്നതിന്റേയും ബൈഡന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ രാഷ്ട്രസഖ്യം രൂപീകരിച്ചത്. ഐ2യു2 ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ എന്നിവർ പങ്കെടുക്കും.

പുതിയ സഖ്യത്തിലെ രാഷ്ട്രങ്ങള്‍ ടെക്‌നോളജി ഹബ്ബുകളാണെന്ന് വൈറ്റ് ഹൗസ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ഉയര്‍ന്ന നിലവാരത്തിലുള്ള, ലോകമാര്‍ക്കറ്റില്‍ തന്നെ ഏറെ ഡിമാന്‍ഡുള്ള ഉത്പന്നങ്ങളുടെ വന്‍തോതിലുള്ള നിര്‍മ്മാതാവും വലിയ വിപണിയുമാണ് ഇന്ത്യ. അതിനാല്‍ സാങ്കേതികവിദ്യ, വ്യാപാരം, കാലാവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ ഈ രാഷ്ട്രങ്ങള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജൂലൈ 13 മുതൽ 16 വരെ മിഡിൽ ഈസ്റ്റിൽ ബൈഡൻ പര്യടനം നടത്തുന്ന വേളയിലായിരിക്കും ഉച്ചകോടി.