
ലണ്ടൻ: ഫ്രാൻസിലെ ലൂയി പതിനാലാമൻ കഴിഞ്ഞാൽ, സിംഹാസനത്തിൽ ഏറ്റവുമധികകാലമിരുന്ന ലോകത്തെ രണ്ടാമത്തെ രാജാവ് എന്ന, തായ്‌ലൻഡ് രാജാവ് ഭൂമിബോൽ അതുല്യതേജിന്റെ (88) റെക്കോർഡ് മറികടന്ന് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി (96). 1927 -നും 2016 -നും ഇടയിലായി 70 വർഷവും 126 ദിവസവുമാണു തായ് രാജാവ് സിംഹാസനത്തിലിരുന്നത്. ഈ റെക്കോർഡാണ് രാജാധികാരത്തിന്റെ എഴുപതാം വർഷം ആഘോഷിക്കുന്ന എലിസബത്ത് രാജ്ഞി മറികടന്നത്.
എലിസബത്ത് ജനിച്ചത് 1926 ഏപ്രിൽ 21 -ന് ലണ്ടനിലാണ്. പഠിച്ചിരുന്നത് സ്വന്തം ഭവനത്തിൽ തന്നെയായിരുന്നു. ജോർജ് ആറാമനാണ് പിതാവ്. രണ്ടാം ലോകമഹായുദ്ധകാലത്ത് എലിസബത്ത് പൊതുജനപ്രവർത്തനങ്ങളിലേർപ്പെട്ടിരുന്നു. എലിസബത്ത് രാജ്ഞിയുടെ ആദ്യ പൊതുപരിപാടി 1942 -ൽ പതിനാറാം പിറന്നാൾ ദിനത്തിൽ ആണ്. അവർ ബ്രിട്ടീഷ് സേനയിലും കോമൺവെൽത്ത് സേനയിലുമായി വഹിച്ചത് 50 -ലധികം റാങ്കുകളും പദവികളും ആണ്. 1953 -ൽ ആണ് എലിസബത്ത് രാജ്ഞി സിംഹാസനത്തിൽ അവരോധിക്കപ്പെട്ടത്. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണദിവസത്തെ പര്യടനവീഥിയിൽ അണിനിരന്നത് 92 രാജ്യങ്ങളിൽ നിന്നായി 2000-ലധികം മാധ്യമപ്രവർത്തകരും 500 ഫോട്ടോഗ്രാഫർമാരും ആണ്. ബ്രിട്ടീഷുകാർ ടിവിയിലൂടെ ലൈവായി കണ്ട ആദ്യ കിരീടധാരണം ആയിരുന്നു എലിസബത്ത് രാജ്ഞിയുടെ. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വിവാഹിതരായത് 1947 നവംബർ 20-ന് ആണ്.
1643 മുതൽ 1715 വരെ ഫ്രാൻസ് ഭരിച്ച ലൂയി പതിനാലാമനാണു ലോകത്ത് ഏറ്റവും കാലം സിംഹാസനത്തിൽ വാണത്.