
മോസ്‌കോ: യുക്രെയ്‌നിൽ ആക്രമണം കടുപ്പിക്കുമെന്ന് റഷ്യ. നിലവിൽ റഷ്യ- യുക്രെയ്ൻ യുദ്ധം 51 ദിവസം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം യുക്രെയ്ൻ റഷ്യയുടെ യുദ്ധപ്പക്കൽ ആക്രമിച്ച് തകർത്തിരുന്നു. ഇതേ തുടർന്നാണ് മുന്നറിയിപ്പുമായി റഷ്യ രംഗത്ത് വന്നത്. റഷ്യൻ നാവികസേനയുടെ കരിങ്കടൽ ഫ്ലീറ്റിലെ മിസൈൽ ക്രൂസർ കപ്പലായ മോസ്ക്വയെയാണു 2 നെപ്റ്റ്യൂൺ മിസൈലുകൾ ഉപയോഗിച്ച് യുക്രെയ്ൻ ആക്രമിച്ചത്. കപ്പലിനു ക്ഷതം പറ്റിയെന്ന് സ്ഥിരീകരിച്ച റഷ്യ പക്ഷേ, ഇത് ആക്രമണം മൂലമാണെന്നു സമ്മതിച്ചിട്ടില്ല.
യുക്രെയ്‌ന്റെ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ ശക്തമായ ആക്രമണമാണ് റഷ്യ നടത്തുന്നത്. റഷ്യ നടത്തിയ ബോംബ് ആക്രമണങ്ങളിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ബ്രയാൻസ്ക് മേഖലയിലെ ക്ലിമോവോ ഗ്രാമത്തിൽ യുക്രെയ്ൻ ആക്രമണം നടത്തിയെന്നും 2 കെട്ടിടങ്ങൾ തകർന്നെന്നും റഷ്യ ആരോപിച്ചു.
യുക്രെയ്ൻ റഷ്യ യുദ്ധം കൊടുമ്പിരികൊളളുന്നതിനിടെ റഷ്യൻ പ്രതിരോധ മന്ത്രിക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന് റിപ്പോർട്ട്. ആഴ്ചകളായി പൊതു വേദികളിൽ ഒന്നും പ്രത്യക്ഷപ്പെടാത്ത പുടിന്റെ പ്രതിരോധ മന്ത്രി സെർജെ ഷോയ്ഗുവിന് പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ 20 ഓളം ജനറൽമാരെ തടങ്കലിൽ വെച്ചിട്ടുണ്ടെന്ന് അനൗദ്യോഗിക റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുടിന്റെ വലം കൈയ്യും റഷ്യൻ സൈന്യത്തിന്റെ കമാൻഡറുമായ ഷോയ്ഗുവിനെ പൊതു ഇടങ്ങളിൽ കാണാതായത്.
അതിനിടെ സ്വീഡനും ഫിൻലൻഡും നാറ്റോയിൽ ചേരാൻ തീരുമാനിച്ചാൽ ആണവായുധമുൾപ്പെടെ പ്രതിരോധമാർഗങ്ങൾ ആലോചിക്കുമെന്ന് മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ ദിമിത്രി മെദ്‍വെദ്‍വ് താക്കീതു നൽകി