പാക്ക് പാർലമെന്റും മന്ത്രിസഭയും പിരിച്ചുവിട്ടു; അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം.

പാക്ക് പാർലമെന്റും മന്ത്രിസഭയും പിരിച്ചുവിട്ടു; അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം.

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിന് തയ്യാറാകണമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആഹ്വാനം ചെയ്തു. ഇമ്രാൻ ഖാന്റെ ശുപാർശയ്ക്ക് പിന്നാലെ പ്രസിഡന്റ് ആരിഫ് അൽവി പാക്കിസ്ഥാൻ പാർലമെന്റ് പിരിച്ചുവിട്ടു. മന്ത്രിസഭയും പിരിച്ചുവിട്ടുവെന്ന് വാർ‌ത്താവിതരണമന്ത്രി ഫവാദ് ചൗധരി അറിയിച്ചു. തിരഞ്ഞെടുപ്പ് വരെ രാജ്യത്ത് കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി. എന്നാൽ ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള ഇമ്രാന്റെ നീക്കം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. സഭ പിരിച്ചുവിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാകിസ്താന്റെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അറിയിച്ചു.

പാർലമെന്റിൽ തനിക്കെതിരെ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് തള്ളിയതിനു പിന്നാലെയാണ് സഭ പിരിച്ചുവിടാൻ ഇമ്രാൻ ഖാൻ പ്രസിഡന്റിനോടു ശുപാർശ ചെയ്തത്. തിരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്നും അറിയിച്ച ഇമ്രാൻ ഖാൻ, തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ അണികളോട് ആഹ്വാനം ചെയ്തു. അവിശ്വാസ പ്രമേയം വിദേശ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. വിദേശ ഗൂഢാലോചനയിൽ പാക്കിസ്ഥാനിലെ ദേശീയ അസംബ്ലി പങ്കാളിയാകില്ലെന്ന് പ്രഖ്യാപിച്ചാണ് സ്പീക്കർ അവിശ്വാസ വോട്ടെടുപ്പ് റദ്ദാക്കിയത്. ഭരണഘടന തത്വങ്ങളെ സ്പീക്കർ ഉയർത്തിപ്പിടിച്ചതായി ഇക്കാര്യത്തിൽ ഇമ്രാൻ ഖാൻ പ്രതികരിച്ചു. തനിക്കെതിരെ നടന്ന വിദേശ ഗൂഢാലോചന പരാജയപ്പെട്ടുവെന്നും പാക് പ്രധാനമന്ത്രി വാദിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചാൽ ഇമ്രാന്റെ പുതിയ തിരഞ്ഞെടുപ്പ് നീക്കവും വെട്ടിലാകാനാണ് സാധ്യത.

ദേശീയ അസംബ്ലി പിരിച്ചു വിടാനുള്ള ഇമ്രാൻ ഖാന്റെ നീക്കത്തിന് പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി പാക്കിസ്ഥാൻ പ്രതിപക്ഷം. സർക്കാർ ഭരണഘടനാ ലംഘനമാണ് നടത്തിയിരിക്കുന്നത്. അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ സർദാരി ആരോപിച്ചു. ഭരണഘടനാ ലംഘനത്തിന് ഇമ്രാൻഖാനെതിരേയും ഡെപ്യൂട്ടി സ്പീക്കർക്കെതിരേയും രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. ഞങ്ങൾ പാർലമെന്റ് വിടാൻ തയ്യാറല്ല.ഭരണഘടനയേയും രാജ്യത്തേയും സംരക്ഷിക്കാനുള്ള പരീക്ഷണമാണിത് .സുപ്രീം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ കസേര സംരക്ഷിക്കാൻ വേണ്ടി ഭരണഘടനയെ വളച്ചൊടിക്കാന് ആരേയും അനുവദിക്കില്ലെന്ന് പിഎംഎൽ എൻ വൈസ് പ്രസിഡന്റ് മറിയം നവാസ് പറഞ്ഞു. ഈ മതഭ്രാന്തനെ ഇന്ന് ശിക്ഷിച്ചില്ലെങ്കിൽ രാജ്യത്ത് ഇനി കാടൻ നിയമമായിരിക്കും നില നിൽക്കുകയെന്ന് മറിയം നവാസ് ഷെരീഫ് പറഞ്ഞു.