പാരമ്പര്യേതര ഊർജ്ജരംഗത്ത് ഇന്ത്യയ്ക്ക് വൻ മുന്നേറ്റം; ഹൈഡ്രജൻ കാറിൽ പാർലമെന്റിലെത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.

പാരമ്പര്യേതര ഊർജ്ജരംഗത്ത് ഇന്ത്യക്ക് വൻ മുന്നേറ്റം; ഹൈഡ്രജൻ കാറിൽ പാർലമെന്റിലെത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.

ന്യൂ ഡൽഹി: പെട്രോൾ, ഡീസൽ വില അനുദിനം വർധിക്കുമ്പോൾ ഹൈഡ്രജൻ കാറിൽ പാർലമെന്റിലെത്തി കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ കാറായ ടൊയോട്ട മിറായ് കേന്ദ്രമന്ത്രി അവതരിപ്പിച്ചത്. ഇന്ത്യയിൽ ഇത്തരത്തിലുള്ള വാഹനങ്ങൾക്ക് പ്രചാരണം നൽകാൻ പരീക്ഷണാടിസ്ഥാനത്തിലാണ് അവതരണം. ഹൈഡ്രജൻ ഫ്യൂവൽ സെൽ വാഹനങ്ങൾക്കു പ്രചാരം നൽകാനുള്ള പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി തന്റെ വസതിയിൽനിന്ന് പാർലമെന്റിലേക്ക് ടൊയോട്ട മിറായ്‌യിൽ എത്തിയത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 650 കിലോമീറ്റർ ഓടുന്ന വാഹനമാണ് ടൊയോട്ട മിറായ്. ചാർജ് ചെയ്യാൻ 5 മിനിറ്റ് മതി.

2014-ൽ ലോകവിപണിയിൽ അവതരിപ്പിക്കപ്പെട്ട മിറായ്‌യുടെ രണ്ടാം തലമുറയാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 2014 -ൽ ജപ്പാനിലാണ് ഈ വാഹനം ആദ്യമായി അവതരിപ്പിച്ചത്. യുഎസിലും യൂറോപ്പിലും ഉൾപ്പെടെ ഇതുവരെ പതിനായിരത്തോളം കാറുകൾ വിറ്റു. 4 പേർക്കു യാത്ര ചെയ്യാൻ കഴിയുന്ന ഇടത്തരം സെഡാൻ ആണിത്. ഏകദേശം 60,000 ഡോളർ (45.5 ലക്ഷം രൂപ) ആണ് വില. ഇലക്ട്രിക് മോട്ടർ പ്രവർത്തിപ്പിക്കാൻ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗിക്കുന്നു എന്നതാണു സാധാരണ ഇലക്ട്രിക് – ഹൈബ്രിഡ് കാറുകളുമായുള്ള വ്യത്യാസം. പുകയ്ക്കു പകരം വെള്ളമാകും ഇവ പുറന്തള്ളുക. 140 കിലോമീറ്റർ വരെ വേഗം കിട്ടും. ഫുൾ ടാങ്ക് ഇന്ധനം കൊണ്ട് 650 കിലോമീറ്റർ ഓടാൻ ശേഷിയുണ്ട്. അടുത്തിടെ ഒറ്റ ടാങ്ക് ഇന്ധനത്തിൽ 1359 കിലോമീറ്റർ സഞ്ചരിച്ച് ടൊയോട്ട മിറായ് റെക്കോർഡിട്ടിരുന്നു.

വൈദ്യുത വാഹനങ്ങളുടെ എണ്ണം പത്തുലക്ഷം കടന്നു.

ഇന്ത്യയിൽ പാരമ്പര്യേതര ഊർജ്ജരംഗത്ത് വൻ കുതിപ്പെന്നും വാഹന വിപണിയിൽ ഇല്ട്രിക് വാഹനങ്ങൾ തരംഗമാകുന്നുവെന്നും കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഇന്ത്യയിൽ ഇതുവരെ പത്തുലക്ഷത്തിലധികം വൈദ്യുത വാഹനങ്ങൾ നിരത്തിലറങ്ങിയെന്നും രാജ്യത്താകമാനം 1742 ചാർജ്ജിംഗ് സ്റ്റേഷനുകളും നിലവിൽ പ്രവർത്തിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എല്ലാ ദേശീയ പാതകളിലും വൈദ്യുതി ചാർജ്ജിംഗ് കേന്ദ്രങ്ങൾക്ക് സ്ഥലം വിട്ടുനൽകും. നിലവിൽ 16 ദേശീയ പാതകളിൽ അനുമതിയായി. ദേശീയപാത വികസന അതോറിറ്റി നേരിട്ട് കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

പരമ്പരാഗത ഇന്ധനങ്ങൾക്കു പകരം ഹരിത ഹൈഡ്രജൻ, വൈദ്യുതി, എതനോൾ, മെതനോൾ, ജൈവ ഡീസൽ, ജൈവ ദ്രവീകൃത പ്രകൃതി വാതകം (എൽ എൻ ജി), ജൈവ സമ്മർദിത പ്രകൃതി വാതകം (സി എൻ ജി) തുടങ്ങിയ ബദൽ മാർഗങ്ങൾ തേടുകയാണു പരിഹാരമെന്നും സർക്കാർ ആ വഴിക്കാണു നീങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചു. രണ്ടു വർഷത്തിനകം വൈദ്യുത കാറുകളുടെ വില കുറഞ്ഞ്, പെട്രോൾ കാറുകളുടേതിനു തുല്യമാവുമെന്നും മന്ത്രി പറഞ്ഞു.