ഓണമെത്തി, നാളെ ഉത്രാടപ്പാച്ചിൽ, മറ്റെന്നാൾ തിരുവോണം.

ഓണമെത്തി, നാളെ ഉത്രാടപ്പാച്ചിൽ, മറ്റെന്നാൾ തിരുവോണം.

മലയാളികൾ ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ്. വിപണിയുടെ തിരക്ക് പൂർണതയിൽ എത്തുന്ന ഉത്രാടപ്പാച്ചിൽ നാളെ. നന്മയുടെയും സമൃദ്ധിയുടെയും ഒരുമയുടെയും പൊന്നിൻ തിരുവോണനാൾ മറ്റന്നാളും (ഓഗസ്റ്റ് 29). ഓണം കേരളീയര്‍ക്ക് മഹോത്സവമാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം. മറുനാട്ടിൽ താമസിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം ഓണം അടക്കം ആഘോഷിക്കാൻ കിട്ടുന്നതെന്തും സമർഥമായി ആഘോഷിക്കുക തന്നെ ചെയ്യും. ഒഴിവുകിട്ടുമ്പോൾ ഓണം ആഘോഷിക്കുക എന്നതാണ് മറുനാടൻ മലയാളിയുടെ വഴക്കവും ശീലവും.

ഓണാഘോഷത്തിന്റെ സമയത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത് എന്ന് കരുതിപ്പോരുന്നു. ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ. പണ്ട് മഹാബലി എന്നൊരു അസുര ചക്രവര്‍ത്തി നാടു ഭരിച്ചിരുന്നു. ത്രിലോകങ്ങളെയും ജയിച്ചവനായിരുന്നു അദ്ദേഹം. മനുഷ്യരുടെ ക്ഷേമത്തിന് എന്തിലുമേറെ വില മതിച്ചിരുന്ന ചക്രവര്‍ത്തിയുടെ സല്‍ഭരണം സ്വര്‍ഗ്ഗത്തിലെ ദേവന്മാരുടെ പ്രഭ മങ്ങുവാനിടയാക്കി. അതു വീണ്ടെടുത്തു നല്‍കാമെന്നു മഹാവിഷ്ണു സമ്മതിച്ചു. അപ്രകാരം വാമനനെന്ന ബ്രാഹ്മണ ബാലനായി അദ്ദേഹം അവതരിച്ച്, തപസ്സു ചെയ്യുവാന്‍ മൂന്നടി മണ്ണ് മഹാബലിയോട് ചോദിച്ചു. മഹാബലി അതു നല്‍കാമെന്നു സമ്മതിച്ചു. തല്‍ക്ഷണം പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ടു വാമനന്‍ രണ്ടടി കൊണ്ട് മഹാബലിയുടെ സാമ്രാജ്യം അളന്നു. മൂന്നാമത്തേത് എവിടെയെന്ന ചോദ്യത്തിന് സത്യവാനായ ബലി ചക്രവര്‍ത്തി സ്വന്തം ശിരസ്സു കുനിച്ചു കൊടുത്തു. വാമനന്‍ ആ ശിരസ്സില്‍ ചവിട്ടി മഹാബലിയെ പാതാളത്തിലേക്കയച്ചു. തന്റെ പ്രിയ ജനതയെ ആണ്ടിലൊരിക്കല്‍ വന്നു കണ്ടുകൊള്ളാന്‍ മഹാബലിക്ക് വാമനന്‍ നല്‍കിയ അവസരമാണ് തിരുവോണമായി കേരളീയര്‍ ആഘോഷിക്കുന്നത്.

ഓണവുമായി ബന്ധപ്പെട്ടു ചില ആചാരങ്ങളും പഴമക്കാർ മുറ തെറ്റാതെ അനുഷ്ഠിച്ചിരുന്നു. മുറ്റത്തു പൂക്കളമൊരുക്കുന്നതും പൂമുഖത്തു തൃക്കാക്കരയപ്പനെ പൂജിക്കുന്നതും മച്ചിനകത്തു കാരണവന്മാർക്കു വച്ചുകൊടുക്കുന്നതും ഇളമുറകൾക്കു കോടി കൊടുക്കുന്നതുമൊക്കെ ഓണത്തിനു പണ്ടുള്ളവർ ചെയ്തുവന്നിരുന്ന ആചാരങ്ങളാണ്. കേരളത്തിൽ പലയിടത്തും ആചാരങ്ങൾ അനുഷ്ഠിക്കുന്ന രീതിയിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും തത്ത്വം ഒന്നുതന്നെ.

ഓണത്തിന്റെ ഐതിഹ്യത്തിൽ രണ്ടു പ്രധാന വ്യക്തികളാണ് ഉള്ളത്- മാവേലിയും വാമനനും. രണ്ടു പേരും മലയാളിക്ക് ആരാധ്യരാണ്- മാവേലിയെ വരവേൽക്കണം, വാമനനെ പൂജിക്കണം. നാടു വാണിരുന്ന മഹാബലിത്തമ്പുരാനെ വരവേൽക്കാനാണു മുറ്റത്തു പൂക്കളമിടുന്നത്. ഓണത്തിന്റെ പ്രധാന ആചാരം തൃക്കാക്കരയപ്പനെ പൂജിക്കലാണ്. മാവേലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തി എന്ന് ഐതിഹ്യത്തിൽ പറയുന്ന വാമനനാണ് തൃക്കാക്കരയപ്പൻ. തൃക്കാക്കര ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയും വാമനമൂർത്തിയാണ്. തൃക്കാക്കരയപ്പനെ പൂജിക്കുന്നതിലൂടെ മഹാവിഷ്ണുവിന്റെ വാമനമൂർത്തിയെയാണു നാം ആരാധിക്കുന്നത്.

കേരളത്തിന്റെ കാര്‍ഷികോത്സവവും കൂടിയാണ് ഓണം. അത്തം നാളില്‍ തുടങ്ങി പത്താം ദിവസം തിരുവോണമായി. ഈ പത്തു ദിവസവും വീട്ടുമുറ്റത്ത് പൂക്കളം തീര്‍ക്കുന്ന പതിവുണ്ട്. ‘ഓണക്കോടി’ എന്ന പുതുവസ്ത്രങ്ങളണിഞ്ഞാണ് മലയാളി ഓണത്തെ എതിരേല്‍ക്കുന്നത്. വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കലാണ് ആഹ്ലാദത്തിന്റെ ദിനങ്ങളെ ഒന്നു കൂടി ആകര്‍ഷകമാക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു.

ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന ഒരു ഓണപ്പാട്ട്.

“മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല”.

ഓണസദ്യ ഇലയില്‍ ഇങ്ങനെ വിളമ്പണം.