യാക്കോബായ സുറിയാനി സഭയ്ക്ക് ബ്രിസ്ബനിൽ പുതിയ ദൈവാലയം.

യാക്കോബായ സുറിയാനി സഭയ്ക്ക് ബ്രിസ്ബനിൽ പുതിയ ദൈവാലയം.

ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയയിലെ പ്രധാന നഗരമായ ബ്രിസ്ബനിൽ യാക്കോബായ സുറിയാനി സഭയുടെ പുതിയ ദൈവാലയത്തിൻ്റെ നിർമാണം പൂർത്തിയായി. ദൈവാലയത്തിൻ്റെ മൂറോൻ കൂദാശ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ ഓസ്ട്രേലിയ – ന്യൂസീലൻഡ് അതിഭദ്രാസനങ്ങളുടെ മോർ മിലിത്തിയോസ്‌ മൽക്കി മെത്രാപോലിത്ത ജൂൺ 18, 19 തീയതികളിൽ നിർവഹിക്കും. ക്വീൻസ്ലാൻഡ് സംസ്ഥാനത്തിലെ സുറിയാനി സഭയുടെ ആദ്യ ഇടവകയാണ് സെയിന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ പള്ളി.

ബ്രിസ്‌ബേൻ നഗരത്തിൻ്റെ ഹൃദയഭാഗത്തുനിന്നും 25 കിലോമീറ്റർ മാത്രം അകലെ 1.05 ഏക്കർ സ്ഥലത്താണ് പുതിയ ദൈവാലയവും അനുബന്ധ സൗകര്യങ്ങളും നിർമിച്ചിരിക്കുന്നത്. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ അനുവാദ കല്പനയാൽ 2008 -ൽ ആണ് ബ്രിസ്ബനിൽ യാക്കോബായ സഭയുടെ ആദ്യ കോൺഗ്രിഗേഷൻ ഫാ. ഉല്ലാസ് വർക്കിയുടെ (ഇപ്പോഴത്തെ കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മോർ ഐറേനിയോസ് മെത്രാപോലിത്ത) നേതൃത്വത്തിൽ സമാരംഭിച്ചത്. നൂറിൽ പരം കുടുംബങ്ങൾ ഉൾപ്പെടുന്ന ഈ ഇടവക, ഒരു വ്യാഴവട്ടക്കാലത്തെ മാറി മാറി വന്ന വികാരിമാരുടെയും ഭരണസമിതികളുടെയും ഇടവക ജനത്തിൻ്റെയും പ്രാർത്ഥനയുടെയും കഠിനാധ്വാനത്തിൻ്റെയും ഫലമാണ് .

പരിശുദ്ധ പാത്രിയർകീസ് മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ബാവ അനുഗ്രഹിച്ചു ആശിർവദിച്ച അടിസ്ഥാന ശിലയുടെ സ്ഥാപനം 2019 ഒക്ടോബർ 5 -നു യാക്കോബായ സഭയുടെ യൂറോപ്പ് ഭദ്രാസനത്തിൻ്റെയും, വൈദീക സെമിനാരി റസിഡന്റ് മെത്രാപ്പോലീത്തയുമായ കുര്യാക്കോസ് മോർ തെയോഫിലോസ് നിർവഹിച്ചു ദൈവാലയ നിർമാണത്തിന് പ്രാർത്ഥനാനിർഭരമായ തുടക്കം കുറിച്ചു. മഞ്ഞനിക്കര ദയറാധിപനും ഓസ്ട്രേലിയ ന്യൂസീലൻഡ് ഭദ്രാസങ്ങളുടെ പാത്രിയാർക്കൽ വികാരിയും ആയ ഗീവർഗീസ് മോർ അത്താനോസ്യോസ് മെത്രാപ്പോലീത്തയുടെ മേൽനോട്ടത്തിലും വികാരി ഫാ. ലിലു വർഗീസ് പുലിക്കുന്നിലിൻ്റെ നേതൃത്വത്തിലും ആണ് നിർമാണം പൂർത്തിയാകുന്നത്.

ദൈവാലയ കൂദാശക്കും തുടർന്ന് ജൂലൈ 3,4 തീയതികളിൽ ദൈവാലയത്തിൻ്റെ പ്രധാന പെരുന്നാളിൻ്റെ അനുഗ്രഹകരമായ നടത്തിപ്പിനും ആയി ഷിബു എൽദോ തേലക്കാട്ട് (സെക്രട്ടറി), ബിജു വർഗീസ് (ബിൽഡിംഗ് കോഓർഡിനേറ്റർ), ജോബിൻ ജേക്കബ് (ട്രസ്റ്റി) എന്നിവർ ജനറൽ കൺവീനർമാരായി വിവിധ സബ് കമ്മിറ്റികൾ പ്രാർത്ഥനാപൂർവ്വം പ്രവർത്തിച്ചു വരുന്നു.

ഷിബു പോൾ തുരുത്തിയിൽ