എല്ലാവർക്കും സൗജന്യ വാക്‌സിൻ പ്രഖ്യാപിച്ചു നരേന്ദ്ര മോദി; 80 കോടി ആളുകള്‍ക്ക് സൗജന്യ റേഷനും നൽകും.

ന്യൂഡൽഹി: രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിൻ്റെ ഭാഗമായി ഈ മാസം 21 മുതൽ സംസ്ഥാനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകും. കുട്ടികളിലുള്ള വാക്സീൻ പരീക്ഷണം ഇന്ത്യയിൽ പുരോഗിക്കുകയാണ്. വൈകാതെ അക്കാര്യത്തിലും സന്തോഷ വാർത്തയുണ്ടാകും. വാക്സീൻ നയത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ്. വാക്സീൻ്റെ സംഭരണം പൂർണമായി ഇനി കേന്ദ്ര സർക്കാരിനു കീഴിലായിരിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് മോദി വ്യക്തമാക്കി.

പാവങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾ നവംബർ വരെ നീട്ടിയെന്നും മോദി പറഞ്ഞു. സൗജന്യ റേഷൻ പദ്ധതി ഉൾപ്പെടെയാണിത്. ദീപാവലി വരെ 80 കോടി ആളുകള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.വൈ) പദ്ധതിയിലൂടെ ജനങ്ങൾക്ക് എല്ലാ മാസവും ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകാനാണ് തീരുമാനം.

സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് വാക്സിനേഷൻ പ്രക്രിയയുടെ 25 ശതമാനം പ്രവർത്തനങ്ങളുടെ ചുമതല അവർക്ക് നൽകിയത്. എന്നാൽ ഇപ്പോൾ പഴയ സംവിധാനമാണ് മികച്ചതെന്ന അഭിപ്രായമാണ് പല സംസ്ഥാനങ്ങളും പങ്കുവെയ്ക്കുന്നത്. അതുകൊണ്ടാണ് കേന്ദ്രസർക്കാരിൻ്റെ മേൽനോട്ടത്തിൽ തന്നെ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

150 രൂപ സർവീസ് ചാർജ് മാത്രമാണ് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നതെന്ന് സംസ്ഥാന ഗവണ്മെന്റുകൾ നിരീക്ഷിച്ച് ഉറപ്പു വരുത്തും. സ്വകാര്യ ആശുപത്രികൾ 25 ശതമാനം വാക്‌സിൻ ഉത്പാദകരിൽ നിന്നും നേരിട്ട് വാങ്ങുന്ന സംവിധാനം തുടരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കൊറോണ വാക്‌സിനേഷനായി സംസ്ഥാനത്ത് തിരക്കേറുന്നതോടെ സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിന് വില ഉയർത്താനുളള സാദ്ധ്യതയാണ് ഇതോടെ ഇല്ലാതായത്.

വാക്സീൻ സംഭരണത്തിനുള്ള മാർഗരേഖ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കും. വാക്സീൻ നിർമാതാക്കളിൽനിന്ന് 75% വാക്സീനും കേന്ദ്രം വാങ്ങും. സംസ്ഥാനങ്ങൾക്കുള്ള 25% ഉൾപ്പെടെയാണിത്. ഇതായിരിക്കും സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുക. കേന്ദ്രം ഒഴിവാക്കിയ 25% വാക്സീൻ സ്വകാര്യ ആശുപത്രികൾക്കു വാങ്ങാം. പക്ഷേ ഒരു ഡോസിന് പരമാവധി 150 രൂപ മാത്രമേ സർവീസ് ചാർജ് ഈടാക്കാവൂ. രാജ്യത്തിൻ്റെ പല ഭാഗത്തും സ്വകാര്യ ആശുപത്രികൾ വാക്‌സിന് അമിത നിരക്ക് ഈടാക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 18-നും 44-നും ഇടയിൽ പ്രായമുള്ളവർക്കുള്ള ഒറ്റഡോസ് പ്രതിരോധ കുത്തിവയ്പ്പിന് 700 രൂപ മുതൽ 1,500 രൂപവരെയാണ് സ്വകാര്യ ആശുപത്രികൾ ഈടാക്കിയിരുന്നത്.

കൊറോണയുടെ രണ്ടാം തരംഗം രാജ്യത്തെ രൂക്ഷമായി ബാധിച്ചുവെന്നും എന്നാൽ ഇതിനെതിരെ ശക്തമായ പോരാട്ടമാണ് ജനങ്ങൾ ഒറ്റക്കെട്ടായി കാഴ്ചവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ആശുപത്രികളിൽ സർക്കാർ ഏർപ്പെടുത്തിയ സജ്ജീകരണങ്ങളും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.വൈ) പദ്ധതിയിലൂടെ മെയ് മാസത്തിൽ രാജ്യത്തെ 55 കോടി ഗുണഭോക്താക്കൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ ലഭിച്ചിരുന്നു. ജൂണിൽ ഇതുവരെ 2.6 കോടി ഗുണഭോക്താക്കൾക്കും ഭക്ഷ്യധാന്യം വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി ഏകദേശം 63.67 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളാണ് കേന്ദ്രം നൽകിയത്. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി സുധാൻഷു പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്.