പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ വാക്‌സിൻ സ്വീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ വാക്‌സിൻ സ്വീകരിച്ചു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ വാക്‌സിൻ സ്വീകരിച്ചു. 60 വയസിന് മുകളിലുള്ളവർക്ക് കുത്തിവെപ്പ് ആരംഭിച്ചതോടെയാണ് പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിച്ചത്. ഭാരത് ബയോട്ടെക്കിൻ്റെ കൊവാക്‌സിൻ കുത്തിവെപ്പാണ് പ്രധാനമന്ത്രി നടത്തിയത്. ഡൽഹി എയിംസിൽ നിന്നാണ് അദ്ദേഹം ആദ്യ ഡോസ് സ്വീകരിച്ചത്. യോഗ്യരായ പൗരന്മാരല്ലാം വാക്സീൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പുതുച്ചേരിയിൽനിന്നുള്ള സിസ്റ്റർ പി. നിവേദയാണ് മോദിക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തത്.

‘കോവിഡ് 19-നെതിരയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിൽ നമ്മുടെ ഡോക്ടർമാരും ശാസ്ത്രജ്ഞരും വളരെ വേഗത്തിൽ പ്രവർത്തിച്ചത് ശ്രദ്ധേയമാണ്. യോഗ്യരായ എല്ലാ പൗരന്മാരും വാക്സീൻ സ്വീകരിക്കണം. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കാം’– വാക്സീൻ സ്വീകരിച്ച ശേഷം മോദി ട്വീറ്റ് ചെയ്തു.

രാവിലെ 6.25-ന് ഡൽഹി എയിംസ് ആശുപത്രിയിൽ എത്തിയാണ് ഇന്ത്യ തദ്ദേശീയമായി ഉൽപാദിപ്പിച്ച കോവാക്സീൻ്റെ ആദ്യ ഡോസ് മോദി സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുതുച്ചേരി സ്വദേശി നിവേദ വാക്‌സീന്‍ നല്‍കുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് മലയാളി നഴ്‌സ് തൊടുപുഴ സ്വദേശി റോസമ്മ അനില്‍ ആയിരുന്നു. പ്രധാനമന്ത്രി വാക്‌സീന്‍ എടുക്കുമ്പോള്‍ റോസമ്മ ഒപ്പം നില്‍ക്കുന്നതും അദ്ദേഹം ട്വീറ്റ് ചെയ്ത ചിത്രത്തിലുണ്ട്. പ്രധാനമന്ത്രിക്ക് വാക്‌സീന്‍ നല്‍കാനുള്ള ദൗത്യം അപ്രതീക്ഷിതമായിരുന്നുവെന്ന് തൊടുപുഴ സ്വദേശിനി റോസമ്മ അനില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സീന്‍ എടുക്കാന്‍ എത്തിയത് കൈകൂപ്പി, വണക്കം എന്നു പറഞ്ഞ്. നാട് എവിടെയാണെന്നും എത്ര നാളായി ഇവിടെ ജോലി ചെയ്യുന്നുവെന്നും ചോദിച്ചു എന്നും റോസമ്മ അനില്‍ പറഞ്ഞു.