പൗരത്വ  നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തം

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും അരങ്ങേറിയ ശക്തമായ പ്രതിഷേധം ഇപ്പോഴും  അവസാനിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഇത്ര കടുത്ത പ്രതിഷേധവും ജനരോഷമുണ്ടാവുമെന്ന് ബിജെപി പോലും പ്രതീക്ഷിച്ചിരുന്നില്ല.ബില്‍ അവതരിപ്പിച്ചപ്പോള്‍ ലോക്സഭയിലും രാജ്യസഭയിലും ഉണ്ടായ പ്രതിഷേധത്തെ അംഗബലം കൊണ്ട് നേരിടാന്‍ പറ്റിയ കേന്ദ്ര സര്‍ക്കാരിന്, അതിനു ശേഷം രാജ്യത്ത് മുഴുവന്‍ കത്തിപടര്‍ന്ന  പ്രതിഷേധത്തെ നേരിടാന്‍ സൈനിക ബലം വരെ ഉപയോഗിക്കേണ്ടി വന്നു. മാത്രമല്ല ഈ ഭേദഗതിക്കെതിരെ  വിദേശ രാജ്യങ്ങളിലും  ഇന്ത്യക്കാരുടെ പ്രതിഷേധം  അരങ്ങേറി.

നമ്മുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നു കുടിയേറിയ ഒരു വിഭാഗം ഒഴികെയുള്ള മതസ്ഥര്‍ക്ക് രാജ്യത്ത് പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി ബിൽ. അവിടങ്ങളില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകുകയെന്നതാണ് ബിൽ കൊണ്ട് വന്നതിനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്. മുൻപ് കുറഞ്ഞതു പതിനൊന്നു  വര്‍ഷം ഇന്ത്യയില്‍ സ്ഥിരതാമസമായവര്‍ക്കു മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുക്കി.  ബില്‍ പാസാക്കിയെടുക്കുക എന്നത് അഭിമാന പ്രശ്‌നമായാണ് ബിജെപി കണക്കാക്കിയത്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന  370  വകുപ്പ് എടുത്തു കളഞ്ഞതിന് സമാനമായ പ്രാധാന്യമുള്ളതാണ് പൗരത്വ ഭേഗദതി ബില്‍. ഒന്നാമത്തെ  മോദി സര്‍ക്കാര്‍ ലോക്സഭയില്‍  ഈ ബില്‍ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാഞ്ഞതിനാല്‍  അത്തവണ കാലാവധി ആവസനിച്ചപ്പോള്‍ ബില്‍ ലാപ്സ് ആയി പോകുകയായിരുന്നു. ഇത്തവണ രണ്ടു സഭയിലും മൃഗീയ ഭൂരിപക്ഷം ഉണ്ടായതിനാല്‍ വളരെ എളുപ്പത്തില്‍ പൗരത്വ ഭേദഗതി പാസ്സാക്കി എടുക്കുവാനും രാഷ്ട്രപതിയെ കൊണ്ട് ഒപ്പിടിക്കുവാനും കഴിഞ്ഞു.

അതിർത്തി രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് മതത്തിന്‍റെ  അടിസ്ഥാനത്തിൽ പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതിക്കെതിരെ  രാജ്യമെങ്ങും, പ്രത്യേകിച്ച്‌ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ  പ്രതിഷേധം ഉയര്‍ന്നു.ഒപ്പം പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യ വ്യാപകമായി  വിദ്യാർത്ഥി  പ്രധിഷേധങ്ങളും അരങ്ങേറി.  പൗരത്വ ഭേദഗതി ബിൽ ഭരണഘടനയുടെ അടിസ്ഥാന ശിലയ്‌ക്കേറ്റ ആഘാതമാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് മതവിവേചനമാണെന്നും  അവര്‍  ആരോപിച്ചും. അതിനിടെ പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രിം കോടതിയിൽ  രാഷ്ട്രീയ പാര്‍ട്ടികളും അനവധി സംഘടനകളും ഹര്‍ജികളും ഫയല്‍ ചെയ്തു. പാര്‍ലമെന്റ് പാസാക്കുകയും രാഷ്ട്രപതി ഒപ്പിടുകയും ചെയ്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ 140 റിട്ട് ഹരജികളാണ് സുപ്രിം കോടതിയുടെ മുന്‍പില്‍  എത്തിയിരിക്കുന്നത്.ഇനി കോടതിയുടെ തീരുമാനം ആയിരിക്കും ഈ നിയമത്തിന്‍റെ ഭാവി തീരുമാനിക്കുക എന്ന് ചുരുക്കം.

പൗരത്വ  നിയമ ഭേദഗതി ബില്ലിനെതിരെ  കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി എഫും ഒരുമിച്ചും വെവ്വേറെ മത്സരിച്ചും പ്രധിഷേധിക്കുയാണ്. ആരാണ് പ്രധിഷേധത്തില്‍ മുന്നില്‍ എന്ന് ബോധ്യപെടുത്താനുള്ള തന്ത്രപാടിലാണ്. നൂനപക്ഷങ്ങളുടെ വോട്ടു മാത്രം കണ്ടുള്ള പ്രധിഷേധം. അതിനിടെ പൗരത്വ ഭേദഗതി ക്കെതിരെ കേരള നിയമസഭ  സംയുക്തമായി പ്രമേയവും പാസാക്കി. നിയമസഭ ഐകകണ്ഠേന  പാസാക്കിയ പ്രമേയം തള്ളി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് വന്നതോടെ ഭരണപക്ഷവും ഗവര്‍ണ്ണറും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങളെത്തി. ഒഴിഞ്ഞു കിടക്കുന്ന ബി.ജെ.പിയുടെ അധ്യക്ഷസ്ഥാനം കുറച്ചുകാലത്തേക്കെങ്കിലും  ആരിഫ് മുഹമ്മദ് ഖാൻ എറ്റെടുത്തു. അതിനിടെ ഗവര്‍ണ്ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയവുമായി പ്രതിപക്ഷം ഒരു മുഴം മുന്‍പേ എറിഞ്ഞതോടെ ഭരണപക്ഷവും ഗവര്‍ണ്ണരും ഒന്നിച്ചു. അങ്ങനെ പൗരത്വ  നിയമ ഭേദഗതി ബില്ലിനെതിരെയുള്ള പ്രധിഷേധം കേരത്തില്‍ വിവിധ മാനങ്ങള്‍ കൈവരിച്ചു.

 

വാല്ക്കഷണം:  മറ്റ് രാജ്യങ്ങളിൽ നിന്ന്  ഇന്ത്യയിലേക്ക്  കുടിയേറിയവർക്ക് മതത്തിന്‍റെ അടിസ്ഥാനത്തിൽ പൌരത്വം നല്‍കുന്നത് പോലെ, ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക്   ജോലിക്ക് പോകുന്നവരെ അവിടെങ്ങളിലും മതത്തിന്‍റെ അടിസ്ഥാനത്തില്‍ ജോലി സംവരണം ചെയ്യ്താല്‍ എന്തായിരിക്കും ഇന്ത്യയുടെ അവസ്ഥ?