ഞമ്മൾടെ കൂടെ നിന്നാൽ മതേതരം, അല്ലെങ്കിൽ വർഗീയം; വർഗീയവാദിയെന്നു വിളിച്ചവർക്കു മറുപടിയുമായി പി.സി.ജോർജ്.

ഞമ്മൾടെ കൂടെ നിന്നാൽ മതേതരം, അല്ലെങ്കിൽ വർഗീയം; വർഗീയവാദിയെന്നു വിളിച്ചവർക്കു മറുപടിയുമായി പി.സി.ജോർജ്.

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ വീണ്ടുംമത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ, തന്നെ വിമർശിക്കുന്നവർക്കു രൂക്ഷ മറുപടിയുമായി പി.സി.ജോർജ്. രാമക്ഷേത്ര നിർമാണത്തിനു പൈസ കൊടുത്തപ്പോൾ വീണ്ടും താൻ ‘ചിലർക്കു’ വർഗീയ വാദിയായെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ ജോർജ് വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് വേദികളിലും മുസ്ലിം വേദികളിലും പ്രസംഗിച്ചപ്പോൾ ഒരു ഹൈന്ദവനും ക്രൈസ്തവനും സുടാപ്പി ആക്കിയില്ലെന്ന് പിസി ജോർജ്ജ് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. റോഡ് വീതി കൂട്ടാൻ അരുവിത്തുറ പള്ളിയുടെ മതിൽ ബലമായി പൊളിച്ചപ്പോൾ പോലും ഒരു അരുവിത്തുറക്കാരനും ഊര് വിലക്കിയില്ല. ഒരുപാട് ആരാധനാലയങ്ങൾ പണിയാൻ സംഭാവന കൊടുത്തപ്പോൾ ആരും ഒന്നും പറഞ്ഞില്ല. പക്ഷേ രാമക്ഷേത്രത്തിന് സംഭാവന കൊടുത്തപ്പോൾ താൻ വീണ്ടും വർഗീയവാദിയായി. ഞമ്മെൾടെ കൂടെ നിന്നാൽ മതേതരവും അല്ലെങ്കിൽ വർഗീയവുമാകുന്ന പരിപാടിക്ക് തന്നെ കിട്ടില്ലെന്നും പിസി ജോർജ്ജ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

പോസ്റ്റിൻ്റെ പൂർണ രൂപം
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
പോപ്പുലർ ഫ്രണ്ട് വേദികളിലും മുസ്ലിം വേദികളിലും ഞാൻ പ്രസംഗിച്ചപ്പോൾ ഒരു ഹൈന്ദവനും ക്രൈസ്തവനും എന്നെ സുടാപ്പി ആക്കിയില്ല .
റോഡ് വീതി കൂട്ടാൻ അരുവിത്തുറ പള്ളിയുടെ മതിൽ ബലമായി പൊളിച്ചപ്പോൾ പോലും ഒരു അരുവിത്തുറക്കാരനും എന്നെ ഊര് വിലക്കിയില്ല .
ഒരുപാട് ആരാധനാലയങ്ങൾ പണിയാൻ സംഭാവന കൊടുത്തപ്പോൾ ആരും ഒന്നും പറഞ്ഞില്ല .
പക്ഷെ നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്ത ടി ഷർട്ട് ഉയർത്തി കാട്ടിയപ്പോൾ ഞാൻ “ചിലർക്ക് ” വെറുക്കപെട്ടവനായി.
സീത ദേവിയുടെ നഗ്ന ചിത്രം വരച്ച എം എഫ് ഹുസൈന് അവാർഡ് കൊടുത്തപ്പോൾ വിമർശനം ഉന്നയിച്ചപ്പോളും എന്നെ ‘ചിലർ ‘ ആക്രമിച്ചു.
ശബരിമലയിൽ ആചാര സംരക്ഷണത്തിന് മുന്നിൽ നിന്ന് പട നയിച്ചപ്പോൾ എന്നെ ”ചിലർ“ ആർ എസ് എസ് ആയി ചിത്രീകരിച്ചു.
ശബരിമല വിഷയത്തിന്റെ പേരിൽ കെ സുരേന്ദ്രന് പിന്തുണ കൊടുത്തപ്പോൾ എന്നെ ഊര് വിലക്കാൻ ഒരു പ്രദേശത്തെ മഹല്ലുകളിൽ ഫത്വ പുറപ്പെടുവിച്ചു. (എന്നെ ഞാൻ ഒരുപാട് സ്നേഹിച്ച ഒരു സമൂഹം ചിലർ പരത്തിയ തെറ്റിദ്ധാരണയുടെ പുറത്തു ഒരുപാട് കയറി ചൊറിഞ്ഞപ്പോൾ ഞാനും ഒന്ന് മാന്തി. അതിൽ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.)
രാമക്ഷേത്ര നിർമ്മാണത്തിന് പൈസ കൊടുത്തപ്പോൾ വീണ്ടും ഞാൻ ” ചിലർക്ക് ” വർഗ്ഗീയ വാദിയായി .
“ഞമ്മൾടെ” മാത്രം കൂടെ നിന്നാൽ മതേതരം അല്ലെങ്കിൽ വർഗ്ഗീയം.
അതിനു കുട പിടിക്കാൻ വോട്ട് ബാങ്ക് പേടിയുള്ള അഭിനവ ‘മൈ’ക്കുട്ടിമാരെയും ‘കുന്ന’ പ്പള്ളിക്കാരെയും കിട്ടും പൂഞ്ഞാറുകാരൻ പ്ലാത്തോട്ടത്തിൽ ചാക്കോ മകൻ ജോർജിനെ കിട്ടില്ല. –ജോർജ് കുറിച്ചു.

കുറിപ്പ് മണിക്കൂറുകൾക്കുള്ളിൽ ഒട്ടേറെ പേരാണു പങ്കുവച്ചിരിക്കുന്നത്. യുഡിഎഫിൻ്റെ ഔദാര്യം വേണ്ടെന്നും അവർക്കൊപ്പം ചേരില്ലെന്നും കഴിഞ്ഞ ദിവസം പറഞ്ഞ ജോർജ് എൽഡിഎഫുമായി ചർച്ച നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി.

Assembly Elections India: 2021 >>