
സിംഗപ്പൂര്‍: 2019 ലെ പ്രവാസി എക്സ്പ്രസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബീച്ച് റോഡിലെ ഷൈന്‍ ഓഡിറ്റോറിയത്തില്‍ ഇന്നലെ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ അംബാസഡര്‍ ഗോപിനാഥ് പിള്ള, ഡോ: വിപി നായര്‍, എന്നിവരില്‍നിന്ന് ജേതാക്കള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. സിംഗപ്പൂര്‍ പ്രവാസി എക്സ്പ്രസ് ഡയറക്ടര്‍ രാജേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
* “പ്രവാസി എക്സ്പ്രസ് സോഷ്യല്‍ എക്സല്ലന്‍സ്” അവാര്‍ഡ് : സജി ചെറിയാന്‍ എംഎല്‍ എ.
* “പ്രവാസി എക്സ്പ്രസ് ലൈഫ് ടൈം അച്ചീവ്മെന്റ്” അവാര്‍ഡ് : സുഗതകുമാരി ടീച്ചര്‍
മലയാളസാഹിത്യത്തിന് പതിറ്റാണ്ടുകളായി നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് പ്രശസ്ത എഴുത്തുകാരി സുഗതകുമാരി ടീച്ചര്‍ “പ്രവാസി എക്സ്പ്രസ് ലൈഫ് ടൈം അച്ചീവ്മെന്റ്” അവാര്‍ഡിന് അര്‍ഹയായി. ആരോഗ്യപരമായ കാരണങ്ങളാല്‍ സുഗതകുമാരി ടീച്ചര്‍ക്ക് ചടങ്ങില്‍ എത്തിചേരാന്‍ കഴിഞ്ഞില്ല .അതിനാല്‍ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് കൈമാറുമെന്ന് സംഘാടകള്‍ അറിയിച്ചു. സ്തുത്യര്‍ഹമായ സാമൂഹ്യ സേവനങ്ങള്‍ക്ക് ചെങ്ങന്നൂര്‍ എംഎല്‍എ ശ്രീ: സജി ചെറിയാന്‍ “പ്രവാസി എക്സ്പ്രസ് സോഷ്യല്‍ എക്സല്ലന്‍സ്” അവാര്‍ഡ് കരസ്ഥമാക്കി.
മറ്റ് മേഖലകളിലെ അവാര്‍ഡ് ജേതാക്കള്‍ താഴെപ്പറയുന്നവരാണ്. ഡോ: ചിത്ര കൃഷ്ണകുമാര്‍ – ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ എക്സല്ലന്‍സ് അവാര്‍ഡ്. ഡോ: ലിസ്സി ഷാജഹാന്‍ – വനിതാരത്നം അവാര്‍ഡ് , രാഹുല്‍ രാജു – സ്പോര്‍ട്സ് എക്സല്ലന്‍സ് അവാര്‍ഡ്, ജോയ് ആലുക്കാസ് – “ബിസിനസ് എക്സല്ലന്‍സ്” അവാര്‍ഡ്.
ചടങ്ങില്‍ സിംഗപ്പൂര്‍ ചലച്ചിത്ര കൂട്ടായ്മയായ “സിംഗപ്പൂര്‍ കൈരളി ഫിലിം ഫോറം” (SKFF), പ്രശസ്ത സിംഗപ്പൂര്‍ ചലച്ചിത്ര സംവിധായകന്‍ കെ. രാജഗോപാല്‍ ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് കൂട്ടായ്മയുടെ ആദ്യ സംരഭമായ മൈക്രോ ഷോര്‍ട്ട് ഫിലിം ഗ്രാന്‍റ് ഫാദര്‍ -ന്‍റെ സ്ക്രീനിംഗ് നടന്നു. അനീഷ് കുന്നത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയച്ച മുന്‍കാല ചലച്ചിത്ര താരം ജി.പി രവിയെ ചടങ്ങില്‍ ആദരിച്ചു.
തുടര്‍ന്ന് പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ഷഹബാസ് അമന്‍ നയിച്ച ഗസല്‍ സന്ധ്യ, ബഡായിബംഗ്ലാവ് ഫെയിം ആര്യയുടെ നൃത്ത പരിപാടി, ഉല്ലാസ് പന്തളം, ബിനു കമാല്‍ ടീം അവതരിപ്പിച്ച കോമഡി ഷോ, സിംഗപ്പൂരിലെ ഡാന്‍സ് ട്രൂപ്പുകള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ എന്നിവ നടന്നു.
വാര്‍ത്ത : രാജേഷ് കുമാര്‍