
പെർത്: സമുദ്രത്തിന്റെ അടിത്തട്ടിൽ നീന്തുന്ന മത്സ്യങ്ങളുടെ ദൃശ്യങ്ങൾ വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ ചീത്രീകരിച്ചു. ഏറ്റവും ആഴത്തിൽ നീന്തുന്ന സ്നെയിൽ ഫിഷുകളെയാണ് ശാസ്ത്രഞ്ജർ കണ്ടെത്തിയിരിക്കുന്നത്. ജപ്പാനിലെ വടക്കൻ പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നുമാണ് ഇവയുടെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ആഴത്തിൽ നീന്തുന്ന മത്സ്യങ്ങളാണ് ഇവയെന്ന് ശാസ്ത്രഞ്ജർ പറഞ്ഞു. ജപ്പാനിലെ പസഫിക്ക് സമുദ്രത്തിലെ ആഴത്തിലുള്ള കിടങ്ങുകളിൽ രണ്ട് മാസത്തെ പര്യവേഷണം നടത്തിയ ഗവേഷണ കപ്പലാണ് ഈ സ്നെയിൽ മത്സ്യങ്ങളെ ക്യാമറയിൽ പകർത്തിയത്. ജപ്പാൻ, ഇസു-ഒഗസവാര, റ്യൂക്യു എന്നീ കിടങ്ങുകളിൽ പര്യവേക്ഷണം ചെയ്യുകയായിരുന്നു ഗവേഷകർ. ഈ സമയമാണ് അവിശ്വസനീയമായ തരത്തിൽ സമുദ്രത്തിന്റെ അടിത്തട്ടിൽ നീന്തുന്ന മത്സ്യങ്ങളെ കണ്ടെത്തിയത്.
സ്യൂഡോലിപാരിസ് ജനുസ്സിലെ അജ്ഞാതമായ ഈ സ്നെയിൽ ഫിഷുകൾ ജപ്പാന്റെ തെക്ക് ഭാഗത്തുള്ള ഇസു-ഒഗസവാര കിടങ്ങിലെ ജലത്തിന്റെ ഉപരിതലത്തിൽ നിന്ന് 8,336 മീറ്റർ ആഴത്തിലാണ് നീന്തിയിരുന്നത്. 8,022 മീറ്റർ താഴ്ചയിൽ നിന്നും രണ്ട് മത്സ്യങ്ങളെ കൂടി ഗവേഷക സംഘം കണ്ടെത്തി. 8,178 മീറ്റര്‍ ആഴമാണ് ഇതിന് മുമ്പ് രേഖപ്പെടുത്തപ്പെട്ട റെക്കോഡ്. മരിയാന കിടങ്ങിലായിരുന്നു ഈ റെക്കോഡ്. കഴിഞ്ഞ പതിനഞ്ച് വർഷമായി ഏറ്റവും ആഴത്തിൽ നീന്തുന്ന സ്നെയിൽ ഫിഷുകളെപ്പറ്റി തങ്ങൾ ഗവേഷണം നടത്തുകയായിരുന്നുവെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ പറഞ്ഞു.