കര്‍ണ്ണാടകത്തില്‍  മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും  ഏറ്റുമുട്ടുന്നു.

അടുത്തവര്‍ഷം നടക്കാന്‍ പോകുന്ന  പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക്  ബദലാകാന്‍ കോണ്‍ഗ്രസിന്‌ കഴിയുമോ എന്നതാണ് കര്‍ണ്ണാടകത്തിലെ തിരെഞ്ഞെടുപ്പില്‍  ഉയരുന്ന ചോദ്യം. കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഭരണകക്ഷിയായ കോണ്‍ഗ്രസിനും 2019-ല്‍ കോണ്‍ഗ്രസ്മുക്ത ഭാരതത്തിനായി കുതിക്കുന്ന ബിജെപിക്കും അത്രമാത്രം പ്രധാനമാണ് .കര്‍ണ്ണാടകത്തിലെ ജയപരാജയങ്ങള്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം നിയമസഭാ മത്സരങ്ങളിലും പ്രതിഫലിച്ചേക്കാം.  മാത്രമല്ല കര്‍ണ്ണാടകത്തില്‍ യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും  തമ്മിലുള്ള മത്സരമാണ്. അതുകൊണ്ടുതന്നെ ജീവന്മരണ പോരാട്ടമാണ് നടക്കുന്നത്. കണക്കുകളും കരു നീക്കങ്ങളുമായി അങ്കം മുറുകി കഴിഞ്ഞു.

ദക്ഷിണേന്ത്യയില്‍ ആദ്യമായി കാവിയുടുത്ത നാട് ആയിരുന്നു  കര്‍ണ്ണാടക. അത് തിരിച്ചു പിടിക്കാന്‍ മോദി പ്രാഭാവത്തില്‍ കഴിയുമോ എന്ന് ശ്രമിക്കുന്ന ബി.ജെ.പിയും, രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിനു ശേഷമുള്ള ആദ്യ പരീക്ഷയില്‍ തോല്‍ക്കാതിരിക്കാന്‍ പരിശ്രമിക്കുന്ന  കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരടുന്നെങ്കിലും , കര്‍ണ്ണാടകത്തില്‍ മുഖ്യമന്ത്രി  സിദ്ധരാമയ്യയാണ് താരം. പ്രചാരണ വിഷയത്തിൽ മുഖ്യമായും കടന്നു വരുന്നതും  സിദ്ധരാമയ്യ കൊണ്ടുവന്ന വികസനങ്ങളും മുഖ്യമന്ത്രിയുടെ ഭരണ നടപടികളുമാണ്. ഇപ്പോള്‍ കോൺഗ്രസ്സിന്‍റെ  കൈവശം അവശേഷിക്കുന്ന  ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനമാണ് കർണാടക, അതു കഴിഞ്ഞാല്‍ പഞ്ചാബ് മാത്രം. അതുപോലെ ദക്ഷിണേന്ത്യയിൽ ബിജെപിക്ക്   ഭരണം ലഭിച്ചിട്ടുള്ളതും ഭരണം പിടിക്കാന്‍ കഴിയുന്നതുമായ ഏകസംസ്ഥാനമാണ് കര്‍ണ്ണാടക. നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിലൂടെ ഗുജറാത്തില്‍ വിയര്ത്തിട്ടാണെങ്കിലും ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. എന്നാല്‍ ഹിന്ദി ഹൃദയഭൂമിയില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് തുടര്‍ച്ചയായി ഉണ്ടാകുന്ന  പരാജയങ്ങള്‍ക്കുശേഷം വിജയം സുനിശ്ചിതമാക്കിയ ഒരാളായിട്ടല്ല മോദിയെ  കാണപ്പെടുന്നത്. അതിനിടയില്‍   തന്‍റെ  ഗുജറാത്ത് മോഡൽ പരീക്ഷണം കർണാടകയിലും നടത്തുകയാണ് രാഹുൽ ഗാന്ധി. അങ്ങനെ കര്‍ണ്ണാടകം തിരഞ്ഞെടുപ്പ് ചൂടില്‍ തിളച്ചുമറിയുകയാണിപ്പോള്‍.

ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ നിർണായകമായ ഈ തിരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസ് സീറ്റുകളും വോട്ടുവിഹിതവും വര്‍ധിപ്പിച്ച് ഭരണം നിലനിര്‍ത്തുമെന്നാണ് പുറത്തു വന്നിട്ടുള്ള സര്‍വേഫലങ്ങള്‍ പറയുന്നത്. 2013 ലെ തിരഞ്ഞെടുപ്പ് ഫലത്തോട് അടുത്തുനില്‍ക്കുന്ന സര്‍വേഫലമാണ്    സി–ഫോര്‍ പുറത്തുവിട്ടത്.  മാത്രമല്ല ഭരണവിരുദ്ധ വികാരം അവിടെയില്ല എന്നതും കോണ്‍ഗ്രസിന് അനുകൂലമാണ്. വീരേന്ദ്ര പാട്ടീലിനും, രാമകൃഷ്ണ ഹെഗ്‌ഡേക്കും ശേഷം കര്‍ണാടകം കണ്ട ഏറ്റവും ജനകീയനായ നേതാവായി മാറിയിരിക്കുകയാണ് സിദ്ധാരാമയ്യ. എന്നാല്‍ കോണ്‍ഗ്രസിലെ വിമിതശല്യവും കാലുവാരലും അതിജീവിക്കാന്‍ ഈ ജനകീയതക്ക് കഴിയുമോ എന്ന് കണ്ടറിയാം. ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷ പദവി ലഭിക്കുന്നതിനു സിദ്ധാരാമയ്യ സര്‍ക്കാര്‍ നല്‍കിയ പിന്തുണ മൂലം, ലിംഗായത്ത് സമുദായത്തിന്‍റെ  പിന്തുണ ഇത്തവണ  കോണ്‍ഗ്രസിനാണ്. കര്‍ണാടകയില്‍ ആകെയുള്ള 224 സീറ്റുകളില്‍ 123ലും അവരുടെ വോട്ടുകള്‍ നിര്‍ണായകമായാണു കണക്കാക്കുന്നത്. കാവേരി നദീജല തർക്കത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് വന്ന വിധിയില്‍ ലോട്ടറി അടിച്ചതും സിദ്ധാരാമയ്യക്കാണ്.  ബി.ജെ.പിക്ക് എടുത്തു കാട്ടാന്‍ ജനകീയ മുഖമുള്ള ഒരു നേതാവില്ല എന്നതും സത്യം. യെദിയൂരപ്പ ബിജെപിയില്‍ തിരിച്ചെത്തിയതും എസ്.എം. കൃഷ്ണ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് വന്നതുമാണ് ബി.ജെ.പിക്ക് ആശ്വസിക്കാവുന്നത്. പക്ഷെ ദേശീയ തലത്തില്‍ തന്നെ മോദി പ്രഭാവം കുറഞ്ഞതും, ഇന്ധന വില വര്‍ധനവ്‌ മുതല്‍ മതനൂനപക്ഷങ്ങളുടെ ഭീതിയും ദളിത് പീഡനങ്ങളും എല്ലാം ബി.ജെ.പിയെ അലട്ടുന്ന വിഷയങ്ങളാണ്. 

ഇന്ത്യയുടെ സിലിക്കണ്‍വാലിയായ  കര്‍ണാടകത്തിലെ ഇലക്ഷനില്‍ ദേശീയ വിഷയങ്ങല്‍ക്കല്ല പ്രാധാന്യം.അതു പോലെ  ഭരിക്കുന്ന സര്‍ക്കാരുകളുടെ അഴിമതി കഥകളും ഭരണ പരാജയങ്ങളുമല്ല അവിടെ ചര്ച്ചയാവുന്നത്. മറിച്ച് പ്രാദേശിക വികാരങ്ങളും  കാവേരി നദിതര്‍ക്കവും , പിന്ന പതിവുപോലെ ജാതി സമവാക്യങ്ങളും. ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദിയൂരപ്പക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല എന്ന സത്യം ബി.ജെ.പി ദേശീയ നേതിര്‍ത്വം മനസിലാക്കിയതിനാല്‍ ആകാം മോദിയും- അമിത് ഷായും നേരിട്ട് കളത്തില്‍ ഇറങ്ങാന്‍ പോകുന്നത്. കൊണ്ഗ്രെസിനാണെങ്കില്‍ രാഹുല്‍ഗാന്ധിയെയോ ദേശീയ നെതിര്‍ത്വത്തെയോ ആശ്രേയിക്കാതെ തന്നെ കര്‍ണ്ണാടകത്തില്‍ പോരാടാന്‍ സിദ്ധാരാമയ്യയിലൂടെ കഴിയും. 

.വാല്‍ക്കഷണം:   കര്‍ണ്ണാടകത്തില്‍  ബി.ജെ.പിയുടേത് ഇന്ദ്രപ്രസ്ഥത്തില്‍ നിന്നുള്ള ചരടുവലികള്‍ ആണെങ്കില്‍ കോണ്‍ഗ്രസിന്‍റെത് തിണ്ണ ബലത്തിലാണ്. അരവിന്ദ് കേജരിവാളിനെയും നിതീഷ് കുമാറിനെയും പോലെ  മോദിയെ തളയ്ക്കാന്‍ സിദ്ധാരാമയ്യക്ക് കഴിയുമോ, അതോ ഉദ്യാന നഗരിയില്‍ താമര വീണ്ടും വിരിയുമോ എന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.