ഇനി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള മാർക്സിസ്റ്റ്  

സിപിഎം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള (മാര്‍ക്‌സിസ്റ്റ്) അല്ലെന്ന് തൃശൂരിലെ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി യെച്ചൂരി പറഞ്ഞ വാക്കുകള്‍ ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അറംപറ്റുന്നതായി. കാല്‍നൂറ്റാണ്ടായി തുടര്‍ന്ന ഇടതുപക്ഷ ഭരണം തകര്‍ത്തെറിഞ്ഞ് ത്രിപുരയില്‍ ബി.ജെ.പി അട്ടിമറി വിജയം നേടിയപ്പോള്‍ അവിടുത്തെ പ്രതിപക്ഷമായിരുന്ന കോണ്ഗ്രസ്‌ സംപൂജ്യരായി. രാജ്യത്ത് ഇടതുഭരണം നിലനിന്നിരുന്ന  രണ്ട് സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു  ത്രിപുര. മുപ്പതുവര്‍ഷം സിപി.എം ഭരിച്ച ബംഗാളിന് പിന്നാലെ ത്രിപുരയും നഷ്ടപ്പെടുന്നത് സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്.  ത്രിപുരയും  പോയതോടെ കേരളത്തില്‍ മാത്രമാണ് ഇപ്പോള്‍ ചെങ്കൊടി പാറുന്നത്. ഇപ്പോള്‍ ശരിക്കുമൊരു കേരള പാര്‍ട്ടിയായിരിക്കുന്നു സി.പി.എം. അതും  അഞ്ചഞ്ച് വർഷം കൂടുമ്പോൾ ഇടതിനും വലതിനും പാട്ടത്തിനു കിട്ടിക്കൊണ്ടിരിക്കുന്ന കേരളത്തില്‍, ഇപ്പോള്‍ ഭരണത്തില്‍ ഇരിക്കുന്നതു കൊണ്ട് മാത്രം. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ പോരടാനുറച്ച സി.പി.എമ്മാണ് ഇപ്പോള്‍ കേരളത്തില്‍ മാത്രമായി ചുരുങ്ങിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുള്ളിടത്ത് ബി.ജെ.പി വരില്ലെന്നുള്ള ഗീര്‍വാണങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലാതായിരിക്കുന്നു

ത്രിപുരയില്‍ പുറത്തായത് സ്വന്തം പാര്‍ട്ടിയെ തുടര്‍ച്ചയായി അധികാരത്തിലെത്തിച്ചിരുന്ന ജനകീയനും പൊതുസമ്മതനുമായിരുന്ന മണിക്ക് സര്‍ക്കാരാണ്. എന്നാല്‍ ഇപ്പോള്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഈ വിശേഷണങ്ങളൊന്നും ചേരില്ല. എല്ലാം ശരിയാക്കാം എന്ന മുദ്രാവാക്യമുയർത്തി കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ അധികാരത്തില്‍ കയറിയ എൽഡിഎഫ്,  ഇപ്പോള്‍ എല്ലാവരേയും “ശരിയാക്കി” കൊണ്ടിരിക്കുകയാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ ദുരന്തമായി മാറി കൊണ്ടിരിക്കുന്ന   പിണറായി  സര്‍ക്കാരിന്‍റെ  ഭരണത്തിലെ കെടുകാര്യസ്ഥതയും കൊലപാതകങ്ങളും  കണ്ട് ഉമ്മന്‍ ചാണ്ടിയുടെ ഭരണം ഇതിലും “ഭേദമായിരുന്നു” എന്ന് ജനം  പറഞ്ഞുതുടങ്ങി. ഒന്നരവര്‍ഷംകൊണ്ടുതന്നെ പൊതുജനം പിണറായി സര്‍ക്കാരിനെ അത്രമാത്രം വെറുത്തു കഴിഞ്ഞു.

അഴിമതി പറഞ്ഞ് ആര്‍ക്കെതിരെയൊക്കെ പ്രചാരണം നടത്തിയോ അവരെയൊക്കെ കൂടെക്കൂട്ടാന്‍ തയ്യാറാവുകയാണ് ഇപ്പോള്‍ സി.പി.എം. മാണിക്കെതിരെ  ബാര്‍കോഴ ആരോപണത്തിന്‍റെ പേരില്‍ നിയമസഭയിലും പുറത്തും കോപ്രായങ്ങള്‍ കാട്ടികൂട്ടിയ വിപ്ലവ പാര്‍ട്ടിതന്നെയാണ്, ഇപ്പോള്‍ മാണി കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പറയുന്നത്. മാത്രമല്ല മാണിയുടേ കേരള കോണ്‍ഗ്രസുമായി ധാരണയ്ക്കും സഖ്യത്തിനുമൊക്കെ ശ്രമിക്കുകയാണ്. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സോളാര്‍ കേസും ഇപ്പോള്‍ നനഞ്ഞ പടക്കമായി. ഇടതു ഭരണം പതിവുപോലെ കേരളത്തെ ചോരകൊണ്ട് ചുവപ്പിക്കുന്നു. കൊലപാതകരാഷ്ട്രീയത്തിന്‍റെ  കേന്ദ്രമായി കേരളം മാറിയിരിക്കുകയാണ്.   കണ്ണൂരിലെ  മട്ടന്നൂരില്‍ യുവാവിനെ പൈശാചികമായി വെട്ടിക്കൊലപ്പെടുത്തിയത്  കേരള മനഃസാക്ഷിയെ നടുക്കിയ ക്രൂരമായ സംഭവമായിരുന്നു. അതുപോലെ അട്ടപ്പാടിയില്‍ കൊല്ലപെട്ട ആദിവാസി യുവാവ് മധുവിന്‍റെയും. പുതിയ വ്യവസായങ്ങള്‍ തുടങ്ങുകയുമില്ല, തുടങ്ങാന്‍ സമ്മതിക്കുകയുമില്ല. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി സ്വന്തമായി ഒരു വര്‍ക്ക്ഷോപ്പ്‌ തുടങ്ങാന്‍ ആരംഭിച്ചപ്പോള്‍ അവിടെ കോടി കുത്തി തടസ്സപെടുത്തിയപ്പോള്‍, അദേഹത്തിനു ജീവനൊടുക്കേണ്ടി വന്ന സംഭവത്തിൽ പ്രതിഷേധം ഇരമ്പിയതും കണ്ടു. ഇന്ത്യ മുഴുവന്‍ ആദരിക്കുന്ന മെട്രോമാന്‍ ആര്‍.ശ്രീധരനെയും അവസാനം  അപമാനിച്ചു വിട്ടു. തിരുവനന്തപുരത്തും കോഴിക്കോട്ടും തുടങ്ങാന്‍ ഇരുന്ന ലൈറ്റ് മെട്രോ പദ്ധതിയിൽനിന്ന് ഡിഎംആർസി പിന്മാറിയത് സർക്കാരിന്‍റെ അനാസ്ഥമൂലമാണെന്ന് ശ്രീധരൻ വ്യക്തമാക്കുകയും  ചെയ്തു. കരാറുകാര്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കേണ്ടവര്‍ക്കും പണം കൊടുക്കാന്‍ കഴിയാതെവന്ന പ്രതിസന്ധിയില്‍  നിന്ന് സർക്കാരിപ്പോഴും കര കയറിയിട്ടില്ല. നികുതി ഇതര വരുമാനത്തിന്‍റെ സ്ഥിതിയും മറ്റൊന്നല്ല. അങ്ങനെ കേരള ഭരണം എല്ലാ രംഗത്തും പരാജയപെട്ടുകൊണ്ടിരിക്കുംമ്പോള്‍ കേരളത്തില്‍ ബി. ജെ.പി പ്രതിപക്ഷത്തോളം വളര്‍ന്നു കഴിഞ്ഞു. ഇങ്ങനെ പോയാല്‍ വരും വര്‍ഷങ്ങളില്‍ ബംഗാളും ത്രിപുരയും കേരളത്തിലും ആവര്‍ത്തിച്ചുകൂടെന്നില്ല.

 
വാല്ക്കഷണം:    ഇങ്ങനെ  പോയാല്‍  ഇനി കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍  കമ്യൂണിസ്റ്റ് പാർട്ടിയെ , കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കണ്ണൂര്‍ മാര്‍ക്സ്സിറ്റ് എന്ന് പറയേണ്ടി വന്നാലും അതിശയമില്ല. ത്രിപുരയിലെ മണിക്ക് സര്‍ക്കാര്‍ കൈവിട്ടുപോയതിന്‍റ് കുറവ്   കേരളത്തില്‍ മാണിയെ വച്ച് നികത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്  കേരളത്തിലെ സി.പി. എം നേതാക്കള്‍.