പുതുവൽസരാഘോഷം: സിഡ്നിയിൽ ജലവിമാനം തകർന്ന് ആറു മരണം

സിഡ്നി∙ പുതുവൽസരം ആഘോഷിക്കാനെത്തിയ വിനോദ സഞ്ചാരികൾ കയറിയ ജലവിമാനം സിഡ്നിയിലെ നദിയിൽ തകർന്നുവീണ് ആറു മരണം. സിഡ്നിക്ക് 50 കിലോമീറ്റർ വടക്ക് കോവൻ സബേർബിൽ ഹാവ്കെസ്ബറി (Hawkesbury River) നദിയിലാണ് ജലവിമാനം തകർന്നുവീണത്. നദിയിൽ 43 അടി ആഴത്തിൽ വെള്ളമുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. സി‍ഡ്നി സീപ്ലെയിൻസ് എന്ന കമ്പനിയുടേതാണ് വിമാനമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ടൂർ ഓപ്പറേറ്ററാണ് സി‍ഡ്നി സീപ്ലെയിൻസ് കമ്പനി. സിഡ്നിയിലെ പുതുവൽസരാഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങൾ സഞ്ചാരികളെ കാണിക്കാനുള്ള വിമാനമായിരുന്നു ഇത്. അപകടകാരണം വ്യക്തമല്ല. സിഡ്നിയിലെത്തുന്ന പ്രശസ്തരായ വ്യക്തികൾ വിനോദ സഞ്ചാരത്തിനായി സിഡ്നി സീപ്ലെയിൻസ് കമ്പനിയെയാണ് ആശ്രയിക്കുന്നത്.