വിവാദങ്ങളുടെ കൂടെ പോകുന്ന സര്‍ക്കാര്‍

ഏറെ പ്രതീക്ഷയോടെ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെ ഏറിയ പിണറായി സര്ക്കാതര്‍ ജനപക്ഷ നിലപാടുകളില്‍ നിന്നകന്ന് ദിനംപ്രതി വിവാദങ്ങളിലൂടെ ഇഴയുന്നു. എല്ലാം ശരിയാക്കാനെത്തിയ പിണറായി ടീമില്‍ നിന്നും ചുരുങ്ങിയ കാലത്തിനുള്ളില്‍ തെറിച്ചത് മൂന്നു മന്ത്രിമാര്‍.  ഓരോ ആറുമാസത്തിലും ഒരോ മന്ത്രിമാരുടെ രാജി.  ഒരു വശത്ത് ഒന്നും ശരിയാകുന്നില്ലെന്ന്  മാത്രമല്ല , ചാണ്ടിയിലും മൂന്നാറിലും സോളാറിലും ചുവടുകള്‍ പിഴച്ച് ഓഖി ചുഴലികാറ്റില്‍ ആടി ഉലഞ്ഞു നില്ക്കുകയാണ് സര്‍ക്കാര്‍ . തോമസ്‌ ചാണ്ടി വിഷയത്തില്‍ പ്രധിരോധത്തില്‍ ആയതിനാല്‍ വീണു കിട്ടിയ സോളാര്‍ ആയുധം ഉപയോഗിക്കാനും പറ്റിയില്ല. ഒപ്പം നിൽക്കേണ്ട സിപിഐ പോലും തിരിഞ്ഞു കുത്തുന്ന അവസ്ഥയും.

 

പിണറായി  സര്ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജി വെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. ബന്ധു നിയമനം ഇ.പി ജയരാജന്‍റെയും  ഫോൺ കെണി ശശീന്ദ്രന്‍റെയും വിക്കറ്റ് തെറിപ്പിച്ചപ്പോള്‍ ഭൂമിയും  കായലും കൈയേറിതാണ് വ്യവസായ പ്രമുഖനായിരുന്ന തോമസ്‌ ചാണ്ടിയുടെ  രാജിയില്‍ കലാശിച്ചത്,  ഇ.പിയും, ശശീന്ദ്രനും   വിവാദങ്ങളില്‍ അകപ്പെട്ടെങ്കിലും അവര്‍ വളരെ വേഗം  തന്നെ രാജിവച്ച് സര്ക്കാരിന്‍റെ പ്രതിച്ഛായ കാത്തു. എന്നാൽ തോമസ് ചാണ്ടി കസേരയിൽ ഒഴിയാതെ  നിന്നത് മുന്നണിയിൽ പൊട്ടിത്തെറിയോളമെത്തി. അവസാനം  മന്ത്രിസഭായോഗം ബഹിഷ്കരിച്ച സിപിഐയുടെ പതിനെട്ടടവില്‍  ചാണ്ടിക്ക്  രാജിക്ക് വഴങ്ങേണ്ടിവന്നു. പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയിട്ടും പിണറായിക്ക് തോമസ് ചാണ്ടിയെ രക്ഷിക്കാൻ  പറ്റിയില്ല എന്നതാണ് വാസ്തവം. അതുകൊണ്ടാണ് രാജിവച്ചത് തോമസ് ചാണ്ടി ആണെങ്കിലും , നാണംകെട്ടത് പിണറായി വിജയനാണ്. ഇ പി ജയരാജനും ശശീന്ദ്രനും നല്കാത്ത പരിഗണന തോമസ് ചാണ്ടിക്ക് നല്കി. തോമസ് ചാണ്ടി എന്ന ധനാഢ്യനു മുന്നില്‍ സി.പി.എമ്മിന്‍റെ  രാഷ്ട്രീയം തല കുനിച്ചതില്‍ അമ്പരന്നിരിക്കുകയാണ് രാഷ്ട്രീയ കേരളം.അവസാനനിമിഷം വരെ ചാണ്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്ക്   ഏറ്റ പ്രതിച്ഛായ നഷ്ടം നികത്താന്‍ എളുപ്പമല്ല.

 

അഴിമതി വിരുദ്ധ നിലപാടുകൾ മുറുകെ പിടിച്ചാണ്   പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി സര്ക്കാര്‍ അധികാരത്തിൽ കയറിയത്.  ഉമ്മൻചാണ്ടിയുടെ യു.ഡി.എഫ് സർക്കാരിനെ അപേക്ഷിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയത്. എന്നാൽ, അധികാരത്തിൽ എത്തിയതിന് ശേഷം അഴിമതികാര്ക്കും കൈയേറ്റകാര്ക്കും  കുട പിടിക്കുന്ന രീതിയാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. മൂന്നാർ വീണ്ടെടുക്കാനാകാത്തവിധം കൈയേറി കൊണ്ടിരിക്കുകയാണ്. അതിനിടെ നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം  നിയമം ഭേദഗതി ചെയ്യാനുള്ള  നീക്കം സര്‍ക്കാര്‍ നടത്തുന്നു. ഈ നീക്കം പ്രസ്തുത നിയമത്തെ തന്നെ അട്ടിമറിക്കുകയും .കേരളത്തിന്‍റെ നെല്‍വയലുകളേയും തണ്ണീര്‍ത്തടങ്ങളേയും സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്‌. എല്ലാം ശരിയാക്കാമെന്നു പറഞ്ഞവർ എല്ലാ രംഗത്തും പരാജയമായി കൊണ്ടിരിക്കുകയാണ്.

 

ഒന്നരവര്ഷം പിന്നിടുന്ന പിണറായി  സര്ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഓഖി ദുരന്തം. ചുഴലിക്കാറ്റിനെക്കുറിച്ച് സംസ്ഥാന സര്ക്കാരിന് കൃത്യമായ അറിയിപ്പ് കേന്ദ്ര ദുരന്തനിവാരണവകുപ്പും സമുദ്രസാങ്കേതിക വകുപ്പും മുന്കൂട്ടി നല്കി്യിട്ടും സര്ക്കാര്‍ കുറ്റകരമായ അലംഭാവം കാണിച്ചതാണ് ഈ ദുരന്തം ഇത്രെയും വ്യാപിച്ചത്. ഒരു വിധത്തില്‍ പറഞ്ഞാല്‍ സര്ക്കാര്‍ സൃഷ്ടിച്ച ദുരന്തം.  ജനരോഷം ശക്തമാവുകയും വിവിധ കോണുകളില്‍ നിന്നും വിമര്ശനം ഉയരുകയും ചെയ്ത സാഹചര്യത്തില്‍, വന്സുരക്ഷാ സന്നാഹങ്ങള്ക്കിടയിലൂടെ വിഴിഞ്ഞത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരേ മത്സ്യത്തൊഴിലാളികളുടെ രോഷപ്രകടനം കണ്ടു. കടല്‍ത്തീരം സന്ദര്ശിക്കാന്‍ എത്തിയ പല മന്ത്രിമാര്ക്കും   പിന്തിരിഞ്ഞു പോകേണ്ടി വന്നു. ഓഖി ദുരന്തത്തിന്‍റെ   പശ്ചാത്തലത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ സര്ക്കാരിനെ പിടിച്ചുലയ്ക്കുക തന്നെ ചെയ്യും. അടുത്ത വര്ഷം  നടക്കാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെുപ്പില്‍  ഓഖി ചുഴലിക്കാറ്റിന്‍റെ  പ്രതിധ്വനികള്‍ മുഴങ്ങിയേക്കാം.

 

വാല്ക്കഷണം:  സമീപ കാലത്ത് മാധ്യമങ്ങളോട്  മുഖ്യമന്ത്രി നടത്തിയ  ആക്രോശങ്ങളാണ് ‘കടക്ക് പുറത്ത്’, ‘ഹേ മാറി നിക്ക്’.  ചുഴലിക്കാറ്റ്‌ ദുരിതം വിതച്ച വിഴിഞ്ഞത്ത്‌ മത്സ്യത്തൊഴിലാളികളെ സന്ദര്ശിക്കാനെത്തിയ മുഖ്യമന്ത്രിയോട് കടലിന്‍റെ  മക്കള്‍ പറഞ്ഞതും ഇതു തന്നെ. കൊടുത്താല്‍ കൊല്ലത്തും കിട്ടും !